കൊച്ചി: റോഡ് വികസനത്തിനായി രണ്ടാം വട്ടവും സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കലമുടയ്ക്കല്‍ സമരവുമായി നാട്ടുകാര്‍ രംഗത്തെത...
കൊച്ചി: റോഡ് വികസനത്തിനായി രണ്ടാം വട്ടവും സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കലമുടയ്ക്കല്‍ സമരവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്‍.എച്ച് 17ല്‍ ഇടപ്പള്ളി മൂത്തുകുന്നം ദേശീയപാതയ്ക്ക് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി എറണാകുളം കളക്ടേറ്റിന് മുന്നിലെത്തിയത്. ദേശീയപാത വികസനത്തിനായി ഒരിക്കല്‍ സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് രണ്ടാമതും സ്ഥലവും വീടും വിട്ടുനല്‍കേണ്ട അവസ്ഥ വന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്.
ഇടപ്പള്ളി മുതല്‍ മൂത്തുക്കുന്നം വരെ 24 കിലോമീറ്റര്‍ പാതയോരത്തെ 2000 കുടുംബങ്ങളാണ് കുടിയിറക്കല്‍ ഭീഷണിയിലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയപാത 30 മീറ്റര്‍ വികസിപ്പിക്കുന്നതിനായി രണ്ട് ഘട്ടമായി ഇവരുടെ സ്ഥലവും, വീടും ഏറ്റെടുത്തിരുന്നു. എന്നാല്‍ ദേശീയപാത 45 മീറ്ററാക്കാന്‍ രണ്ടാമതും സ്ഥലം വിട്ട് നല്‍കേണ്ട അവസ്ഥയിലാണ് ഇവര്‍. അന്ന് സ്ഥലം സര്‍ക്കാരിന് വിട്ട് നല്കി, നഷ്ടപരിഹാരം കിട്ടിയ തുച്ഛമായ തുകകൊണ്ടും, കടം വാങ്ങിയുമാണ് ബാക്കിയുള്ള സ്ഥലത്ത് രണ്ടാമത് വീട് പണിതത്. സര്‍വ്വെ തുടങ്ങിയാല്‍ പണിത വീട് പൊളിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇവിടെയുള്ള 800 കുടുംബങ്ങള്‍.
നിലവില്‍ ഏറ്റെടുത്ത 30 മീറ്ററില്‍ തന്നെ 6 വരിപാതയും, ആവശ്യമെങ്കില്‍ എലിവേറ്റഡ് ഹൈവേയും പണിയണമെന്നാണ് സമരസമിതിയുടെ ആവശ്യം.
എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും രണ്ടാമത് വീട് നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
COMMENTS