കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ...
കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ഇവര്‍ക്കെതിരയുളള കേസ് റദ്ദക്കാണമെന്നും ആവശ്യപ്പെട്ട് പറവൂര്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന് ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കാനാവില്ലെന്നാണ് നോര്‍ത്ത് പറവൂര്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
എന്നാല്‍ വീട് കയറി ആക്രമിച്ച കേസ് നിലനില്ക്കും. മരിച്ച ശ്രീജിത്തടക്കമുളളവര്‍ പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പൊലീസ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഈ കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
അതേസമയം, ശ്രീജിത്തിന്റെ കേസില്‍ മൂന്ന് ആര്.ടി.എഫുകാരുടെയും ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കൂടാതെ വരാപ്പുഴയില്‍ വീടാക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത് അടക്കമുളളവര്‍ക്കാണ് ജാമ്യം.
അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും പുറത്തായി. സ്റ്റേഷനില്‍ വച്ചു ദീപക് ശ്രീജിത്തിനെ മര്‍ദിച്ചതായി കൂട്ടുപ്രതികള്‍ മൊഴി നല്കി. വൈകിട്ടോടെ ദീപക്കിനെ കോടതിയില്‍ ഹാജരാക്കും.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരന് സജിത്ത് ഉള്‍പ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്.ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ണ്ണായകമായത്. രാത്രി വൈകി വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്.ഐ
ദീപക് ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ മര്‍ദ്ദിക്കുന്നതു കണ്ടു എന്നാണ് മൊഴി.
ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ മര്‍ദ്ദനമേറ്റ പാടുകളും ദീപക്കിനെതിരായി. എന്നാല്‍ മരണകാരണമായ മര്‍ദ്ദനം നടന്നത് എവിടെ വച്ചാണെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനത്തില്‍ എത്താമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല എന്ന വാദമാണ് ദീപക് ഉയര്‍ത്തുന്നത്.
രാത്രി വൈകി സ്വദേശമായ നെടുമങ്ങാട് നിന്നും വണ്ടി ഓടിച്ച് എത്തിയതിന്റെ അമര്‍ഷം ശ്രീജിത്തിനെ കാണാനെത്തിയ ബന്ധുക്കളോട് പ്രകടിപ്പിച്ചു എന്ന് ദീപക് സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ദീപക്കിനെ പറവൂര്‍ കോടതിയില്‍ ഹാജരാക്കും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടി നേരിട്ട പറവൂര്‍ സി.ഐ ക്രിസ്പിന് സാമിനെ പ്രതിയാക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വൈകാതെ തീരുമാനമെടുക്കും.
COMMENTS