തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഹൗസിങ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഹൗസിങ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയേറ്റ് അസോസിയേഷനാണ്. ഈ സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് മുഖ്യമന്ത്രി നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ വായ്പാ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ സംഘം സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട സഹകരണസംഘ രജിസ്ട്രാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ആറുപേരുടെ സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. സെക്രട്ടേറിയേറ്റിന് പുറത്ത് ജോലി ചെയ്യുന്ന നാല് ജീവനക്കാരുടെ സസ്പെന്ഷന് ഉത്തരവ് ഉടനെ പുറത്തിറങ്ങും.
എന്നാല്‍ ഈ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സൊസൈറ്റിയിലെ അഴിമതി കണ്ടെത്തിയ ഭരണസമിതി അംഗങ്ങളെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും കേരളാ സെക്രട്ടേറിയേറ്റ് അസോസിയേഷന് ആരോപണം ഉന്നയിച്ചു.
COMMENTS