ന്യൂഡല്‍ഹി: നന്നായി കളിച്ചിട്ടും ബാംഗഌര് റോയല്‍ ചലഞ്ചേഴ്സിനോട് അടിയറവ് പറഞ്ഞ് ഡല്‍ഹി പുറത്തേയ്ക്ക്. ഡല്‍ഹി ഉയര്‍ത്തിയ 182 റണ്‍സ് ലക്ഷ്...
ന്യൂഡല്‍ഹി: നന്നായി കളിച്ചിട്ടും ബാംഗഌര് റോയല്‍ ചലഞ്ചേഴ്സിനോട് അടിയറവ് പറഞ്ഞ് ഡല്‍ഹി പുറത്തേയ്ക്ക്. ഡല്‍ഹി ഉയര്‍ത്തിയ 182 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ മറികടന്ന് ബാംഗ്ലൂര്‍ പ്ളേ ഓഫ് സാദ്ധ്യത വിദൂരമായി നിലനിറുത്തി.
ഗംഭീര ഫോം തുടരുന്ന റിഷഭ് പന്തിന്റെ ബാറ്റിംഗ് മികവില്‍ ഡല്‍ഹി മികച്ച സ്കോര്‍ ഉയര്‍ത്തിയെങ്കിലും രക്ഷയുണ്ടായില്ല. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ പ്രൃഥ്വി ഷായെയും (2), ജാസന്‍ റോയിയെയും (12) പെട്ടെന്ന് നഷ്ടമായെങ്കിലും 34 പന്തില്‍ നിന്ന് അഞ്ചു ഫോറും നാലു സിക്സും ഉള്‍പ്പെടെ 61 റണ്‍സ് അടിച്ചു കൂട്ടിയ പന്ത് ഒരിക്കല്‍ക്കൂടി മികച്ച സ്കോര്‍ സമ്മാനിക്കുകയായിരുന്നു.
പിന്നാലെ, 19 പന്തില്‍ മൂന്നു ഫോറും നാലു സിക്സും ഉള്‍പ്പെടെ പുറത്താകാതെ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയും നായകന് ശ്രേയസ് അയ്യരും (32) ഡല്‍ഹിയെ മാന്യമായ നിലയിലെത്തിക്കാന്‍ യത്നിച്ചു. യൂസ്വേന്ദ്ര ചഹാല്‍ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഡല്‍ഹിക്കായി ട്രന്റ് ബോള്‍ട്ട് രണ്ടു വിക്കറ്റ് നേടി.
മറുപടിക്കിറങ്ങിയ ബാംഗഌര് വലിയ വെല്ലുവിളിയൊന്നും നേരിടാതെ ജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഐപിഎലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമായിരുന്നു ഇത്.
വിരാട് കോലി (40 പന്തില്‍ 70), എ.ബി.ഡിവില്ല്യേഴ്സ് (37 പന്തില്‍ പുറത്താകാതെ 72) എന്നിവരുടെ മികവിലാണ് ബാംഗഌരിന്റെ ജയം. തുടക്കത്തില്‍ 18/2 എന്ന നിലയില്‍ തകര്‍ന്ന ബാംഗളൂരിനെ മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കോലിയും ഡിവില്ല്യേഴ്സും വിജയതീരത്തെത്തിക്കുകയായിരുന്നു.
COMMENTS