Search

ജസ്‌നയെ സ്വന്തം സഹോദരിയായി കാണൂ, അവളെ കണ്ടെത്താന്‍ സഹായിക്കൂ, തളര്‍ത്തുന്ന വാക്കുകള്‍ അരുതേ... നിസ്സഹായനായ സഹോദരന്റെ നെഞ്ചു പൊള്ളിക്കുന്ന വാക്കുകള്‍44 ദിവസം മുന്‍പ് എരുമേലിയില്‍ മുക്കൂട്ടുതറയില്‍ നിന്നു കാണാതായ  ജെസ്‌ന ജെയിംസിനെ സ്വന്തം പെങ്ങളായി കണ്ട് കണ്ടെത്താന്‍ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സഹോദരനും സഹോദരിയും.

ജസ്‌ന എവിടേക്കു പോയെന്നോ എന്തു സംഭവിച്ചെന്നോ ഒരു വിവരവും പൊലീസിനില്ല. അമ്മ മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേര്‍പാടു കൂടി താങ്ങാന്‍ കഴിയില്ലെന്നും ഇരുവരും വേദനയോടെ പറയുന്നു. ജെസ്‌നയെയും  കുടംബത്തെയും പറ്റി മോശമായി പറയുന്നവര്‍ സത്യാവസ്ഥ മനസ്സിലാക്കണമെന്നും സഹോദരന്‍ ജെയ്‌സ് പറയുന്നു.

''നാല്‍പ്പത്തിനാലു ദിവസമായിട്ടും ജെസ്‌നയുടെ കാര്യത്തില്‍ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്‌നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസില്‍ പോയി. ശേഷം ഞാന്‍ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. തന്റെ ബികോം റിസല്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജെസ്‌ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോള്‍ അവള്‍ക്കൊരിക്കലും പ്ലാന്‍ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവള്‍ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താന്‍ കോളജില്‍ പോയി 9.15 ഒക്കെ ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയല്‍വക്കത്തെ പിള്ളേരോടും പഠിക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയില്‍ നിന്നു കയറിയ ഒരു ബസ്സില്‍ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയില്‍ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു വിവരവും ഇല്ല. അവള്‍ എവിടെയെങ്കിലും ട്രാപ്പിലായതാവാമെന്നാണ് സൂചന. ജസ്‌നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണം. അവള്‍ക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കില്‍ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ പറ്റാത്തതായിരിക്കും. ഞങ്ങളുെട അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ അതു പൊലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. കാണാതായ ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്‌നയെ കാണാതായതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്‌സാപ്പില്‍ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാല്‍ അത് അവളുടെ ഭാവി തകര്‍ക്കുമെന്നു കരുതി ഞാനാണ് വേണ്ടെന്നു പറഞ്ഞത്.

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല. അവള്‍ കൂടി പോയി കഴിഞ്ഞാല്‍ പിന്നെ താങ്ങാന്‍ സാധിക്കില്ല. സ്വന്തം പെങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണ്. നാളെ അവള്‍ക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കൂടെ നില്‍ക്കുന്നതാണ്.

മമ്മി മരിച്ച വിഷമത്തില്‍ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്‌നയുടെ തിരോധാനവും. ജെസ്‌നയെ നിങ്ങളുടെ പെങ്ങള്‍ കൂടിയായി കണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അവള്‍ക്കൊരു റിലേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്. കാരണം അവള്‍ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളര്‍ത്തുന്ന ആരോപണങ്ങള്‍ ദയവുചെയ്ത് ഉണ്ടാക്കരുത്.''

Keywords: Jasna James, Erumeli, Missing Case, Hepl to find Jasna
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജസ്‌നയെ സ്വന്തം സഹോദരിയായി കാണൂ, അവളെ കണ്ടെത്താന്‍ സഹായിക്കൂ, തളര്‍ത്തുന്ന വാക്കുകള്‍ അരുതേ... നിസ്സഹായനായ സഹോദരന്റെ നെഞ്ചു പൊള്ളിക്കുന്ന വാക്കുകള്‍