Search

ഇല്ല, അനുപമയെ മുറിവേല്‍പ്പിക്കാനോ അപമാനിക്കാനോ തോല്‍പ്പിക്കാനോ കൂട്ടുനില്‍ക്കില്ല മലയാളി, കാരണം നാടിനു നിങ്ങളെപ്പോലുള്ളവരെ വേണം

എസ് ജഗദീഷ് ബാബു

ഹൈക്കോടതി ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജി പോലും ഭയപ്പെടുന്ന ആളാണ് മുന്‍ മന്ത്രി തോമസ് ചാണ്ടി. മന്ത്രിയായിരിക്കെ, ഈ ചാണ്ടിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ മലയാളികള്‍ക്കാകെ അഭിമാനവുമാണ്.

അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥയെ സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നടപടി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. എല്‍.കെ.ജി കുട്ടിയാണോ, ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം എന്തെന്നറിയില്ലേ തുടങ്ങിയ നിലയിലുള്ള പരാമര്‍ശങ്ങളാണ് ചാണ്ടിയുടെ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി അനുപമക്കെതിരെ നടത്തിയത്. ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരും സുപ്രീം കോടതിയിലെ ഒരു ജസ്റ്റിസും തോമസ് ചാണ്ടിയുടെ കേസ് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ബെഞ്ച് മാറിയിരുന്നു. ഈ സംഭവം മാത്രം മതി ചാണ്ടിയുടെ സ്വാധീനത്തിന്റെ ആഴമറിയാന്‍.

മന്ത്രിസ്ഥാനം രാജിവച്ച് നാട്ടിലേക്ക് പുറപ്പെട്ട അദ്ദേഹം എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഔദ്യോഗിക വാഹനത്തിലാണ് സഞ്ചരിച്ചത്. രാജി വയ്ക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വീട്ടിലെത്തി രാജി സന്നദ്ധത അറിയിച്ച ശേഷമാണ് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സി.പി.ഐയുടെ നാല് മന്ത്രിമാര്‍ മന്ത്രിസഭായോഗം തന്നെ ബഹിഷ്‌കരിച്ചത്.

കായല്‍ കയ്യേറ്റവും നീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതിനെതിരെ കേസെടുത്തത് മുതല്‍ സര്‍ക്കാരിനും ഹൈക്കോടതിക്കും ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ധീരത കാണിച്ച ആലപ്പുഴ കളക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി പോലും ജില്ലാ കളക്ടറുടെ രക്ഷയ്‌ക്കെത്തിയില്ല. പകരം സമാന്തരമായി അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെക്കൊണ്ട് മറ്റൊരു റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് ചെയ്തത്.

കേസ് ഹൈക്കോടതിയിലെത്തിയ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ കാര്യത്തില്‍ പോലും റവന്യൂ മന്ത്രി ചന്ദ്രശേഖരനോട് ആലോചിക്കാതെയാണ് മറ്റൊരാളെ കേസ് ഏല്‍പ്പിച്ചത്. മന്ത്രിയായിരിക്കേ സര്‍ക്കാര്‍ എടുത്ത നടപടിക്കെതിരെ മന്ത്രി തന്നെ കേസിന് പോയതിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചപ്പോഴാണ് തോമസ് ചാണ്ടിക്ക് നില്‍ക്കക്കള്ളിയില്ലാതെ രാജി വയ്‌ക്കേണ്ടിവന്നത്. ഈ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് തോമസ് ചാണ്ടി.

ആദ്യം കേസ് തീര്‍ത്ത് വരുന്നവര്‍ക്ക് മന്ത്രിസ്ഥാനം എന്ന ഇടതുമുന്നണിയുടെ തീരുമാനത്തില്‍ പിടിച്ച് വീണ്ടും മന്ത്രിയാകാനുള്ള എല്ലാ ശ്രമവും ചാണ്ടി നടത്തിയിരുന്നു. വിധിവശാല്‍ ആദ്യം കേസില്‍ നിന്ന് തലയൂരിയത് എ.കെ ശശീന്ദ്രനായതുകൊണ്ടു മാത്രമാണ് ചാണ്ടി ഇപ്പോള്‍ മുന്‍ മന്ത്രിയായി തുടരുന്നത്. എ.കെ ശശീന്ദ്രനെതിരെയുള്ള കേസ് തീര്‍പ്പാക്കാതിരിക്കാനും ഒളിഞ്ഞും തെളിഞ്ഞും ചാണ്ടിയുടെ ആളുകള്‍ പതിനെട്ടടവും പയറ്റി. ഇങ്ങനെയുള്ള ചാണ്ടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്ന ജില്ലാ കളക്ടര്‍ അനുപമയെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനുള്ള ആര്‍ജ്ജവമാണ് ഹൈക്കോടതിയും കാണിക്കേണ്ടിയിരുന്നത്.

ഹൈക്കോടതിയില്‍ ചാണ്ടി സമര്‍പ്പിച്ച കേസില്‍ കളക്ടര്‍ നല്‍കിയ നോട്ടീസിലെ സര്‍വ്വേ നമ്പറിലെ പിശകാണ് ചൂണ്ടിക്കാണിച്ചത്. ആദ്യം നല്‍കിയ നോട്ടീസില്‍ അച്ചടിപ്പിശക് സംഭവിച്ചതായി ജില്ലാ കളക്ടര്‍ പറയുന്നുണ്ട്. രണ്ടാം വട്ടം നല്‍കിയ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ ശരിയാണെന്നാണ് കളക്ടറുടെ നിലപാട്. കോടതി ഉത്തരവ് ലഭിച്ച ശേഷം എങ്ങനെയാണ് സര്‍വ്വേ നമ്പറില്‍ അട്ടിമറി നടന്നതെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് കളക്ടറുടെ ശ്രമം. നേരത്തെ ആലപ്പുഴയില്‍ കളക്ടര്‍മാരായിരുന്ന രണ്ട് ഐ.എ.എസുകാരെ പ്രതിയാക്കിക്കൊണ്ടാണ് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഐ.എ.എസുകാരായ ഉദ്യോഗസ്ഥരെ അടക്കം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചാണ്ടിക്ക് വേണമെങ്കില്‍ കളക്ടറേറ്റിലെ ഏത് ഉദ്യോഗസ്ഥനെയും വിലക്കെടുക്കാനാവും. കളക്ടറേറ്റില്‍ നിന്ന് ഹൈക്കോടതിയില്‍ എത്തുന്നതുവരെയുള്ള ഏത് ഘട്ടത്തിലും ഇത്തരം ഒരു നോട്ടീസില്‍ കൃത്രിമം നടത്താന്‍ കെല്‍പുള്ളവരാണ് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍. എന്തായാലും അറിഞ്ഞുകൊണ്ട് തെറ്റായ സര്‍വ്വേ നമ്പറില്‍ തോമസ് ചാണ്ടിക്ക് ഒരു നോട്ടീസ് ജില്ലാ കളക്ടര്‍ ഒപ്പിട്ട് നല്‍കില്ലെന്ന് ഉറപ്പാണല്ലോ.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ് വേണ്ടത്. വീണ്ടും നോട്ടീസ് നല്‍കാനും അന്വേഷണം തുടരാനും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കെതിരെ പുതിയ നിയമനടപടിക്ക് ഒരുങ്ങുകയാണ് തോമസ് ചാണ്ടി. കോടതി വിമര്‍ശനത്തിനിരയായ കളക്ടര്‍ അനുപമ ഫേസ് ബുക്കിലൂടെ നടത്തിയ പ്രതികരണം ഏത് ശിലാഹൃദയനെയും സ്പര്‍ശിക്കുന്നതാണ്. എന്നെ വേണമെങ്കില്‍ തോല്‍പിക്കാം. മുറിവേല്‍പിക്കാം. അപമാനിക്കാം. പക്ഷേ നശിപ്പിക്കാനാവില്ല. ഫീനിക്‌സ് പക്ഷിയെ പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. കവിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് അനുപമ നടത്തിയിരിക്കുന്ന ഈ പ്രതികരണം മലയാളി മനസ്സാക്ഷിയുടെ നേര്‍ക്കാണ്.

നീതിക്കുവേണ്ടി പോരാടുന്ന അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ ആണായാലും പെണ്ണായാലും അവര്‍ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. ഭരിക്കുന്നവരും പ്രതിപക്ഷവും ചില ഘട്ടങ്ങളില്‍ കോടതി പോലും ഇവരെ കൈവിടും. ഏറ്റവും എളുപ്പമായ വഴി അഴിമതിക്കാരോട് സന്ധി ചെയ്യുക എന്നതാണ്.

തോമസ് ചാണ്ടിയെ പോലെ ഒരു കായല്‍ രാജാവിനോട് ഏറ്റുമുട്ടാന്‍ ഐ.എ.എസ് എന്ന മൂന്നക്ഷരം പോരെന്ന് തെളിയിക്കാനാണ് ചാണ്ടിയുടെ ശ്രമം. അന്തിമ വിജയം സത്യത്തിനാണെങ്കില്‍ അതിനു വേണ്ടി ഏതറ്റം വരെയും പോകാനൊരുക്കമാണ് എന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍.

ഇത്തരം ഘട്ടങ്ങളില്‍ തുറന്ന മനസ്സോടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ചങ്കൂറ്റമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. ഇല്ലെങ്കില്‍ ഇത്തരം ഉദ്യോഗസ്ഥരുടെ വംശം അന്യം നിന്നുപോകും.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇല്ല, അനുപമയെ മുറിവേല്‍പ്പിക്കാനോ അപമാനിക്കാനോ തോല്‍പ്പിക്കാനോ കൂട്ടുനില്‍ക്കില്ല മലയാളി, കാരണം നാടിനു നിങ്ങളെപ്പോലുള്ളവരെ വേണം