Search

ലെസ്റ്റര്‍ നാടുനീങ്ങിയതില്‍ പിന്നെ

മൗനം വാചാലം

# ജോര്‍ജ്ജ് മാത്യു

ഇന്നലെ ഞാന്‍ വൈഗന്യൂസ് എഡിറ്റര്‍ അജയ് യുമായി സായാഹ്നം പങ്കിടുമ്പോള്‍ യാദൃച്ഛികമായി സംസാരത്തില്‍ ലെസ്റ്റര്‍ ജയിംസ് പിരീസ് കടന്നുവന്നിരുന്നു. പിറ്റേന്നു രാവിലെ പത്രമെടുത്തു നോക്കുമ്പോള്‍ വിഖ്യാത ചലച്ചിത്രകാരന്റെ മരണവാര്‍ത്തയാണ് കാണാനായത്!

ഭാരതീയര്‍ക്ക് സത്യജിത്ത് റേ ആരാണോ അതുതന്നെയാണ് ലെസ്റ്റര്‍ ശ്രീലങ്കന്‍ ജനതയ്ക്ക്. റേ, ഏഷ്യന്‍ ചലച്ചിത്രകാരന്മാരില്‍ രണ്ടുപേരോടു മാത്രമാണ് തുല്യരായും, ആദരവോടെയും പെരുമാറുകയും കരുതുകയും ചെയ്തിട്ടുള്ളത്. ഓരാള്‍ വിഖ്യാത ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിരാ കുറസോവയും പിന്നെ ലെസ്റ്റര്‍ പിരീസും.


ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാം എഡിഷനിലെ റിട്രോസ്‌പെക്ടീവില്‍ ലെസ്റ്റര്‍ പിരീസ് ചിത്രങ്ങളുണ്ടായിരുന്നു. എട്ടു ദിവസം ആ ചെറിയ മേളയ്ക്കായി അദ്ദേഹം പത്‌നി സുമിത്ര പിരീസും മറ്റൊരു അഞ്ചംഗ ഡെലിഗേഷനുമായി തിരുവനന്തപുരത്ത് എത്തിയിരുന്നു. ആ മേളയ്ക്കായി അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ റിക്കാവ (Rekawa  1957) ഉള്‍പ്പെടെ ആറ് ചിത്രങ്ങളും പത്‌നി സുമിത്രയുടെ രണ്ട് ചിത്രങ്ങളും ഉള്‍പ്പെടെ എട്ട് ചിത്രങ്ങളുടെ പ്രിന്റുകള്‍ ശ്രീലങ്കന്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെലവില്‍ ബോംബെയിലെ എന്‍എഫ്ഡിസി ലാബില്‍ പുതുതായി പ്രിന്റ് ചെയ്ത് തരികയായിരുന്നു.

ലെസ്റ്റര്‍ ജയിംസ് പിരീസ് ചെറുപ്പകാലത്ത്

ലെസ്റ്റര്‍ നഗരത്തിലുണ്ടായിരുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സായാഹ്നസുഹൃത്ത് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും. (ഇത്രയും മഹാനായ ചലച്ചിത്രകാരന് ചലച്ചിത്ര നല്‍കിയ അംബാസഡര്‍ കാര്‍ കണ്ട് ക്ഷുഭിതനായ അടൂര്‍ ഉടന്‍ ഒരു എ.സി കാര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത് ഇപ്പോഴും ഓര്‍ക്കുന്നു). 1952 ല്‍ തുടങ്ങിയ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇഴഞ്ഞും മുടന്തിയും നാലാം എഡിഷനില്‍ എത്തുന്നത് 1965 ലാണ്, മത്സരവിഭാഗത്തോടുകൂടി. ലെസ്റ്ററിന്റെ ഹംബരേലിയ (Changing Village) ആണ് ആദ്യത്തെ സുവര്‍ണ്ണമയൂരം നേടിയചിത്രം.

പഥേര്‍ പാഞ്ചാലിക്ക് (1955) രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ലെസ്റ്ററിന്റെ ആദ്യ കഥാചിത്രമായ റെക്കാവ ആയിരുന്നു തമിഴ് - ഹിന്ദി സിനിമകളുടെ പകര്‍പ്പ് സിനിമകളില്‍ നിന്നു സിംഹള തനിമയിലേക്ക് പറിച്ചുനടപ്പെട്ട ആദ്യ ശ്രീലങ്കന്‍ സിനിമ. അതാകട്ടെ ആ വര്‍ഷത്തെ കാന്‍ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ എത്തിച്ചേരുകയും ചെയ്തു. ലെസ്റ്റര്‍ സിംഹള സിനിമയുടെ പിതാവും പില്ക്കാലത്ത് ഭീഷ്മാചാര്യനുമായി മാറുകയായിരുന്നു. ഇന്നലെ മരിക്കുമ്പോള്‍ പ്രായം 99.

1999 ലെ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ റിട്രോസ്‌പെക്ടീവ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അധികാരികളുടെ കണ്ണുതുറപ്പിച്ചു. 1965 ആദ്യത്തെ സുവര്‍ണ്ണമയൂരം നേടിയ ലെസ്റ്ററിന് 2000 ജനുവരിയില്‍ (Life Time Achivement Award) പത്തുലക്ഷം രൂപയും ഫലകവും ഷാളും നല്‍കി ആദരിച്ചു.

1999 നവംബര്‍ ഒന്നാം തീയതി, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 1999 കഴിഞ്ഞ് മടങ്ങിപ്പോകവേ അദ്ദേഹത്തോടൊപ്പം വിവിഐപി ലോഞ്ച് വഴി സെക്യൂരിറ്റി ചെക് പോയിന്റ് വരെ അനുഗമിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഏതാനും ചുവടുകള്‍ക്ക് പിന്നില്‍ ഞാന്‍ വിഷണ്ണനായി നിന്നു. ലെസ്റ്റര്‍ സെക്യൂരിറ്റി ചെക്കിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ തിരിഞ്ഞുനോക്കി കൈവീശി. പിന്നെ മടങ്ങിവന്ന് എന്നെ ആശ്ലേഷിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തു. എണ്‍പതുകളുടെ പടവുകള്‍ കയറിക്കഴിഞ്ഞ അദ്ദേഹത്തെ ഇനിയൊരിക്കലും കാണുകയില്ല എന്ന് മനസ്സ് വേവലാതിപ്പെട്ടു.

അത്ഭുതമെന്ന് പറയട്ടെ രണ്ടു മാസങ്ങള്‍ക്ക് ശേഷം 2000 ജനുവരി പത്താം തീയതി സിരിഫോര്‍ട്ട് ഫെസ്റ്റിവല്‍ കാമ്പസില്‍ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടി. സിരിഫോര്‍ട്ടിലെ വന്‍തിരക്കിനിടയില്‍ എന്നെ ഓര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമപ്പെട്ടു. പത്‌നി സുമിത്രയാണ് സഹായത്തിനെത്തിയത്. തിരുവനന്തപുരത്ത് ചെലവിട്ട എട്ടു ദിവസങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തതുപോലെ വീണ്ടും എന്നെ ആശ്ലേഷിച്ചു. ഇക്കുറി സ്‌നേഹം മാത്രമല്ല മറ്റെന്തൊക്കെയോകൂടി അദ്ദേഹത്തിന്റെ കമ്പിളിക്കോട്ടില്‍ നിന്ന് എന്നിലേക്ക് കടന്നതുപോലെ!

ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സിനിമാ ബഹുമതി സ്വീകരിക്കാനായി എത്തിയതായിരുന്നു ലെസ്റ്റര്‍ അന്ന്. അദ്ദേഹത്തിന്റെ എക്‌സിസ്റ്റന്‍സ് വിളമ്പരപ്പെടുത്തുക എന്നത് എന്റെ നിയോഗമായിരുന്നിരിക്കാം. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്ന ചലച്ചിത്ര അതിനുള്ള നിമിത്തവും!
____________________________________________________________________________________________________________

മൗനം വാചാലംKeywords: Sri Lankan film maker, national icon, Lester James Peiris,   Sinhala cinema, Colombo, Satyajit Ray, Rekava, Line of Destiny, pathbreaking, portrayal, Ceylon, Indian films,  Asoka Handagama, Doestoevsky, Cannes film festival, Gamperaliya, The Changing Villag, Wekanda Walauwa, Mansion by the Lake, Anton Chekhov, The Cherry Orchard,  Academy Awardsvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ലെസ്റ്റര്‍ നാടുനീങ്ങിയതില്‍ പിന്നെ