തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തിയായ തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില് ട്രക്കി...
തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തിയായ തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില് ട്രക്കിംഗ് നടത്തുന്നത് താല്‍ക്കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ ഈ നിര്‍ദേശം. പോയ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരുന്നതും ഈ നടപടിക്ക് കാരണമായി.
തേനിയില്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി ട്രക്കിംഗ് നടത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത ഒരു കൗമാരക്കാരനാണ് നാല്‍പ്പതോളം പേരടങ്ങുന്ന സംഘത്തെ വനത്തിലേക്ക് നയിച്ചത്. താഴ്വാരത്തില്‍ നിന്നും ആരംഭിച്ച കാട്ടുതീ കണ്ട് ഭയപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂട്ടം തെറ്റി ഓടുകയും 15 മീറ്ററോളം ഉയരത്തില്‍ കത്തിയ തീനാളങ്ങളില്‍ കുടുങ്ങുകയുമായിരുന്നുവെന്നാണ് അറിവാകുന്ന വിവരം.
ഇന്നലെ വൈകുന്നേരം മുതല്‍ ആളിക്കത്തിയ തീ ഇന്ന് അല്പം ശമിച്ചു തുടങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സാധിച്ചത്. ദുരന്തത്തില്‍ 14 പേര് മരിച്ചതായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന കേരളാ ഉദ്യോഗസ്ഥര്‍ നല്കുന്ന അനൗദ്യോഗിക വിവരം. എന്നാല്‍ ഒന്‍പത് പേരുടെ മരണമാണ് തേനി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. വനത്തില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും പുറത്ത് എത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ നടപടി പൂര്‍ത്തിയായ ശേഷമായിരിക്കും മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക.
COMMENTS