Search

പുരോഹിതനെ കുത്തിക്കൊന്നത് വ്യക്തിവിരോധം നിമിത്തമെന്നു സൂചന, പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി, പിടികൂടിയത് യൂത്ത് ക്‌ളബ് പ്രവര്‍ത്തകര്‍, പിടിയിലാവും മുന്‍പ് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു


മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിനെ മലയാറ്റൂര്‍ മലയില്‍ വച്ചു കുത്തിക്കൊന്ന മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടന്‍ കോരതിന്റെ മകന്‍ ജോണി (56) പിടിയിലായെങ്കിലും സംഭവത്തിനു പിന്നിലെ കാരണം പൊലീസ് പുറത്തുവിടുന്നില്ല.

വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും അതിനു ശേഷം മാത്രമേ വിവരം പുറത്തുവിടൂ എന്ന നിലപാടിലാണ് പൊലീസ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.

ഇന്നുച്ചയ്ക്ക് 1.15ന് മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണ് ജോണിയെ പിടികൂടിയത്. ഇവിടുത്തെ മധുരിമ യൂത്ത് കഌബിലെ യുവാക്കളാണ് ജോണിയെ ആദ്യം കണ്ടത്. ജോണി ഇവിടെയുണ്ടെന്ന സൂചനയെ തുടര്‍ന്ന് കുരിശുമുടിക്കു ചുറ്റുമുള്ള വനത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇയാള്‍ ഇവിടം വിട്ടു പോകാന്‍ ഒരു സാദ്ധ്യതയുമില്ലെന്നു പൊലീസ് ഉറപ്പിച്ചിരുന്നു.

ഓരോ സംഘത്തെയും സിഐമാരാണ് നയിച്ചത്. വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പൊലീസുകാരാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. ഇതു കൂടാതെ  ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന്‍ പൊലീസിനെയും കാട് അരിച്ചുപെറുക്കാനായി വിന്യസിച്ചിരുന്നു.

ഇഞ്ചിക്കുഴി ഭാഗത്തെ മോട്ടോര്‍ ഷെഡിനടുത്തു വച്ചാണ് ജോണിയെ കണ്ടത്. പിടിയിലാവുന്ന സമയത്ത് ഇയാള്‍ തീരെ അവശനായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും ഇതിനിടെ, തൂങ്ങാനുപയോഗിച്ചിരുന്ന മുണ്ടു പൊട്ടി താഴെ വീണു പരിക്കേറ്റുവെന്നും ജോണി പറഞ്ഞതായി യുവാക്കള്‍ പറഞ്ഞു.

പ്രതികളെ പിടികൂയതിനു പൊലീസ് സേനാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി വ്യാഴാഴ്ച സംഭവസ്ഥലത്തുനിന്നു പൊലീസിനു കിട്ടിയിരുന്നു. കുരിശുമലയിലെ ആറാം സ്ഥലത്തുവച്ച് വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ഫാ. സേവ്യര്‍ തേലക്കാട്ടിനു കുത്തേറ്റത്.

മലയിറങ്ങിവന്ന പുരോഹിതനെ തടഞ്ഞുനിര്‍ത്തി ജോണി കുത്തുകയായിരുന്നു.  ഇടതുകാലിലും തുടയിലും കുത്തേറ്റു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അമിത രക്തസ്രാവം നിമിത്തം വഴിമദ്ധ്യേ മരണം സംഭവിച്ചു.

ശനിയാഴ്ച രാവിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂരിലെ വസതിയിലേക്കു മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് രാവിലെ പത്തിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുമെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പുരോഹിതനെ കുത്തിക്കൊന്നത് വ്യക്തിവിരോധം നിമിത്തമെന്നു സൂചന, പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി, പിടികൂടിയത് യൂത്ത് ക്‌ളബ് പ്രവര്‍ത്തകര്‍, പിടിയിലാവും മുന്‍പ് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു