Search

പ്രകൃതിയുടെ തമാശകള്‍!


ജോര്‍ജ് മാത്യു

പ്രകൃതിയുടെ രീതികള്‍ വിചിത്രമാണെന്നോ മറ്റോ ഒരു ചൊല്ലുണ്ടല്ലോ. എല്ലാം നിയതമായും കൃത്യമായും സംഭവിച്ചുകൊണ്ടിരുന്നാല്‍ അത് പരമബോറായ അവസ്ഥയായിരിക്കും!

ആസ്‌ട്രേലിയക്കാരനായ ഡേവിഡ് ഗുഡാള്‍ എന്ന 104 കാരന്‍ മരണത്തെക്കുറിച്ചുള്ള മാനവരാശിയുടെ എല്ലാ സങ്കല്പങ്ങളെയും കീഴ്‌മേല്‍ മറിച്ചാണ്, വെറുതെ, ഒന്നു മരിക്കാനായി മാത്രം സ്വിറ്റ്‌സര്‍ലണ്ടിലേക്ക് കുടിയേറിയത്. ഡേവിഡ് ഗുഡാള്‍ ഇനി ഒരു 'റഫറന്‍സ്' കഥാപാത്രമായി ചരിത്രത്താളുകളില്‍ ഉണ്ടാവും എന്നതാണ് എന്റെ ഉറച്ച വിശ്വാസം!


അടുത്തിടെ ആസ്‌ട്രേലിയയില്‍ നിന്നു തന്നെ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ഇക്കുറി നടുക്കമുണ്ടാക്കിയില്ല എന്നു മാത്രമല്ല വളരെ ആലോചനാമൃതവുമാണ് ഈ സ്വച്ഛമായ വാര്‍ത്ത. ജയിംസ് ഹാരിസണ്‍ (James Harrison- 81) ആണ് നമ്മുടെ കഥാപുരുഷന്‍. 14 -ാം വയസ്സില്‍ ജയിംസിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ധാരാളം രക്തം കടംവാങ്ങേണ്ടി വന്ന ഒരു ശസ്ത്രക്രിയ. പ്രായപൂര്‍ത്തിയായപ്പോള്‍ തോന്നിത്തുടങ്ങി, താന്‍ മറുപടിയായി എന്തെങ്കിലും ചെയ്യണം.

അങ്ങനെയാണ് സൂചികളെ ഭയക്കുന്ന ജയിംസ് സ്വന്തം രക്തം ദാനം ചെയ്യാന്‍ തീരുമാനിക്കുന്നത്. പിന്നീടങ്ങോട്ട് അത്ഭുതങ്ങളായിരുന്നു. തന്റെ രക്തത്തില്‍ അപൂര്‍വമായ ഒരു രാസഘടകം അടങ്ങിയിട്ടുണ്ടെന്നും അത് ശിശുക്കള്‍ക്ക് വരാവുന്ന ചില അസുഖങ്ങള്‍ക്കുള്ള 'കൈകൊണ്ട ഔഷധം' ആണെന്നുമാണ് കണ്ടെത്തിയത്.ആസ്‌ട്രേലിയന്‍ റെഡ്‌ക്രോസ് ബ്ലഡ് സര്‍വീസ് ഇതിനോടകം ഇരുപത് ലക്ഷത്തിലേറെ ശിശുക്കളെ ജയിംസിന്റെ ഈ അത്യപൂര്‍വ്വ രക്തദാനപ്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരിക്കുന്നു എന്നാണ് വാര്‍ത്ത.

അറുപതില്‍പ്പരം വര്‍ഷമായി, നാളിതുവരെ, സ്വന്തം ശരീരത്തിലേക്ക് കടത്തുന്ന സൂചികളെ കാണുവാന്‍ ഭയക്കുന്ന ജയിംസ്, രക്തദാനം തുടരുന്നു.

എന്നാല്‍ ഇപ്പോള്‍ റെഡ്‌ക്രോസ് മേധാവികള്‍ തീരുമാനിച്ചിരിക്കുന്നു ഇനി ഈ 81 കാരനായ വൃദ്ധനെ ദുരുപയോഗം ചെയ്യരുത്. ജയിംസിന് സ്വന്തം രാജ്യം തന്നെ 'നമോവാകം' ചൊല്ലി കഴിഞ്ഞ വെള്ളിയാഴ്ച. സ്വന്തം ശരീരവും ബഹുമാനിക്കപ്പെടണമല്ലോ!

കലാശക്കൊട്ട് റെഡ്‌ക്രോസ് അധികാരികള്‍ ഗംഭീരമാക്കി. മുഴുവന്‍ എപ്പിസോഡും വീഡിയോയില്‍ പകര്‍ത്തി. അദ്ദേഹമിരുന്ന കസേരയ്ക്കു മുന്നില്‍ വിവിധ വര്‍ണ്ണത്തിലുള്ള 4 ബലൂണുകള്‍ പാറിക്കളിച്ചു. 1173 എന്ന അക്കങ്ങള്‍ എഴുതിയ ബലൂണുകള്‍. അത്രയും തവണയാണ് ജയിംസ് റെഡ്‌ക്രോസിനുവേണ്ടി രക്തം ദാനം നല്‍കിയത്.

ജയിംസിന്റെ വിടവാങ്ങല്‍ സന്ദേശമിങ്ങനെ: മാനവരാശിയുടെ എണ്ണം വര്‍ദ്ധിപ്പിച്ചതില്‍ എന്നോട് ക്ഷമിക്കുക.

അടിക്കുറിപ്പ്:

ഇനി ജയിംസിന്റെ രക്തം ലഭ്യമല്ലാതെ വരുന്നതിനാല്‍ ജയിംസ് ഇന്‍ ജാര്‍ (James in Jar) എന്ന പേരില്‍ കൃത്രിമമായി ഈ രക്തം ലബോറട്ടറിയില്‍ നിര്‍മ്മിക്കുവാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.

ലേഖകന്റെ ഫോണ്‍: 9847921294
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രകൃതിയുടെ തമാശകള്‍!