Search

തേനിയിലെ കാട്ടുതീയില്‍ 10 വിദ്യാര്‍ത്ഥികള്‍ വെന്തു മരിച്ചു, കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, കൂടുതല്‍ പേര്‍ ഗുരുതര നിലയില്‍ കാട്ടില്‍ കിടക്കുന്നതായി സംശയം


തേനി: തേനി ജില്ലയിലെ കുരങ്ങണിയിലെ കൊളുക്കുമലയില്‍ കാട്ടുതീയില്‍ പെട്ടവരില്‍ 10 വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. മധുര സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കെ. ജെഗനിയയാണ് ആറു പേരുടെ മരണം സ്ഥിരീകരിച്ചത്. 
15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. 26 സ്ത്രീകളും മൂന്നു കുട്ടികളും എട്ട് പുരുഷന്‍മാരുമാണ് ട്രക്കിംഗ് സംഘത്തിലുണ്ടായിരുന്നതെന്ന് തേനി ഡിവൈ എസ് പി സ്ഥിരീകരിച്ചു.

മൂന്നാറിലെ സൂര്യനെല്ലിയില്‍ നിന്ന് ബോഡിനായ്കന്നൂരിലെ കൊളുക്കുമലയിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലേക്കാണ് സംഘം പോയത്. മലയിറങ്ങുന്നതിനിടെയാണ് താഴെനിന്ന് ആളിപ്പടര്‍ന്നെത്തിയ കാട്ടുതീയില്‍ സംഘം പെട്ടുപോയത്.


രക്ഷപ്പെടാനായി ചിതറിയോടിയ സംഘത്തിലെ ചിലര്‍ രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ട്രക്കിംഗ് പാതയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ ഒരു കൂട്ടര്‍ ഒരു താഴ്ചയിലെ കുഴിയില്‍ പെട്ടുപോയി. ഉണങ്ങിയ പുല്ലു നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം. കാറ്റു വീശിയടിച്ചതോടെ, ഇവിടെ പുല്ലില്‍ തീ പടര്‍ന്നു പിടിക്കുകയും കുഴിയിലുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മഹേന്ദ്രന്‍ പറഞ്ഞു.


തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കെ. ജെഗനിയ അറിയിച്ചു. ഈ മേഖല എല്ലാ വേനല്‍ക്കാലത്തും കാട്ടുതീ പടര്‍ന്നു പിടിക്കുന്ന ഇടമാണ്. അതുകൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇവിടെ ട്രക്കിംഗ് ഒട്ടും സുരക്ഷിതമല്ല. ട്രക്കിംഗിന് വനം വകുപ്പ് അനുമതി കൊടുക്കാതിരുന്നാല്‍ പോലും ഇതുപോലുള്ള സംഘങ്ങള്‍ യാത്ര പതിവാണെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മഹേന്ദ്രന്‍ പറഞ്ഞു.
അഗ്നിശമന സേനയും പൊലീസും വ്യോമസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഡോക്ടര്‍മാരെയും മെഡിക്കല്‍ സംഘത്തെയും ദുരന്തസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്.

വൈകുന്നേരം മൂന്നരയോടെയാണ് തീ പടരാന്‍ തുടങ്ങിയത്. അപ്പോള്‍ തന്നെ ഇരുനൂറോളം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു.


തമിഴ്‌നാട്ടിലെ സേലത്തുനിന്ന് എത്തിയവരാണ് അപകടത്തില്‍ പെട്ട സംഘം. അനധികൃതമായി ട്രക്കിംഗിനു പോയവരാണ് അപകടത്തില്‍ പെട്ടവര്‍.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യോമസേനാ ഹെലികോപ്ടര്‍ വിട്ടുനല്കിയത്. ഹെലികോപ്ടര്‍ എത്തിയപ്പോള്‍ രാത്രിയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായി.

വെളുപ്പിന് സൂര്യനുദിക്കുമ്പോള്‍ തന്നെ വ്യോമസേന തിരച്ചില്‍ പുനരാരംഭിക്കുമെന്ന് നിര്‍മല സീതാരാമന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Keywords: Theni, Forest Fire, Korangini, Munnar, Nirmala Seetharaman, Palaniswamy

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തേനിയിലെ കാട്ടുതീയില്‍ 10 വിദ്യാര്‍ത്ഥികള്‍ വെന്തു മരിച്ചു, കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, കൂടുതല്‍ പേര്‍ ഗുരുതര നിലയില്‍ കാട്ടില്‍ കിടക്കുന്നതായി സംശയം