Search

ബംഗാളിനു പിന്നാലെ ത്രിപുരയും നഷ്ടപ്പെട്ടതെന്തുകൊണ്ട്, കാരാട്ടും യെച്ചൂരിയും ബേബിയും മതിയോ മോഡിയുടെ ഫാസിസ്റ്റ് തന്ത്രങ്ങളെ ചെറുക്കാന്‍, വലിയൊരു മാറ്റത്തിനു സമയമായി സഖാക്കളേ...


എസ് ജഗദീഷ് ബാബു

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അംഗീകരിക്കാത്തതാണ് ത്രിപുര കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയത്. 10 വര്‍ഷം നൃപന്‍ ചക്രവര്‍ത്തിയും അഞ്ചു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ദശരഥ് ദേവും പിന്നെ 20 വര്‍ഷം മണിക് സര്‍ക്കാരും ഭരിച്ച ത്രിപുര സി.പി.എമ്മിന്റെ ചെങ്കോട്ട തന്നെയായിരുന്നു.

കേവലം ഒന്നര ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി. ചരിത്രത്തില്‍ ആദ്യമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ത്രിപുര പിടിച്ചടക്കിയത് മാറ്റത്തിന്റെ മാത്രം സൗന്ദര്യശാസ്ത്രമാണ്. 34 കൊല്ലം ഭരിച്ച ബംഗാള്‍ മമതാ ബാനര്‍ജി പിടിച്ചെടുത്തപ്പോഴെങ്കിലും ഈ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം സി.പി.എമ്മും ഇടതുപക്ഷവും തിരിച്ചറിയേണ്ടതായിരുന്നു. 50 വര്‍ഷത്തോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്നുണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണം ഇതുതന്നെയാണ്.

നിലവിലുള്ള വ്യവസ്ഥിതി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍. അതു തെളിയിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയം. ഭരണവിരുദ്ധ വികാരം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പരീക്ഷിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. തുടര്‍ച്ചയായ ഭരണം, സുഖസൗകര്യങ്ങള്‍, ജീവിതരീതി എന്നിവ ഏതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ബൂര്‍ഷ്വാ സ്വഭാവമുള്ള ജനാധിപത്യ പാര്‍ട്ടിയായി മാറ്റിത്തീര്‍ക്കും. ഇന്നലെ ബംഗാളിലും ഇന്ന് ത്രിപുരയിലും സംഭവിച്ചത് സി.പി.എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ കേരളത്തിലും ആവര്‍ത്തിക്കും.

പാര്‍ലമെന്റില്‍ കേവലം രണ്ട് എം.പി.മാരുണ്ടായിരുന്ന ബി.ജെ.പി. ഇന്ന് 20 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയായി മാറിയത് നിലവിലുണ്ടായിരുന്ന ഭരണത്തിലുള്ള ജനങ്ങളുടെ അസംതൃപ്തിയും ഭരണവിരുദ്ധവികാരവും മുതലെടുത്തു തന്നെയാണ്. മണിക് സര്‍ക്കാര്‍ എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായകൊണ്ടു മാത്രം നേരിടാവുന്നതല്ല മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ തൃഷ്ണ. രാജ്യം ഭരിക്കുന്ന ബി.ജെ.പി.ക്ക് ഭരണസ്വാധീനവും സാമ്പത്തിക ശക്തിയും ഉപയോഗിച്ച് മാറ്റം വേണമെന്ന മുദ്രാവാക്യത്തിന് ജീവന്‍ നല്‍കാന്‍ കഴിഞ്ഞപ്പോള്‍ മണിക് സര്‍ക്കാര്‍ അടിതെറ്റി വീഴുകയായിരുന്നു.

തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധന, തുടങ്ങിയ വികസന മുദ്രാവാക്യങ്ങളാണ് ഇതര സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ബി.ജെ.പി. ത്രിപുരയില്‍ മുന്നോട്ടുവച്ചത്. കാല്‍ നൂറ്റാണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിച്ചിട്ടും തൊഴിലില്ലായ്മയും ദാരിദ്ര്യവും വികസനമില്ലായ്മയും ത്രിപുരയിലും ഉണ്ടായിരുന്നു എന്നതാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് ഊര്‍ജ്ജമായി മാറിയത്.


നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവവും അമിത്ഷായുടെ തിരഞ്ഞെടുപ്പ് കുതന്ത്രങ്ങളും നാഗാലാന്റിലും മേഘാലയിലും ഇനി കാണാന്‍ പോകുകയാണ്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മേഘാലയ പോലും ബി.ജെ.പി. ഭരിക്കാന്‍ ശ്രമിക്കുകയാണ്. നാഗാലാന്റാകട്ടെ, ഇരുവിഭാഗവും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഗോവയും മറ്റും പിടിച്ചെടുത്ത അതേ തന്ത്രമാണ് ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ ബി.ജെ.പി. പയറ്റാന്‍ പോകുന്നത്.

ഇന്ദിരാഗാന്ധിക്ക് ശേഷം ദേശീയതലത്തില്‍ അംഗീകാരമുള്ള ഒരു നേതാവ് കോണ്‍ഗ്രസിന് ഉണ്ടായില്ല എന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ഗതിയില്‍ എത്താന്‍ കാരണം. മതേതരത്വത്തിലും അഖണ്ഡതയിലും ചേരിചേരാ നയത്തിലും അധിഷ്ടിതമായൊരു നിലപാട് കോണ്‍ഗ്രസിന് കൈമോശം വരുകയും ചെയ്തു.

ആഗോളവത്കരണത്തിന്റെ വരവോടെ സാമ്പത്തിക നയങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് രാജ്യം കീഴ്‌പ്പെടുകയും ചെയ്തു. ഒരു തിരുത്തല്‍ ശക്തിയായി കോണ്‍ഗ്രസിനെ നേര്‍വഴിക്ക് കൊണ്ടുവരേണ്ട കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമാകട്ടെ, അവര്‍ വിജയിച്ചുവന്ന സംസ്ഥാനങ്ങളില്‍ പോലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശീയ തലത്തില്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്ന നേതാക്കള്‍ എ.കെ.ജി.യുടേയും ഇ.എം.എസിന്റേയും സുര്‍ജിത്തിന്റേയും കാലം വരെ ഉണ്ടായിരുന്നു. ഭരണത്തില്‍ എത്തിയില്ലെങ്കിലും ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ശബ്ദമായിരുന്നു ഈ നേതാക്കളുടേത്.

കാമ്പസുകളില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും എംഎ ബേബിയും തോമസ് ഐസക്കും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഡല്‍ഹിയിലും രാജ്യത്തും നിര്‍ണായക ശക്തിയല്ലാതായി മാറി. ജ്യോതി ബസു പറഞ്ഞതുപോലെ, നിര്‍ണായക ഘട്ടങ്ങളിലെ ചരിത്രപരമായ വിഡ്ഢിത്തങ്ങളാണ് ഈ അവസ്ഥയില്‍ എത്തിച്ചത്.

കുറ്റിച്ചൂലുമായി ഡല്‍ഹിയിലിറങ്ങിയ അരവിന്ദ് കേജരിവാളിന് ചെയ്യാന്‍ കഴിഞ്ഞത് 80 കൊല്ലം കൊണ്ട് പോലും സഖാക്കള്‍ക്ക് കഴിഞ്ഞില്ല. അട്ടിപ്പേറായി ഡല്‍ഹിയില്‍ ജീവിച്ചിട്ടും കാരാട്ടിനും യെച്ചൂരിക്കും ഡല്‍ഹി കോര്‍പ്പറേഷനില്‍ പ്രാതിനിധ്യം ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സാധാരണമാണ്. ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസിനേയും രണ്ടാം കക്ഷിയായ ബി.ജെ.പി.യേയും തൂത്തുവാരിക്കൊണ്ടാണ് കേജരിവാള്‍ മുഖ്യമന്ത്രിയായത്. ഇതിന് കാരണം മന്ത്രവാദമോ ചെപ്പടിവിദ്യയോ ആയിരുന്നില്ല.

കേജരിവാളിന്റെ നേതൃത്വത്തിലുള്ള പുതിയ തലമുറ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ചേരികളില്‍ പോലും അവര്‍ കടന്നെത്തി. വെള്ളമില്ലാത്തിടത്ത് വെള്ളവും വെളിച്ചമില്ലാത്തിടത്ത് വെളിച്ചവും എത്തിച്ച് അഴിമതിരഹിതമായ ഒരു ഭരണം ഉറപ്പുനല്‍കി. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ കേജരിവാള്‍ ചെയ്ത കാര്യങ്ങള്‍ മോഡി സര്‍ക്കാരിനെ പോലും പേടിപ്പിക്കുന്നതാണ്. വൈദ്യുതി ചാര്‍ജ് പകുതിയാക്കി, വെള്ളം സൗജന്യമായി നല്‍കി, അഴിമതിക്കാരായ മന്ത്രിമാരെ ചെവിക്ക് പിടിച്ച് പുറത്താക്കി, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ തുടങ്ങി വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കി. കേജരിവാളിന് മൂക്കുകയറിടാനാണ് ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള മോഡി സര്‍ക്കാര്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റുന്നത്.

ശരശയ്യയില്‍ കിടന്നുകൊണ്ട് കേജരിവാള്‍ ഡല്‍ഹി ഭരണം നടത്തുമ്പോള്‍ അത്തരം ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ ഇടതുപക്ഷത്തിനോ എന്തുകൊണ്ട് കഴിയുന്നില്ല? ജെ.എന്‍.യുവില്‍ നിന്ന് ഉദിച്ചുയര്‍ന്ന കനയ്യ കുമാറിനേയും ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടാക്കിയ ജിഗ്‌നേഷ് മേവാനി തുടങ്ങിയവരേയും പോലുള്ള യുവരക്തങ്ങളാണ് ഇന്ന് ഇന്ത്യയ്ക്ക് ആവശ്യം. അകാലവാര്‍ദ്ധക്യം ബാധിച്ച് വടി കുത്തി നടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ മോഡിയെ നേരിടാനാകില്ല.

വാര്‍ദ്ധക്യത്തിനെ വെല്ലുവിളിച്ചുകൊണ്ട് വര്‍ഗ്ഗീയതയും ഫാസിസവും വികസനവും തുടങ്ങി എല്ലാ അഭ്യാസങ്ങളും മോഡി പയറ്റും. ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പുതിയ കാലത്ത് പുതിയ രീതീയില്‍ പരീക്ഷിക്കുകയാണ് മോഡി. മോഡി വരുന്നേ എന്നു കൈകാലിട്ടടിച്ചിട്ടു കാര്യമില്ല. രാജ്യത്തെ അപകടത്തിലാക്കുന്ന ഫാസിസ്റ്റ് ഭരണത്തെ ചെറുക്കാനുള്ള വിശാലമായ ചെറുത്തുനില്‍പ്പാണ് ഒരേ ഒരു വഴി. പാളയത്തിലെ പട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും അവസാനിപ്പിച്ചാല്‍ മതി. കുടിപ്പക വെടിഞ്ഞ് ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ മനസ്സോടെ ഈ വിപത്തിനെ നേരിട്ടില്ലെങ്കില്‍ ത്രിപുര ആവര്‍ത്തിക്കപ്പെടും.

Keywords: Tripura, India, Kerala, Manik Sarkar, Arvind Kejriwal, Sitaram Yechurivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബംഗാളിനു പിന്നാലെ ത്രിപുരയും നഷ്ടപ്പെട്ടതെന്തുകൊണ്ട്, കാരാട്ടും യെച്ചൂരിയും ബേബിയും മതിയോ മോഡിയുടെ ഫാസിസ്റ്റ് തന്ത്രങ്ങളെ ചെറുക്കാന്‍, വലിയൊരു മാറ്റത്തിനു സമയമായി സഖാക്കളേ...