തൃശ്ശൂര്‍: ലോകം മൊത്തം ശ്രദ്ധയാകര്‍ഷിച്ച തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. ഈ മാസം 25 നാണ് പൂരം നടക്കുന്നത്. 23ന് സാമ്പിള്‍ വെടിക്കെട്ടു...
തൃശ്ശൂര്‍: ലോകം മൊത്തം ശ്രദ്ധയാകര്‍ഷിച്ച തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. ഈ മാസം 25 നാണ് പൂരം നടക്കുന്നത്. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും നടക്കും.
തൃശ്ശൂര്‍ പൂരത്തിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പകുതിയോളമായി. നാടും നഗരവും പൂരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി പൂരത്തിന്റെ വരവറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി ആദ്യമായി മുഴുവനായും പൂത്തുലഞ്ഞു.
സ്വരാജ് റൗണ്ടിലെ പന്തല്‍ നിര്‍മ്മാണങ്ങള്‍ പകുതിയിലേറെ പിന്നിട്ടു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൂരത്തിന്റെ അണിയറ ഒരുക്കം ദേവസ്വങ്ങള്‍ ആരംഭിച്ചിരുന്നു. കുടമാറ്റത്തിന് ഉപയോഗിക്കാനുള്ള സ്പെഷ്യല്‍ കുടകളുടെ നിര്‍മ്മാണം രഹസ്യ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം കറുകുറ്റിയിലെ പള്ളിപ്പെരുന്നാളിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരപ്രേമികളും ദേവസ്വങ്ങളും ആശങ്കയിലുമാണ്.
തിരുവമ്പാടിക്ക് വേണ്ടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന് വേണ്ടി പത്മനാഭനുമാണ് തിടമ്പേറ്റുക. തിരുവമ്പാടി ചന്ദ്രശേഖരനില്ലാത്ത പൂരമാണെന്ന പ്രത്യേകതയുണ്ട് ഇത്തവണ. വെടിക്കെട്ടിന് തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷ.
കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗം കഴിഞ്ഞയാഴ്ച ഇവിടെ പരിശോധന നടത്തി മടങ്ങിയിരുന്നു. പൂരം ഒരുക്കങ്ങളിലേക്ക് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും പൊലീസും കടന്നുകഴിഞ്ഞു. സുരക്ഷ ഒരുക്കം പൊലീസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
COMMENTS