Search

ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ പരിഗണിക്കാനിരിക്കെ ഭരണഘടനാ ബെഞ്ചിനു വിട്ടു, പരമോന്നത നീതിപീഠം വീണ്ടും വാര്‍ത്തയില്‍, ഭരണഘടനാ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകരില്ലന്യൂഡല്‍ഹി: ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ കൊണ്ടുവന്ന പ്രമേയം രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ടു. ആരാണ് ഭരണഘടനാ ബെഞ്ചിനു വിട്ടതെന്ന കാര്യത്തില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഒരു വ്യക്തതയും കൈവന്നിട്ടില്ല. എന്നാല്‍ നാളത്തെ കോടതി നടപടിക്രമങ്ങളില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഈ വിഷയം നാളെ മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റിസ് ചെലമേശ്വറിനു മുന്‍പാകെ വരാനിരിക്കെയാണ് തിടുക്കപ്പെട്ട് ഭരണഘടനാ ബെഞ്ചിനു വിട്ടിരിക്കുന്നത്. ചെലമേശ്വര്‍ ഉള്‍പ്പെടെ നേരത്തേ ചീഫ് ജസ്റ്റിസിനെതിരേ പരസ്യപ്രതികരണം നടത്തിയ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരും ഭരണഘടനാ ബെഞ്ചിലില്ല.

കേസ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെതിരേ ആയതിനാല്‍ അദ്ദേഹവും ബെഞ്ചിലില്ല. സീനിയോറിറ്റിയില്‍ ആറാമതു നില്‍ക്കുന്ന ജസ്റ്റിസ് എ.കെ.സിക്രിയാണ് ബെഞ്ചിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹത്തിനു താഴെയുള്ള എസ്.എ.ബോബ്ദെ, എന്‍.വി. രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സുപ്രീം കോടതിയില്‍ എല്ലാ ന്യായാധിപന്മാര്‍ക്കും തുല്യ പരിഗണനയാണെന്നിരിക്കെ, ബെഞ്ചിനെ ആരു നയിക്കുന്നുവെന്നത് പ്രസക്തമല്ല. എങ്കിലും ഏറ്റവും മുതിര്‍ന്ന ന്യായാധിപരെ ഒഴിവാക്കിയതിനെതിരേ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. തിടുക്കപ്പെട്ട് ബെഞ്ച് രൂപീകരിച്ചതിലും അപാകമുണ്ടെന്ന് ആക്ഷേപവും ഉയരുന്നു.

പ്രതിപക്ഷ ആരോപണം

* മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റീസിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു.
* തനിക്കെതിരേയുള്ള കേസ് സ്വയം പരിഗണിച്ചു വിധി പറഞ്ഞ് അധികാര ദുര്‍വിനിയോഗം നടത്തി.
* മാസ്റ്റര്‍ ഒഫ് റോസ്റ്റര്‍ അധികാരം ദുര്‍വിനിയോഗംചെയ്തു.
* ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നല്‍കി.
* ചീഫ് ജസ്റ്റിസിനെതിരേയുള്ള ഹര്‍ജി സ്വയം കേള്‍ക്കുന്നതിനു വേണ്ടി മെമ്മോ തീയതി തിരുത്തി.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും പ്രശാന്ത് ഭൂഷണും ഈ വിഷയം ഇന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയില്‍പ്പെടുത്തിന്നു. ഇന്നു കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം  'നാളെ വരൂ' എന്നു മറുപടിയും കൊടുത്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ തിടുക്കപ്പെട്ട് ഇക്കാര്യത്തിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. താന്‍ റിട്ടയര്‍മെന്റിന്റെ വക്കിലായതിനാല്‍ ഇത്തരം കേസുകള്‍ എടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും എങ്കിലും നാളെ ആലോചിക്കാമെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ മറുപടി കൊടുത്തത്.

രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ തീരുമാനത്തിനെതിരെ രാജ്യസഭാംഗങ്ങളായ പ്രതാപ് സിംഗ് ബജ് വ, അമീ ഹര്‍ഷദ്‌റായ് യാജ്‌നിക് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം സുപ്രീം കോടതി അദ്ധ്യക്ഷനെതിരായത് ആയതിനാല്‍ കോടതിയും വെട്ടിലായി.

നോട്ടീസ് നല്‍കിയത് രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യ നായിഡു തള്ളിയത്. കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.  എന്നാല്‍, ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്ന നിലപാടിലായിരുന്നു നായിഡു.

A five-judge constitution bench of the Supreme Court is all set to hear on Tuesday a petition moved by two Congress MPs challenging rejection of the impeachment notice against Chief Justice of India Dipak Misra by Rajya Sabha chairman M Venkaiah Naidu. The bench will be headed by Justice A K Sikri, number six in seniority. The other members are Justices S A Bobde, N V Ramana, Arun Mishra and A K Goel, who are next in the sequence of seniority.


Justices J Chelameswar, Ranjan Gogoi, M B Lokur and Kurian Jospeh,  CJI, Supreme Court, Congress MP, Chief Justice of India, Dipak Misra, Rajya Sabha chairman, M Venkaiah Naidu, Justice A K Sikri,  Justice S A Bobde, N V Ramana, Arun Mishra, A K Goel
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ പരിഗണിക്കാനിരിക്കെ ഭരണഘടനാ ബെഞ്ചിനു വിട്ടു, പരമോന്നത നീതിപീഠം വീണ്ടും വാര്‍ത്തയില്‍, ഭരണഘടനാ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകരില്ല