Search

ഗോവ വിധി ആയുധമാക്കി കോണ്‍ഗ്രസ് രാത്രിയില്‍ സുപ്രീം കോടതിയില്‍, കര്‍ണാടക വിഷയം നിയമയുദ്ധത്തിലേക്ക്അഭിനന്ദ്

ന്യൂഡല്‍ഹി : കര്‍ണാടകത്തില്‍ തങ്ങളും ജനതാദളും ചേര്‍ന്ന് ഭൂരിപക്ഷം ഉറപ്പാക്കിയിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നീക്കത്തിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ രാത്രി തന്നെ ഇക്കാര്യം പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കോടതിയുടെ നിലപാട് അറിവായിട്ടില്ല.

രാവിലെ ഒന്‍പതിന് ബിജെപി നേതാവ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നതു തന്നെ ഈ വിഷയം കോടതിക്കു മുന്നിലെത്താനും സത്യപ്രതിജ്ഞ വിലക്കാനും സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവിലാണ്. ഇതു മുന്നില്‍ക്കണ്ടാണ് രാത്രി തന്നെ വിഷയം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടി വക്താവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശത്തെ തുടര്‍ന്നാണ് ഈ നീക്കം.

കര്‍ണാടകത്തില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയും ജനതാ ദള്‍ എസും സംയുക്തമായാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗോവയില്‍ സമാനമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടി ബിജെപിക്കു സര്‍ക്കാരുണ്ടാക്കാന്‍ സഹായകമായ സുപ്രീം കോടതി വിധി തന്നെയാണ് ഇവിടെ കോണ്‍ഗ്രസ് ആയുധമായെടുക്കുന്നത്.

ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയെ ഇന്നു വൈകുന്നേരമാണ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത്. 104 സീറ്റ് കിട്ടിയ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാണെങ്കിലും
കോണ്‍ഗ്രിന് 78 സീറ്റും ജെഡി (എസ്)ന് 37 സീറ്റുമുണ്ട്. 224 അംഗ സഭയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരും  ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എയും ജനതാദളിന് പിന്തുണ എഴുതിക്കൊടുത്തിട്ടുണ്ട്. ഇതോടെ ഈ കൂട്ടുകെട്ടിന്റെ അംഗബലം 124 ആകും. ഇതു കണ്ടില്ലെന്നു നടിച്ചാണ് 104 പേര്‍ മാത്രമുള്ള കക്ഷിയെ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. ഇത് സുപ്രീം കോടതിയെ സമീപിക്കാന്‍ തക്കതായ കാരണം തന്നെയാണെന്ന് മനു അഭിഷേക് സിംഗ് വി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഗോവയില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്നു, പക്ഷേ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ഏറ്റവും വലിയ കക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ഭൂരിപക്ഷം ഉറപ്പാക്കിയ ബിജെപി സഖ്യത്തെ ഗവര്‍ണര്‍  മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇതേ സാഹചര്യമാണ് ഇപ്പോള്‍ കര്‍ണാടകത്തിലുണ്ടായിരിക്കുന്നതെന്നും ഭൂരിപക്ഷം ഉറപ്പാക്കിയ തങ്ങളുടെ മുന്നണിയെ ക്ഷണിക്കണമെന്നുമാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക. സുപ്രീംകോടതിയുടെ തന്നെ മുന്‍ റൂളിംഗ് ഇതിന് ഉപോദ്ബലകമായി സമര്‍പ്പിക്കും.

ഭൂരിപക്ഷം തെളിയിക്കാനായി എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും കര്‍ണാടകത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബിഎസ് യെദിയൂരപ്പയെ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിക്കുകയായിരുന്നു. കുതിരക്കച്ചവടത്തിന് ആവശ്യം പോലെ സമയം നല്കിക്കൊണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കിട്ടിയ അവസരം മുതലെടുത്ത് യെദിയൂരപ്പ നാളെത്തന്നെ ചുമതലയേല്‍ക്കുകയാണ്. രാവിലെ ഒന്‍പതിനാണ് സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന ന്യായം പറഞ്ഞാണ് യെദിയൂരപ്പയെ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നു വന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ അനുസരിക്കുക മാത്രമായിരുന്നുവെന്നാണ് വിവരം.

ഇപ്പോള്‍ അധികാരത്തിലേല്‍ക്കുകയും കിട്ടുന്ന പതിനഞ്ചു ദിവസം കൊണ്ട് കോണ്‍ഗ്രസിലോ ജനതാദളിലോ പിളര്‍പ്പുണ്ടാക്കി ഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. തങ്ങള്‍ക്കു ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങള്‍ പലതും പിടിച്ചടക്കിയ തന്ത്രം തന്നെയാണ് ഇവിടെയും ബിജെപി പയറ്റുന്നത്.

അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തഗിയുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിന്നു. എജിയില്‍ നിന്നു കിട്ടിയ നിയമോപദേശം കൂടി പരിഗണിച്ചാണ് യെദിയൂരപ്പയെ ക്ഷണിച്ചതെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.

ബിജെപിയുടെ പണക്കൊഴുപ്പ് ഭയന്ന് സ്വന്തം എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ചു ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അവരെ നേരിട്ട് റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്. എംഎല്‍എമാരെയോ അവരുടെ ബന്ധുക്കളെയോ ഒരുവിധത്തിലും ചാക്കിടാനാവാത്ത വിധത്തിലാണ് കോണ്‍ഗ്രസും ജനതാദളും തന്ത്രം മെനയുന്നത്. പക്ഷേ, സംസ്ഥാന ഭരണം യെദിയൂരപ്പയുടെ കൈയിലായാല്‍ പൊലീസിനെ കൂടി ഉപയോഗിച്ച് തന്ത്രങ്ങള്‍ മെനയാന്‍ ബിജെപിക്കു കഴിയും.

ഏതുവിധത്തിലും അധികാരം പിടിക്കുമെന്ന വാശിയിലാണ് ബിജെപി. അതിനായി അവര്‍ സര്‍വ അടവുകളും പയറ്റുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ 74 എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്ഭവനിലെത്തിച്ചത്. ബിഡദിയിലെ ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടത്തിനു ബെല്ലാരിയിലെ ഖനി രാജാക്കന്മാരാണ് നേരിട്ടിറങ്ങിയിരിക്കുന്നത്.

ഓരോ എംഎല്‍എക്കും ബിജെപി നൂറ് കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം എംഎല്‍എമാരെ നേരിട്ട് സഭയിലെത്തിക്കും. അതുവരെ അവര്‍ റിസോര്‍ട്ടില്‍ തടവിലായിരിക്കും.

ജെഡിഎസിനുള്ള പിന്തുണ കത്തില്‍ ഒരു സ്വതന്ത്ര എംഎല്‍എയും ഒപ്പുവച്ചിട്ടുണ്ട്. വൈകിട്ടോടെ, കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറുകയും ചെയ്യുകയായിരുന്നു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗോവ വിധി ആയുധമാക്കി കോണ്‍ഗ്രസ് രാത്രിയില്‍ സുപ്രീം കോടതിയില്‍, കര്‍ണാടക വിഷയം നിയമയുദ്ധത്തിലേക്ക്