Search

നീതി കടലാസില്‍ മാത്രം, മുപ്പതു ദിവസമായി നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്റെ ആരോഗ്യം അപകടത്തില്‍


റിജേഷ് കുമാര്‍
നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീജിത്ത്. നിരാഹാരസമരത്തിന്റെ ഫലമായി ശ്രീജിത്തിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്നില്ലെങ്കില്‍ ഈ ചെറുപ്പക്കാരന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. 

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്തിന്റെ ആരോഗ്യനില മോശമായി. രണ്ടു ഘട്ടങ്ങളിലായി 900 ദിവസമെത്തിയ സമരത്തില്‍, കഴിഞ്ഞ മുപ്പതു ദിവസമായി നിരാഹാര സമരത്തിലാണ് ശ്രീജിത്ത്.

നാലു വര്‍ഷം മുമ്പാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. സഹോദരന്റെ മരണത്തില്‍ നീതി നേടി ഒരു വര്‍ഷം അധികാരികള്‍ക്കു മുന്നില്‍ അലഞ്ഞ ശേഷമാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. ഒറ്റയാള്‍ സമരം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്.

ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. ശ്രീജിവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ശരീരമാസകലം മാരകമായ ക്ഷതമേറ്റിരുന്നു. പൊലീസ് സ്റ്റേഷനില്‍ വച്ച് ശ്രീജിവ് വിഷം കഴിച്ചതാണെന്ന വാദം പൊള്ളയാണ്. ശ്രീജിവിനെ മര്‍ദ്ദിച്ചത് അന്ന് പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണ്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നു. മരണവുമായി ബന്ധപ്പെട്ട മഹസ്സര്‍ തയ്യാറാക്കിയ സബ് ഇന്‍സ്പക്ടര്‍ ഡി. ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായും പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി.

കേസില്‍ വ്യക്തമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതിനും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനുമായി അന്നത്തെ അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ 3.09.2016 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നും കൈക്കൊണ്ട നടപടി അറിയിക്കണമെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാത്രമല്ല, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നതു സംബന്ധിച്ച ശുപാര്‍ശയും സംസ്ഥാന പൊലീസ് മേധാവി അടിയന്തരമായി സര്‍ക്കാരിനു ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍, പിന്നീട് തുടരന്വേഷണം നടത്തുകയോ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അതിനിടെയാണ് സോഷ്യല്‍ മീഡിയ ശ്രീജിത്തിന്റെ സമരം ഏറ്റെടുക്കുന്നത്. ജനകീയ പ്രക്ഷോഭം ശക്തമായതോടെ സര്‍ക്കാര്‍ കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ചു. എന്നാല്‍, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരാനായിരുന്നു ശ്രീജിത്തിന്റെ തീരുമാനം.


ഇക്കഴിഞ്ഞ 21 ന് ശ്രീജിവിന്റെ കസ്റ്റഡി മരണം നടന്നിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി. നാലു വര്‍ഷത്തിനു ശേഷവും ശ്രീജിത്തിനു നീതി ലഭിച്ചിട്ടില്ല. എന്നുമാത്രമല്ല, സിബിഐ അന്വേഷണവും എങ്ങുമെത്തിയില്ല. ശ്രീജിത്ത് നീതിക്കായി തെരുവില്‍ പട്ടിണികിടക്കുമ്പോള്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നു.

കേസ് അന്വേഷണം സിബിഐക്കു വിട്ടിട്ടും സമരം തുടരുന്നതിന്റെ കാരണവും ശ്രീജിത്ത് വ്യക്തമാക്കുന്നു. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനും കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. പൊലീസും ആശുപത്രി ജീവനക്കാരുമെല്ലാം കേസ് അട്ടിമറിക്കുന്നതില്‍ പങ്കാളികളാണെന്ന് ശ്രീജിത്ത് ആരോപിക്കുന്നു. പൊലീസ് കംപ്ലയിന്റ് അതോറിറ്റി കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും പൊലീസുകാര്‍ക്കെതിരെ
 നടപടി സ്വീകരിക്കാത്തത് നീതി നിഷേധമാണെന്നും ശ്രീജിത്ത് പറയുന്നു.

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീജിത്ത്. നിരാഹാരസമരത്തിന്റെ ഫലമായി ശ്രീജിത്തിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്നില്ലെങ്കില്‍ ഈ ചെറുപ്പക്കാരന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. വൈകി മാത്രം വിവേകം ഉദിക്കുന്നവരാണ് നമ്മള്‍. നീതിക്കായി ജീവിതം തന്നെ സ്വയം സമര്‍പ്പിച്ചു മഴയിലും വെയിലിലും ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കിടക്കുന്ന ശ്രീജിത്തിനെ കണ്ടില്ലെന്നു നടിച്ചാല്‍ ഒരു പക്ഷേ ചരിത്രത്തില്‍ അത് കറുത്ത അധ്യായമായി രേഖപ്പെടുത്തേണ്ടിവരും.

Keywords: Sreejith, Sreejiv Murder Case, Crime, Social Mediavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നീതി കടലാസില്‍ മാത്രം, മുപ്പതു ദിവസമായി നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്റെ ആരോഗ്യം അപകടത്തില്‍