Search

കോള്‍മയിര്‍ കൊള്ളുന്ന പുലയാടി മക്കള്‍

 ചിത്രം: കോഴിക്കോട്ട് ഏതാനും ദിവസം മുന്‍പ് 
പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ജാസ്മിന്‍
ആലപ്പുഴയില്‍ പാവം ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നദൃശ്യങ്ങള്‍ വനിതാ എഎസ്‌ഐ പകര്‍ത്തി, സഹപൊലീസുകാര്‍ അതു സോഷ്യല്‍ മീഡിയയില്‍ പടര്‍ത്തി. അപ്പോള്‍ ഇത്രയെങ്കിലും അവരെ പറയേണ്ടേ...

എസ് ജഗദീഷ് ബാബു

ട്രാന്‍സ്‌ജെന്ററായി എന്റെ വീട്ടിലും നിങ്ങളുടെ വീട്ടിലും ഒരാള്‍ ജനിച്ചേക്കാം. ഇന്നലെയോ ഇന്നോ അത് സംഭവിച്ചില്ലെങ്കിലും നാളെ അങ്ങനെ ഒരാള്‍ നമ്മുടെ വീട്ടില്‍ ഉണ്ടായാല്‍ നമ്മള്‍ ആ കുട്ടിയെ വളര്‍ത്തില്ലേ? ഇത്തരമൊരു ചിന്ത ഇല്ലാത്ത മനുഷ്യന്‍ മൃഗത്തേക്കാള്‍ ക്രൂരനെന്ന് പറയേണ്ടി വരും.

ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ പൊലീസുകാര്‍ പിടിച്ച ട്രാന്‍സ്‌ജെന്ററിന്റെ നഗ്‌നദൃശ്യങ്ങള്‍ ഒരു വനിതാ എ.എസ്.ഐ. പകര്‍ത്തി, പൊലീസുകാര്‍ അതു പ്രചരിപ്പിച്ചു. വടക്കേ ഇന്ത്യയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ പോലും കേട്ടുകേഴ്‌വി ഇല്ലാത്ത കിരാതസംഭവം നടമാടിയത് കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ ഈറ്റില്ലമായ ആലപ്പുഴയില്‍. ആരോപണ വിധേയയായ എ.എസ്.ഐ. ആര്‍. ശ്രീലതയെ സസ്‌പെന്റ് ചെയ്തു. ഇവരാണ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞുവത്രേ! ആര്‍ക്കെല്ലാം നഗ്‌നചിത്രം അയച്ചുവെന്നത് സൈബര്‍ സെല്‍ അന്വേഷിക്കുകയാണ്.

ഒരു പൊലീസ് സ്‌റ്റേഷനകത്ത് എത്തിപ്പെടുന്ന ആണിനെ ആയാലും പെണ്ണിനെ ആയാലും നഗ്‌നരാക്കി നിര്‍ത്തി വീഡിയോ എടുക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. നഗ്‌നചിത്രം എടുക്കുന്നതിന് മുന്‍പ് ഈ മനുഷ്യജീവിയെ പൊലീസുകാര്‍ ഏതെല്ലാം തരത്തില്‍ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ടാകും?

കണ്ടുരസിച്ചിട്ട് മതിവരാതെയാണ് ആ 'നിസ്സഹായ ജീവി'യുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അട്ടപ്പാടിയിലെ ആദിവാസി മധുവിനെ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് തല്ലിക്കൊന്ന ആള്‍ക്കൂട്ടത്തിനെക്കാള്‍ ഹീനന്മാരാണ് ഈ പൊലീസുകാര്‍. ഇത്രയും ഗുരുതരമായ സംഭവമുണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് സ്‌റ്റേഷന്‍ എസ്.ഐ. രാജേഷും മുകളിലുള്ള മറ്റ് ഉദ്യോഗസ്ഥരും പറയുന്നത്.

മനുഷ്യത്വ രഹിതമായ ഈ ക്രൂരത നടത്തിയ മുഴുവന്‍ പൊലീസുകാരെയും കണ്ടത്തി സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതുള്‍പ്പെടെ നടപടികള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ ഡി.ജി.പി. ബഹ്‌റയും മുഖ്യമന്ത്രി പിണറായിയും ഒരു നിമിഷം പോലും ആ പദവികളില്‍ തുടരാന്‍ അര്‍ഹരല്ല. മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇവരെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയില്‍ ഇരിക്കാന്‍ ഈ പൊലീസുകാര്‍ ആരും യോഗ്യരല്ല.

ആലപ്പുഴയില്‍ തന്നെ ജീപ്പ് റോഡിന് കുറുകേയിട്ട് രണ്ടു പേരുടെ ജീവന്‍ അപഹരിച്ചതും ഇതേ പൊലീസാണ്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ 70 കാരന്റെ മൂക്കിടിച്ച് പരത്തി. കോട്ടയത്ത് സ്‌റ്റേഷന് മുന്നില്‍ എസ്.ഐ. പരസ്യമായി അഴിഞ്ഞാടി. ഇതെല്ലാം പരിഹരിക്കാന്‍ ഇന്ന് സംസ്ഥാനത്ത് ഉടനീളം ഡി.ജി.പി. പൊലീസ് ഉദ്യോഗസ്ഥരെ ഒരു മണിക്കൂര്‍ നല്ല പെരുമാറ്റം പഠിപ്പിച്ചു. അതേ ദിവസമാണ് സല്‍ഗുണസമ്പന്നരായ പൊലീസുകാര്‍ ട്രാന്‍സ്‌ജെന്ററിന്റെ നഗ്‌നചിത്രം പുറത്തുവിട്ടുകൊണ്ട് തങ്ങള്‍ നഗ്‌നരാണെന്ന് ലോകത്തെ അറിയിച്ചത്.

ഓര്‍മ്മവരുന്നത് മണ്‍മറഞ്ഞുപോയ കവിയും സി.പി.എം. എം.എല്‍.എ.യുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്റെ നഗരത്തില്‍ പറഞ്ഞ സുവിശേഷം എന്ന കവിതയാണ്...

' നഗരത്തില്‍ നീ പറഞ്ഞ സുവിശേഷം എന്തായിരുന്നു?
അത് കൊണ്ട് ഈ നഗരം ഇല്ലായ്മ ചെയ്യുമെന്നും
പാറയുടെ ഉറപ്പിന്മേല്‍ ഒരു പുതിയ നഗരം പണിതുയര്‍ത്തുമെന്നും ഞാന്‍ പറഞ്ഞു
നിന്റെ കേള്‍വിക്കാര്‍ ആരെല്ലാമായിരുന്നു?
'കുറേ തെരുവുതെണ്ടികളും തെമ്മാടികളും വേശ്യകളും'
അപ്പോള്‍ അവര്‍ എന്ത് ചെയ്തു?
കല്ലെറിയുകയും കയ്യടിച്ച് അഭിനന്ദിക്കുകയും
വികൃതമായി ചിരിക്കുകയും
നാണമില്ലാതെ തുള്ളിച്ചാടുകയും ചെയ്തു

നീയോ?
ഞാന്‍ കല്ലുകള്‍ വിഴുങ്ങി കയ്യടികള്‍ പോക്കറ്റിലാക്കി
കടല്‍ത്തീരത്തേക്ക് തന്നെ നടന്നുപോയി

നഗരപിതാക്കന്മാരെ കണ്ടില്ലേ?
ഉന്നതങ്ങളില്‍ അമരുന്ന അവര്‍
പുകക്കണ്ണാടിയില്‍ പൊതിഞ്ഞ് പകല്‍ മാന്യതയില്‍ പതഞ്ഞ്
നഗരത്തിന്റെ നാഡീ ഞരമ്പുകളില്‍ വിശുദ്ധവിഷബീജങ്ങളായി പടര്‍ന്നുകൊണ്ടേയിരുന്നു.'

***

'എന്നെ സന്തോഷിപ്പിക്കാനോ, ആശ്വസിപ്പിക്കാനോ പോന്ന
ഒന്നും ഞാനിവിടെ കണ്ടില്ല
പഴകിയ പഴന്തുണിക്കെട്ടുകളുടെ വാടയാണ് ഈ നഗരത്തിന്
പുഴുത്ത മുലപ്പാലിന്റെ ചുവയാണ് ഈ നഗരത്തിന്
ഐസുകട്ടയില്‍ സൂക്ഷിക്കുന്ന
മീന്‍ കണ്ണിന്റെ കാഴ്ചയാണീ നഗരത്തിന്
ശവക്കല്ലറകളുടെ നിറമാണീ നഗരത്തിന്
മക്കളുടെ മുന്‍പില്‍ ഉടുതുണി ഉരുഞ്ഞെറിഞ്ഞ്
തെറിപ്പാട്ട് പാടി പൊട്ടിച്ചിരിക്കയും പൊട്ടിക്കരയുകയും
തലയറഞ്ഞ് അഴിഞ്ഞാടി തളരുകയും ചെയ്യുന്ന
ഭ്രാന്തിത്തള്ളയാണീ നഗരം
ഭ്രാന്തിയുടെ ഗുഹ്യഭാഗം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന
പുലയാടി മക്കളുണ്ടിവിടെ.'


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോള്‍മയിര്‍ കൊള്ളുന്ന പുലയാടി മക്കള്‍