കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കര്‍ഷക സമരം നടത്തുന്ന വയല്‍ക്കിളി നേതാവ് സ...
കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കര്‍ഷക സമരം നടത്തുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനുനേരെ കല്ലേറുണ്ടായി. ഇന്നു പുലര്‍ച്ചെ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് സുരേഷ് കീഴാറ്റൂരും കുടുംബവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം മുകളിലത്തെ നിലയിലേക്കും പിന്നീട് താഴത്തെ നിലയിലേക്കും കല്ലെറിയുകയായിരുന്നുവെന്നും തുടര്‍ന്ന് ബൈക്ക് വേഗത്തില്‍ പാഞ്ഞുപോകുന്ന ശബ്ദവും കേട്ടുവെന്നും സുരേഷ് പറഞ്ഞു.
വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മ്മിച്ച് രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി. എന്നാല്‍ കഴിഞ്ഞ ദിവസം സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയതിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ടു നശിപ്പിച്ചിരുന്നു.
സുരേഷിന്റെ ബന്ധുവിന്റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങളില്‍ രണ്ട് ബൈക്ക് പോകുന്നത് കണ്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ സമരത്തെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും സുരേഷ് വ്യക്തമാക്കി.
COMMENTS