Search

നിപ വന്ന വഴി കണ്ടെത്താനാകാതെ ഭോപാല്‍ ലാബ്, പരിശോധനയ്ക്ക് അയച്ച വവ്വാലിന്റേതടക്കം 21 സാമ്പിളുകളിലും വൈറസ് ഇല്ല






സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തെ വിറപ്പിക്കുന്ന നിപ വൈറസ് ബാധയ്ക്കു പിന്നില്‍ വവ്വാലുകളല്ലെന്ന് ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ പരിശോധനാ ഫലം പറയുന്നു.

നിപ ബാധ ആദ്യമുണ്ടായ ചങ്ങോരത്തെ സാബിത്തിന്റെ പറമ്പിലെ കിണറ്റില്‍ നിന്നു പിടിച്ചു പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ നിപ വൈറസില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി.പി. സിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പ്രദേശത്തെ പന്നി ഉള്‍പ്പെടെ മൃഗങ്ങളുടേതടക്കം പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവായി. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധിക്കും. ഇതു കൂടി കഴിയുന്നതോടെ കൃത്യമായ ധാരണയിലെത്താനാവുമെന്ന് അധികൃതര്‍ പറയുന്നു.

മൃഗസംരക്ഷണ വകുപ്പ് മൊത്തം 21 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവിടത്തെ മൂന്നു സാമ്പികളുകള്‍ വവ്വാലില്‍ നിന്നുമാത്രം എടുത്തിരുന്നു. വവ്വാലിന്റെ മൂന്നു സാംപിള്‍, പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്. സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്നു കിട്ടിയത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന ഇനം  വവ്വാലുകളാണ്.

ഭൂമിയില്‍ ഈ രോഗം പടര്‍ന്ന ഇടങ്ങളിലെല്ലാം വവ്വാലായിരുന്നു വൈറസ് വാഹകര്‍. ഇവിടെ പക്ഷേ, ഇപ്പോഴും രോഗകാരിയായതു വവ്വാലാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല.

പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാളെ ശാസ്ത്രജ്ഞര്‍ എത്തുന്നുണ്ട്. അവരുടെ പഠനഫലവും സംസ്ഥാന ആരോഗ്യ വകുപ്പ് ആകാംക്ഷയോടെ കാത്തിരിക്കുകായണ്.

നിപ ബാധിച്ച ആദ്യ വ്യക്തിയായ സാബിത്ത് വിദേശത്തു പോയിരുന്നു. ആ വഴിയില്‍ രോഗബാധയുണ്ടായതാണോ എന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യവും വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നിപ വന്ന വഴി കണ്ടെത്താനാകാതെ ഭോപാല്‍ ലാബ്, പരിശോധനയ്ക്ക് അയച്ച വവ്വാലിന്റേതടക്കം 21 സാമ്പിളുകളിലും വൈറസ് ഇല്ല