Search

ഗാർഡിയോള; കാലത്തിനൊപ്പം മാറുന്ന ഫുട്ബോൾ തന്ത്രജ്ഞൻ

റോഷൻ ജോയ്

ഒൻപതു സീസണുകൾ. ഏഴു ലീഗ് കിരീടം. ചാമ്പ്യൻസ് ലീഗ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ കോച്ച്. ഇരുപത്തിയൊന്നാം നൂറ്റാണ്ടുകണ്ട ഏറ്റവും മികച്ച ടീമുമായി ലീഗിലും യൂറോപ്പിലും നടത്തിയ തേരോട്ടം.  ചെറിയ പാസ്സുകളിലൂടെ കളിമെനയുക. എതിരാളികളെ അപ്രസക്തരാക്കി കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തുക...  പറഞ്ഞുവന്നത് പെപ് ഗാർഡിയോളയെക്കുറിച്ചാണ്. ഗാർഡിയോള എന്ന തന്ത്രജ്ഞൻ ഫുട്ബോൾ സങ്കല്പങ്ങൾക്കു വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ്.

ബാഴ്സലോണ 2008 ൽ ഫ്രാങ്ക് റൈക്കാർഡിനു പകരം  തങ്ങളുടെ മുൻ കളിക്കാരൻ കൂടിയായ ഗാർഡിയോളയെ മാനേജർ ആയി നിയമിക്കുമ്പോൾ അത് അവരുടെ ആധിപത്യ നാളുകളുടെ ആദ്യ ചുവടു മാത്രമായിരുന്നു. ബാഴ്സ അക്കാഡമിയിൽ കളിപഠിച്ച,  യോഹാൻ ക്രൈഫിന്റെ ഫിലോസഫിയിൽ ഫുട്ബാളിന്റെ ബാലപാഠങ്ങൾ മനസിലാക്കിയ ഗാർഡിയോള.മാനേജർ എന്ന നിലയിൽ ക്രൈഫിന്റെ ഫിലോസഫിയുടെ പതാക വാഹകൻ തന്നെ ആയിരുന്നു.

അയാളുടെ ഭാഷയിൽ പറഞ്ഞാൽ  " ക്രൈഫ് അൾത്താര പണിതു, അത് പരിരക്ഷിക്കുകയും നവീകരിക്കുകയുമായിരുന്നു ഞങ്ങളുടെ ദൌത്യം.". ചെറുപാസ്സുകളിലൂടെ മത്സരത്തെ നിയന്ത്രിക്കുന്ന, കായികബലത്തേക്കാൾ    ടെക്‌നിക്കൽ കളിക്കാർക്ക് പ്രാധാന്യം നൽകിയ ഫിലോസഫി. ആധിപത്യവും, മികവിൻറെ  പൂർണതയും കളിക്കളത്തിൽ കാട്ടിത്തന്ന ആ ശൈലി കൂടുതൽ പ്രിയങ്കരമാക്കിയതും, അതിൽക്കൂടി അസൂയാവഹമായ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത് ഗാർഡിയോളായാണ്.

ചെറുപാസ്സുകളിലൂടെ മത്സരത്തെ നിയന്ത്രിക്കുന്ന, കായികബലത്തേക്കാൾ    ടെക്‌നിക്കൽ കളിക്കാർക്ക് പ്രാധാന്യം നൽകിയ ഫിലോസഫി. ആധിപത്യവും, മികവിൻറെ  പൂർണതയും കളിക്കളത്തിൽ കാട്ടിത്തന്ന ആ ശൈലി കൂടുതൽ പ്രിയങ്കരമാക്കിയതും, അതിലൂടെ അസൂയാവഹമായ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത് ഗാർഡിയോളായാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ തുടരെ നാല് തവണ ലാലിഗയും, ഒരിക്കൽ ചാമ്പ്യൻസ് ലീഗും നേടിയ തൻറെ ഡ്രീം ടീമിലേക്ക്, അക്കാദമിയിൽനിന്ന് ഗാർഡിയോളയെ ക്രൈഫ് ഉയർത്തിക്കൊണ്ടു വന്നപ്പോൾ,  ലാമാസിയയിൽ നിന്ന് ഉയർന്നുവന്ന മെസ്സി, സാവി, ഇനിയേസ്റ്റ, ബുസ്കറ്റ്സ് എന്നിവർക്ക് ചുറ്റുമാണ് ഗാർഡിയോള തൻറെ ബാഴ്‌സയെ കെട്ടിപ്പടുത്തത്. യായ ടൂറെ എന്ന താരത്തിന് പകരം സെർജിയോ ബുസ്കെറ്റ്‌സ് എന്ന ഇരുപതുകാരനിൽ വിശ്വാസമർപ്പിക്കുമ്പോൾ അയാൾ ബാഴ്സയിൽ നടപ്പാക്കിയ ഏറ്റവും മികച്ച തീരുമാനവും അതായിരുന്നു.


2008ൽ  ബാഴ്സയുടെ ചുമതലയേൽക്കുമ്പോൾ  തിയറി ഒൻറി, സാമുവേൽ എറ്റൂ,  മെസ്സി എന്നിവരുടെ ലോകോത്തര മുന്നേറ്റനിര. അളന്നുമുറിച്ചു പാസുകൾ നല്കാൻ സാവി, ഇനിയേസ്റ്റ,  പ്രതിരോധത്തിൽ പുയോൾ, പീക്കെ, ആൽവസ് എന്നിവർ. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ ടീം. അടുത്ത നാല് സീസണിൽ  ബാഴ്സയെ സ്വപ്നം കാണാവുന്നതിനും അപ്പുറത്തേക്കാണ് ഗാർഡിയോള നയിച്ചത്.  മൂന്നുതവണ ലാലിഗ ചാമ്പ്യന്മാരായപ്പോൾ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടവും കാറ്റലൻസിൻറെ ഷെൽഫിലെത്തി.  ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയശേഷം  ഗാർഡിയോള ഒരു വർഷം കോച്ചിങ്ങിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനൊപ്പം മൂന്നു വർഷം.  മൂന്നുതവണയും ബയേൺ മ്യൂണിക്കിനെ ചാമ്പ്യന്മാർ ആക്കി. പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി. രണ്ടാം സീസണിൽ അവരെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കി ഇംഗ്ലണ്ടിലും വിജയക്കൊടി പാറിച്ചു.

മാനേജർ എന്ന നിലയിൽ ഗാർഡിയോള എങ്ങനെ തൻറെ ടീമിനെ ഒരുക്കുന്നു?. ബാഴ്സയിൽ മാനേജർ ആയിരിക്കുമ്പോൾ അന്ന് പ്രായം തളർത്തിത്തുടങ്ങിയ  റൊണാൾഡീഞ്ഞോ, എറ്റൂ, തൻറെ അച്ചടക്കമുള്ള ഫുട്ബോളിന് വഴങ്ങാത്ത സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നീ വലിയ പേരുകളെ ഒക്കെയും അയാൾ ഒഴിവാക്കിയിട്ടുണ്ട്. അക്കാഡമിയിൽ നിന്ന് സ്ഥാനക്കയറ്റം നൽകിയ സെർജിയോ ബുസ്കെട്സ് എന്ന യുവ താരത്തെയും,  മെസ്സി -സാവി -ഇനിയേസ്റ്റ ത്രയവും അടങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടീമിനെ അയാൾക്ക് ഒരുക്കുവാനായി. തൻറെ ഫിലോസഫി ഉൾക്കൊണ്ട് കളിക്കുന്ന ഒരുപറ്റം കളിക്കാർ മാത്രം. മാനേജ് ചെയ്ത എല്ലാ ടീമിലും ടീമിന്റെ പൂർണ്ണ നിയന്ത്രണവും  അയാളുടെ കയ്യിലായിരുന്നു.

ബാഴ്സയുടെ പരിശീലകനായ  ഗാർഡിയോളയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകന്റെ കുപ്പായത്തിൽ എത്തിനിൽക്കുമ്പോൾ അയാളുടെ മികവിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ മാനേജർ എന്നനിലയിൽ അയാൾ വരുത്തിയിട്ടുണ്ട് താനും. ബാഴ്സ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി എന്നിവയിൽ എല്ലാം ഗാർഡിയോള കാലഘട്ടത്തിൽ  ടാക്ടിക്കൽ ഐഡൻറിറ്റി ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് കഴിഞ്ഞു.  ലോകോത്തര കളിക്കാരെ ആകർഷിക്കുവാനും, ഒപ്പം പ്രതിഭാധനരായ യുവതാരങ്ങളുടെ മികവിനെ തേച്ചുമിനുക്കുവാനും ഒരേസമയം അയാൾക്ക്‌ കഴിയുന്നു.  ഒപ്പം അയാളുടെ ടീമുകളിൽ പൊതുവെ കാണാവുന്ന സാമ്യം കളിക്കളത്തിലെ ആധിപത്യമാണ്,  വിജയങ്ങളും, കിരീട നേട്ടങ്ങളും ഒക്കെയും  ഏറ്റവും വലിയ മാർജിനിൽ. ഗാർഡിയോളയുടെ രീതി അതാണ്. സുന്ദരമായ ആക്രമണ ഫുട്ബോൾ.

ബാഴ്സ, ബയേൺ എന്നീ ടീമുകളിൽ നിന്നും വ്യത്യസ്തമായി മാഞ്ചസ്റ്റർ സിറ്റിക്ക് തിളക്കമാർന്ന ഒരു ഭൂതകാലമോ,  പ്രീമിയർ ലീഗ് നേടിയിട്ടുകൂടി യൂറോപ്പിലെ വമ്പന്മാർ എന്ന ടാഗോ ഒന്നുമില്ലായിരുന്നു, ഗാർഡിയോള മാനേജർ ആയി ചുമതല ഏറ്റടുക്കും വരെ. എന്നാൽ ഗാർഡിയോളയുടെ കീഴിൽ സിറ്റിയുടെ  വിശേഷണം തന്നെ മാറി.  തനിക്ക് മുൻപ് സിറ്റിയുടെ പരിശീലകർ ആയിരുന്ന മാൻചീനി, പെല്ലഗ്രിനി എന്നിവർ തുടങ്ങിവെച്ച ടീം നവീകരണം ഗാർഡിയോള മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

ഒരുപറ്റം പ്രതിഭകൾ നിറഞ്ഞ ടീമിനെയാണ് ഗാർഡിയോളയ്ക്ക് സിറ്റിയിൽ ലഭിക്കുന്നതും. എന്നാൽ  ഗാർഡിയോള ആദ്യം ചെയ്ത് ജോ ഹാർട്ട്,  സ്റ്റീവൻ ജോവിറ്റിക്, എഡിൻ ജെക്കോ, വിൽഫ്രഡ് ബോണി, തുടങ്ങി ഒരുപറ്റം കളിക്കാരെ ഒഴിവാക്കുകയായിരുന്നു. പകരം ലെറോ സാനെ, ഗുൻഡോഗൻ, പോലുള്ള സാങ്കേതികത്തികവുള്ള കളിക്കാരെ ടീമിൽ എത്തിച്ചു.

ബാഴ്സയിൽ ചാവി -ഇനിയേസ്റ്റ  എന്നിവർ ചെയ്ത റോൾ സിറ്റിയിൽ കെവിൻ ഡിബ്രൂയ്നെ -ഡേവിഡ് സിൽവ എന്നിവർ ഭംഗിയാക്കി.  ബാഴ്സയിൽ ബുസ്കെറ്റ്സിനു നറുക്ക് വീണപ്പോൾ  സിറ്റിയിൽ ബ്രസീലിയൻ മിഡ്‌ഫീൽഡർ ഫെർണാണ്ടിഞ്ഞോയെ യായ ടൂറെയ്ക്ക് മുകളിൽ അയാൾ തിരഞ്ഞെടുത്തു. ഒരു പസിലിൽ ഓരോ ജിഗ്‌സോയും ശ്രദ്ധാപൂർവം എടുത്തു വെക്കുന്ന പോലെയാണ്  ഓരോ പൊസിഷനിലും അയാൾ കളിക്കാരെ തിരഞ്ഞെടുക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ അതുവരെ അവർക്ക് പരിചിതമല്ലാത്ത  വശ്യമായ പാസിംഗ് ഗെയിമിനെ  അയാൾ പരിചയപെടുത്തുകയായിരുന്നു.  ബാഴ്സലോണയിൽ ക്രൈഫ് നടത്തിയ മാറ്റങ്ങളിലൂടെ  പാസിംഗ് ഗെയിം ശീലിച്ച ഒരു ടീമിനെ ആണ് അയാൾക്ക് ലഭിച്ചത് .  സിറ്റിയിൽ തുടർ പാസിംഗ് ഗെയിം പരിചയപെടുത്തുന്നതും അതിനെ കേന്ദ്രീകൃതമായി  ടീമിനെ കെട്ടിപടുത്തുന്നതും ഗാർഡിയോളായാണ്. ഭാവിയെ മുൻനിർത്തിയാണ് ഗാർഡിയോളയുടെ പ്രവർത്തനവും.  താൻ ടീം വിട്ടു പോയാലും  തുടങ്ങിവെച്ച ഫുട്ബോൾ സംസ്കാരം ആ ക്ലബ്ബിനെ മുന്നോട്ട് നയിക്കും.  ബാഴ്സ അതിനൊരു തെളിവാണ്.

തൻറെ ടീം എങ്ങനെ കളിക്കണം എന്ന് അയാൾക്ക് നല്ലബോധ്യമുണ്ട്.  ഓരോ കളിക്കാരനും  ഓരോ ചുമതല അയാൾ നൽകിയിട്ടുണ്ട്.  അയാളുടെ തന്ത്രങ്ങൾ കളിക്കാർ കളിക്കളത്തിൽ ഭംഗിയായി നടപ്പാക്കുന്നു. മെസ്സി -ചാവി - ഇനിയേസ്റ്റ എന്നിവരുടെ മികവ് കളിക്കളത്തിന്റെ മധ്യത്തിലൂടെ ഡിഫെൻസിനെ കീറിമുറിച്ചു പന്തെത്തിക്കുവാൻ ബാഴ്സയിൽ സഹായകമായി. ചാവിയുടെ അളന്നുമുറിച്ച പാസ്സുകളും മെസ്സിയുടെ ഡ്രിബ്ലിങ് പാടവവും ഇനിയേസ്റ്റ എന്ന മന്ത്രികനും ഏത് പ്രതിരോധവും പൊളിക്കാൻ കെല്പുള്ളവർ. ഒപ്പം പെഡ്രോ, വിയ്യ, സാഞ്ചസ് എന്നിവരുടെ പൊസിഷനിംഗ് സെൻസും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഇതുപോലെ തന്നെ ബാഴ്സയിൽ പന്ത് നഷ്ടപ്പെട്ടാൽ കഠിനമായ പ്രെസ്സിങ് നടത്തി തിരികെയെടുക്കുക എന്ന തന്ത്രം അധികം ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.


സിറ്റിയിൽ എത്തുമ്പോൾ കാര്യങ്ങൾ കുറെ കൂടി വ്യത്യസ്തമാവുകയാണ്.  ഡിബ്രൂയ്നെ, സിൽവ,  ഗബ്രിയേൽ ജീസസ്  എന്നിവർ  മധ്യത്തിലൂടെ ആക്രമണം അഴിച്ചു വിടുന്നു. അതോടൊപ്പം സാനെ, സ്റ്റെർലിങ്, വാൾക്കർ  എന്നിവരുടെ വേഗം ഉപയോഗപ്പെടുത്തി വിങ്ങുകളിലൂടെയുള്ള ആക്രമണവും ബോക്സിലേക്ക് താഴ്ന്ന പാസ്സുകളും ക്രോസ്സുകളും കൂടെയാകുമ്പോൾ എതിർ ടീമുകൾ കുഴങ്ങും. പന്ത് തിരികെ നേടാൻ ഹൈ പ്രെസ്സിങ് നടത്തുന്ന സിറ്റി, ആക്രമണ ഫുട്ബോളിന്റെ ഏറ്റവും മനോഹരമായ,  ചടുലമായ കളി നമുക്ക് പരിചയപ്പെടുത്തുന്നു.  എതിർ ടീമിൻറെ ആക്രമണം മധ്യനിരയിൽ തന്നെ നിർവീര്യമാക്കുകയും,  നിരന്തരം ഗോൾ മുഖം ആക്രമിക്കുന്നതിലൂടെ കൂടുതൽ ഗോളുകൾ നേടുന്നതിനും അവർക്കു കഴിയും.

ബാഴ്സയിൽ നിന്ന് സിറ്റിയിലേക്ക് എത്തുമ്പോൾ കളിയുടെ ഒഴുക്കും വേഗവും ഗാർഡിയോള വർധിപ്പിച്ചിട്ടുണ്ട്.  അതിപ്രതിരോധം പിൻനിരയുടെ കളിയിൽ നടപ്പാക്കുകയും, ഭൂരിപക്ഷ സമയവും എതിരാളികളുടെ പകുതിയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന ഫുട്‍ബോളാണ് ഗാർഡിയോളയുടെ സിറ്റി കളിക്കുന്നത്. സ്റ്റെർലിങ്, സാനെ എന്നിവർ ഗാർഡിയോളയുടെ കീഴിൽ മികവിൻറെ മറ്റൊരു തലത്തിലേക്ക് ഉയർന്നു. ഫിസിക്കൽ ഗെയിമിന് പേരുകേട്ട ഇംഗ്ലണ്ടിൽ സാനെ എന്നൊരു ടെക്നിക്കൽ പ്ലയെർ വിജയിച്ചു എങ്കിൽ അത് ഗാർഡിയോളയുടെയും വിജയമാണ്.

എഡേഴ്സൺ,  ലപോർട്ട, ബെർണാഡോ സിൽവ,  തുടങ്ങി ഒരുപാട് മികച്ച കളിക്കാരെ ഇതിനോടകം ഗാർഡിയോള ടീമിൽ എത്തിച്ചു. എഡേഴ്സൺ എന്ന സ്വീപ്പർ കീപ്പർ, ബയേണിൽ ന്യൂയർ ചെയ്ത പന്ത് വിതരണം ചെയ്യൽ  ഭംഗിയായി ചെയ്യുന്നു. മാത്രമല്ല സിറ്റിയെ  സമ്മർദത്തിലാക്കി കളിത്തട്ടിൽ ഇടംനൽകാതെ ഇരിക്കുന്ന എതിരാളികൾക്ക്  എതിർപോസ്റ്റുവരെ ഗോൾകിക്കിലൂടെ പന്തെത്തിക്കാൻ കഴിവുള്ള എഡേഴ്സൺ തലവേദനയാണ്.  ഗോൾകിക്കിൽ ഓഫ്‌സൈഡ് കെണി ബാധകമല്ലാത്തതിനാൽ ഗോളിനായി കാത്തിരിക്കുന്ന സിറ്റി മുന്നേറ്റക്കാർക്ക് നേരിട്ട്  പന്തെത്തിക്കുകവഴി എതിരാളികൾക്ക് അവരെ മാർക്ക് ചെയ്യേണ്ട വരികയും,  ഇതിലൂടെ മധ്യനിരയിൽ ഇടം കണ്ടെത്താൻ സിറ്റിക്ക് കഴിയുകയും ചെയുന്നു. ഇതുകൊണ്ടുതന്നെ എഡേഴ്സൺ അറ്റാക്ക് ഏറ്റവും പിന്നിൽ നിന്ന് തുടങ്ങുക എന്ന ശൈലിക്ക് യോജിച്ച കളിക്കാരനാണു.

കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ
 മറ്റൊരാൾ ജോൺ സ്റ്റോൺസ് എന്ന ആക്രമണങ്ങൾക്ക് തുടക്കമിടുന്ന സെൻറർ ബാക്ക് ആണ്.  മധ്യനിരയിൽ നിന്ന് കളിമെനയുന്നതിന് പകരം  പ്രതിരോധത്തിൽ നിന്ന് ആക്രമണം തുടങ്ങുകയെന്ന  തന്ത്രവും ഗാർഡിയോള നടപ്പാക്കി. ഓരോ കളിക്കാരനിൽ നിന്നും അയാൾ ഒരുപാട് ആവശ്യപ്പെടുന്നുണ്ട്. കളിക്കാരുടെ തിരഞ്ഞെടുപ്പ്  ശ്രദ്ധിച്ചാൽ അറിയാം, പല റോളുകൾ ഭംഗിയാക്കാൻ കഴിവുള്ളവർക്കായാണ് അയാൾ താരവിപണിയിൽ പണമെറിഞ്ഞത്. ഗോൾകീപ്പിങ്, ഡിഫെൻസ്,  മിഡ്‌ഫീൽഡ്, അറ്റാക്കിങ് എന്നീ മേഖലകളിൽ എല്ലാം ലോകോത്തര കളിക്കാർ. പകരക്കാരുടെ നിരയിലും പ്രതിഭാ ധാരാളിത്തം.

ഈവർഷം ലീഗ് നേടിയ ടീമിന് വരും വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടാനും കഴിയും. യൂറോപ്പിലും ലീഗിലും ആധിപത്യത്തോടെ എതിരാളികളെ തകർത്തെറിഞ്ഞ പ്രകടനങ്ങൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.
സെവന്‍സിനെതിരെ വാളോങ്ങുന്നവരോട് ഐ എം വിജയന്‍: വന്നവഴി മറക്കരുത്

ഗാർഡിയോളയുടേത്  താൽക്കാലിക വിജയമന്ത്രം മാത്രമാണോ  ?. അയാളും കാലപ്പഴക്കത്തിന് വിധേയനാവില്ലേ?. ബാഴ്സയിൽ അക്കാ[മി താരങ്ങളിൽ വിശ്വാസം അർപ്പിച്ച ഗാർഡിയോള  സിറ്റിയിൽ എത്തുമ്പോൾ വിജയം പണം കൊടുത്തു വാങ്ങുകയാണോ എന്ന് സംശയം തോന്നാം. കാരണം ട്രാൻസ്ഫർ മാർക്കറ്റിൽ വൻതുക ചെലവിട്ടും,  മികച്ച ഒന്നിലധികം കളിക്കാരെ ഒരേപൊസിഷനിലിലേക്ക് വാങ്ങിയും ഇതിനോടകം പുതിയയൊരു ഇലവൻ തന്നെ അയാൾ സൃഷ്ടിച്ചു.  അയാൾക്ക് പൂർണ സ്വന്തന്ത്ര്യം നൽകിയ  പദ്ധതികൾ ആയിരുന്നു ബാഴ്സയിലും ബയേണിലും.  വിജയ ഫോർമുല നടപ്പാക്കാൻ അയാൾ നിർദേശിക്കുന്ന  ലോകോത്തര കളിക്കാരെ അതത് ടീം മാനേജ്മെൻറ് സ്വന്തം പാളയത്തിലെത്തിച്ചു.

ബാഴ്സലോണയിൽ നിന്ന്  ഗാർഡിയോള പടിയിറങ്ങിയപ്പോൾ അവരുടെ  പ്രതാപത്തിനു മങ്ങലേറ്റു.  ഗാർഡിയോളയുടെ പകരക്കാരൻ ടിറ്റോ വില്ലനോവയും ലാമസിയാ പോളിസി പിന്തുടർന്നു. പിന്നീട് വന്ന ലൂയിസ്‌ എൻറിക്കെ മുതൽ താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മാറ്റം സംഭവിച്ചു.  അക്കാഡമി കളിക്കാർക്ക് കൂടുതൽ അവസരം നൽകുന്നതിന് പകരം സൂപ്പർ താരങ്ങൾക്ക് പിന്നാലെ പോകുന്ന  പ്രവണത ബാഴ്സയും സ്വീകരിച്ചു.
വൻതുക നൽകി സുവാരസ്, നെയ്മർ എന്നീ സൂപ്പർ താരങ്ങൾ ടീമിൽ എത്തിയതും ഈ കാലഘട്ടത്തിലാണ്.  ഒരുകാലത്തു ശക്തമായ മിഡ്‌ഫീൽഡ് ഇന്നത്ര ശക്തമല്ല. മെസ്സി എന്ന അമാനുഷികനെ ടീം കൂടുതൽ ആശ്രയിക്കുന്നു.  ചാവിക്കും , ഇനിയേസ്റ്റയ്‌ക്കും  പറ്റിയ പകരക്കാരെ കണ്ടെത്താൻ ക്ലബ്ബിനു ട്രാൻസ്ഫർ മാർക്കറ്റിൽ വൻ തുകകൾ ചെലവാക്കേണ്ടിയും വന്നു.

സിറ്റിയിലും സമാനമായൊരു പ്രതിസന്ധി ഉണ്ടാവില്ല എന്ന് ന്യായമായും കരുതണം. കാരണം അണ്ടർ 17 ലോകകപ്പിലെ താരോദയമായ  ഫോഡൻ ഉൾപ്പടെയുള്ള യുവതാരങ്ങൾക്കു പെപ് പ്രീമിയർ ലീഗിലും ചാംപ്യൻസ്‌ലീഗിലും അവസരം നൽകി. ബാഴ്സയിൽ നടപ്പിലാക്കിയ അതേ രീതികൾ ഇവിടെയും അയാൾ പിന്തുടരുന്നു. ഇനിയും താരങ്ങൾ  അക്കാഡമിയിൽ അവസരത്തിനായി കാത്തിരിക്കുകയാണ്. യുവതാരങ്ങളാൽ സമ്പന്നമായ ടീമിന് കൂടുതൽ കാലം മികവ് തുടരാനാകും.  മികച്ചൊരു അടിത്തറയിട്ട ഗാർഡിയോള ക്രൈഫിൻറെ ഫിലോസഫി ഇവിടെയും വിജയകരമായി പരീക്ഷിച്ചു.

ബാഴ്സയിൽ പാസിംഗ് ഗെയിമിനെ ചെറുക്കാൻ എതിരാളികൾ മറുതന്ത്രങ്ങൾ കണ്ടെത്തിയപ്പോൾ,  ബയേണിൽ ആ ശൈലി വേഗതഗയേറിയ പാസിംഗ് ഗെയിമിന് വഴിമാറി. സിറ്റിയിൽ അത് ഹൈ പ്രെസ്സിങ് പാസിംഗ് ഗെയിം ആയി. സിറ്റിയിൽ ഗാർഡിയോള യുഗത്തിന് ശേഷവും ഇതേ ഫിലോസഫി തുടരും എന്ന് കരുതാം,  സിറ്റിയുടെ പദ്ധതി ദീർഘകാല  ലക്ഷ്യമുള്ളതാണ്. ഇതിനാൽ ക്രൈഫ് എന്താണോ ബാഴ്‌സയ്ക്ക്, അതാണ് സിറ്റിക്ക് ഗാർഡിയോള.  ലാലിഗ, ബുണ്ടസ്‌ലീഗ, പ്രീമിയർ ലീഗ് എന്നിവിടങ്ങളിലെല്ലാം കിരീടം നേടിയ ഗാർഡിയോള ഇതുവരെ മാനേജർ ആയി  23 ട്രോഫികൾ നേടി. കാലത്തിന് അനുസരിച്ചു  ശൈലിക്ക് മാറ്റം വരുത്താൻ കഴിയുന്നതുകൊണ്ടാണ് ഗാർഡിയോളയ്ക്ക്  ഇത്രയും നേട്ടങ്ങൾ സാധ്യമാവുന്നത്.  ഇതുതന്നെയയാണ് ഗാർഡിയോളയെ ആധുനിക ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ  തന്ത്രജ്ഞൻ ആക്കിമാറ്റുന്നതും.കടപ്പാട്‌:  www.sportsglobe.invyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഗാർഡിയോള; കാലത്തിനൊപ്പം മാറുന്ന ഫുട്ബോൾ തന്ത്രജ്ഞൻ