Search

പ്രതിപക്ഷ ഐക്യത്തിന് ബിജെപി തന്നെ കാരണമായി, ബംഗളൂരുവില്‍ ഇന്നു കണ്ട കാഴ്ചകള്‍ പുതിയ ദേശീയ ബദലിന്റെ മുന്നൊരുക്കം


ജാവേദ് റഹ്മാന്‍

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച് അടിപതറി വീണ ബിജെപി നേതൃത്വം ഫലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്കു കൂടിയാണ് കാരണമായിരിക്കുന്നത്. ഇന്നു ബംഗളൂരുവില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയെക്കാള്‍ ദേശീയതലത്തില്‍ ശ്രദ്ധേയമായി മാറിയത് പ്രതിപക്ഷ കക്ഷികളുടെ ഏകീകരണമാണ്.

ഈ കൂട്ടായ്മയ്ക്കു നിമിത്തമായി മാറിയത് ബിജെപി കേന്ദ്ര നേതൃത്വം വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കാന്‍ നോക്കിയ നീക്കമാണ്. ഇതോടെയാണ് ശത്രുത മറന്ന് പലരും ഒന്നിച്ചത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വലിയ വെല്ലുവിളിയായി മാറും ഈ ഏകീകരണം.

പതിറ്റാണ്ടുകളായി ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുക്കളാണ് ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും. ഇന്നു സത്യപ്രതിജ്ഞാ വേദിയില്‍ ബിഎസ്പി അദ്ധ്യക്ഷ മായാവതിയും എസ് പി പ്രസിഡന്റ് അഖിലേഷ് യാദവും ചിരിച്ചു കൈകൊടുത്തത്. ഈ ചിരിക്ക് വലിയ അര്‍ത്ഥങ്ങളുണ്ട്. ബിജെപിയെ മുഖ്യശത്രുവായി കണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും കൈകോര്‍ക്കാനുള്ള വലിയ സാദ്ധ്യതയാണ് ഈ ചിരിക്കു പിന്നില്‍. ഈ കൂട്ടായ്മയ്ക്കു കോണ്‍ഗ്രസിന്റെ കൂടി പിന്തുണ കിട്ടിയാല്‍ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ യുപിയില്‍ നേട്ടമുണ്ടാക്കാനാവില്ല. യുപിയില്‍ ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയിരുന്നു.മായാവതിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും കെട്ടിപ്പിടിച്ചു ചിരിച്ചപ്പോഴും എസ് പി-ബിഎസ്പി ഐക്യം സാദ്ധ്യമായില്ലെങ്കിലും ബിഎസ്പി-കോണ്‍ഗ്രസ് ഐക്യമുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ഒരര്‍ത്ഥമുണ്ട്. അതുപോലെ എസ്പിയും കോണ്‍ഗ്രസും നേരത്തേ തന്നെ ചങ്ങാത്തത്തിലുമാണ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കൈകൊടുത്തു ചിരിച്ചതും മറ്റൊരു സൂചനയാണ്. ബംഗാളില്‍ തൃണമൂലും സിപിഎമ്മും കൈകോര്‍ത്തു മത്സരിക്കാന്‍ പോകുന്നില്ല. പക്ഷേ, ദേശീയ തലത്തില്‍ ഒരു ബദലിനായി ഇരു കക്ഷികളും ഒരുമിക്കുമെന്ന് ഈ കൈകൊടുക്കലിന് അര്‍ത്ഥമുണ്ട്.

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിദ്ധ്യവും പ്രധാനമാണ്. അടുത്ത കാലം വരെ ബിജെപി നയിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി. ഇപ്പോള്‍ നായിഡു മറുവശത്ത് എത്തുമ്പോള്‍ ആന്ധ്രയില്‍ ബിജെപിക്കു ചാരിനില്‍ക്കാന്‍ ഒരു തൂണില്ലാത്ത സ്ഥിതിയാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സിപിഐ നേതാവ് ഡി.രാജ, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരുടെയെല്ലാം സാന്നിദ്ധ്യം ദേശീയ തലത്തില്‍ വലിയൊരു ബദല്‍ മുന്നണി വരാന്‍ പോകുന്നുവെന്നതിന്റെ വിളംബരം തന്നെയാണ്.തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനും ഈ കൂട്ടായ്മയ്‌ക്കൊപ്പം ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, തൂത്തുക്കൂടി വെടിയ്പിനെ തുടര്‍ന്ന് സ്റ്റാലിന്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. കോണ്‍ഗ്രസുമായുള്ള വൈരമാണ് റാവു ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണം. എന്നാല്‍, ഇന്നലെത്തന്നെ ബംഗളൂരുവിലെത്തി കുമാരസ്വാമിക്ക് ആശംസ അറിയിക്കാന്‍ റാവു മറന്നില്ല.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പ്രതിപക്ഷ ഐക്യത്തിന് ബിജെപി തന്നെ കാരണമായി, ബംഗളൂരുവില്‍ ഇന്നു കണ്ട കാഴ്ചകള്‍ പുതിയ ദേശീയ ബദലിന്റെ മുന്നൊരുക്കം