ജാവേദ് റഹ്മാന് ബംഗളൂരു: ഭൂരിപക്ഷം തെളിയിക്കാനായി എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും കര്‍ണാടകത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബിഎ...
ജാവേദ് റഹ്മാന്
ബംഗളൂരു: ഭൂരിപക്ഷം തെളിയിക്കാനായി എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും കര്‍ണാടകത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബിഎസ് യെദിയൂരപ്പയെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചു. കുതിരക്കച്ചവടത്തിന് ആവശ്യം പോലെ സമയം നല്‍കിക്കൊണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.കിട്ടിയ അവസരം മുതലെടുത്ത് യെദിയൂരപ്പ നാളെത്തന്നെ ചുമതലയേല്‍ക്കുകയാണ്. രാവിലെ 9.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന ന്യായം പറഞ്ഞാണ് യെദിയൂരപ്പയെ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നു വന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ അനുസരിക്കുക മാത്രമായിരുന്നുവെന്നാണ് വിവരം.
ഇപ്പോള്‍ അധികാരത്തിലേല്ക്കുകയും കിട്ടുന്ന പതിനഞ്ചു ദിവസം കൊണ്ട് കോണ്‍ഗ്രസിലോ ജനതാദളിലോ പിളര്‍പ്പുണ്ടാക്കി ഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. തങ്ങള്‍ക്കു ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങള്‍ പലതും പിടിച്ചടക്കിയ തന്ത്രം തന്നെയാണ് ഇവിടെയും ബിജെപി പയറ്റുന്നത്.
അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തഗിയുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിന്നു. എജിയില്‍ നിന്നു കിട്ടിയ നിയമോപദേശം കൂടി പരിഗണിച്ചാണ് യെദിയൂരപ്പയെ ക്ഷണിച്ചതെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.
ബിജെപിയുടെ പണക്കൊഴുപ്പ് ഭയന്ന് സ്വന്തം എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ചു ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അവരെ നേരിട്ട് റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്. എംഎല്‍എമാരെയോ അവരുടെ ബന്ധുക്കളെയോ ഒരുവിധത്തിലും ചാക്കിടാനാവാത്ത വിധത്തിലാണ് കോണ്‍ഗ്രസും ജനതാദളും തന്ത്രം മെനയുന്നത്. പക്ഷേ, സംസ്ഥാന ഭരണം യെദിയൂരപ്പയുടെ കൈയിലായാല് പൊലീസിനെ കൂടി ഉപയോഗിച്ച് തന്ത്രങ്ങള്‍ മെനയാന്‍ ബിജെപിക്കു കഴിയും.
ഏതുവിധത്തിലും അധികാരം പിടിക്കുമെന്ന വാശിയിലാണ് ബിജെപി. അതിനായി അവര്‍ സര്‍വ അടവുകളും പയറ്റുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ 74 എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്ഭവനിലെത്തിച്ചത്. ബിഡദിയിലെ ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടത്തിനു ബെല്ലാരിയിലെ ഖനി രാജാക്കന്മാരാണ് നേരിട്ടിറങ്ങിയിരിക്കുന്നത്.
ഓരോ എംഎല്‍എക്കും ബിജെപി നൂറ് കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം എംഎല്‍എമാരെ നേരിട്ട് സഭയിലെത്തിക്കും. അതുവരെ അവര്‍ റിസോര്‍ട്ടില്‍ തടവിലായിരിക്കും.
ജെഡിഎസിനുള്ള പിന്തുണ കത്തില്‍ ഒരു സ്വതന്ത്ര എംഎല്‍എയും ഒപ്പുവച്ചിട്ടുണ്ട്. വൈകിട്ടോടെ, കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറുകയും ചെയ്തു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം കോണ്‍ഗ്രസ് - ജഡിഎസ് സഖ്യത്തിനുണ്ടെന്ന് ഗവര്‍ണറെ കണ്ടതിനു ശേഷം ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ തീരുമാനമുണ്ടാവൂ എന്നു ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും ഗവര്‍ണറില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം അനീതി കാട്ടില്ലെന്ന് ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ആ വശ്വാസമെല്ലാം പക്ഷേ, മണിക്കൂറുകള്‍ക്കകം ജലരേഖയായി മാറുകയായിരുന്നു.
COMMENTS