ന്യൂഡല്‍ഹി: 12 ല്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന പോക്സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാ...
ന്യൂഡല്‍ഹി: 12 ല്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന പോക്സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ, ഇനി ഇത്തരം കുറ്റങ്ങള്‍ക്ക് അതിവേഗ വിചാരണയും തൂക്കുകയറും ഉറപ്പാവുകയാണ്.
രാജ്യവ്യാപകമായി പിഞ്ചു കുഞ്ഞുങ്ങള്‍ വരെ നിരന്തരം പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിമയം മാറ്റിയെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
കേന്ദ്ര മന്ത്രിസഭ ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് അംഗീകരിച്ചത്.
പ്രൊട്ടക്ഷന്‍ ഒഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്സോ) നിയമത്തിലും അനുബന്ധ നിയമങ്ങളിലും ഭേദഗതി വരുത്തുന്നതാണ് ഓര്‍ഡിനന്‍സ്.
ഇതോടെ, പന്ത്രണ്ടില്‍ താഴെയുള്ള കുട്ടി ബലാത്സംഗത്തിനിടെ മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ പ്രതിക്കു മരണശിക്ഷ ഉറപ്പ്.
പീഡിപ്പിക്കപ്പെടുന്ന കുട്ടി മരിച്ചില്ലെങ്കിലും കൂട്ടമാനഭംഗമാണെങ്കില് പ്രതികള്‍ക്കു മരണം വരെയുള്ള ജീവപര്യന്തം നല്‍കും.
പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷമായിരിക്കും.
12 നും 16 നും ഇടയിലുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ നിലവിലുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവാണ്. ഇത് 20 വര്‍ഷമാക്കി. പ്രത്യേക സാഹചര്യത്തില്‍ ശിക്ഷ സ്വാഭാവിക മരണം വരെയുള്ള ജീവപര്യന്തമായി നീട്ടാനും അനുമതി നല്‍കുന്നുണ്ട്. കൂട്ടമാനഭംഗമെങ്കില് പ്രതികള്‍ക്കു ജീവപര്യന്തം ഉറപ്പാണ്.
16 വയസില്‍ കൂടൂതലുള്ളവരെയാണ് മാനഭംഗപ്പെടുത്തുന്നതെങ്കില് കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവായിരിക്കും. നേരത്തേ ഇത് ഏഴുവര്‍ഷം കഠിനതടവായിരുന്നു.
ഇത്തരം കേസുകളിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യത്തിന് അനുമതിയില്ല.
ഇതേസമയം, ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ പീഡനങ്ങള്‍ ഉണ്ടായാല്‍ അതു വലിയ പ്രശ്നമായി ഉയര്‍ത്തേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വാര്‍.
ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ ഇതു തടയാനാവില്ല. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഗാംഗ്വാര്‍ പറഞ്ഞു.
COMMENTS