കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണത്തി...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്തിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മജിസ്ട്രേറ്റ് മടക്കി അയച്ചെന്ന പൊലീസിന്റെ പരാതിയിലാണ് അന്വേഷണം.
പരാതിക്ക് പിന്നാലെ മജിസ്ട്രേറ്റായിരുന്ന സ്മിതയെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു. കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസം ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് തിരിച്ചയച്ചുവെന്നായിരുന്നു പൊലീസിന്റെ പരാതി. ഏഴിനാണ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതെന്ന് പൊലീസ് പരാതിയില്‍ പറയുന്നു.
എന്നാല്‍ ആശുപത്രിയില്‍ നേരിട്ട് പോയെന്നും ശ്രീജിത്ത് ചികിത്സയിലായതിനാല്‍ കാണാന്‍ കഴിഞ്ഞില്ലെന്നും വിശദീകരണ റിപ്പോര്‍ട്ടില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.
വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഒമ്പതാം തീയതിയാണ് ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുമ്പോള്‍ തന്നെ പൊലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്.
COMMENTS