ഓക്ലന്‍ഡ് : ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അമ്പരപ്പിക്കുന്ന തകര്‍ച്ചയോടെ ഇംഗ്ലണ്ട് 20.4 ഓവറില്‍ വെറും 58 റണ്‍സിനു പുറത്തായി....
ഓക്ലന്‍ഡ് : ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അമ്പരപ്പിക്കുന്ന തകര്‍ച്ചയോടെ ഇംഗ്ലണ്ട് 20.4 ഓവറില്‍ വെറും 58 റണ്‍സിനു പുറത്തായി.
ആദ്യ ടെസ്റ്റില്‍ തീ പാറുന്ന ബൗളിംഗിലൂടെ സീമര്‍ ട്രെന്റ് ബൗള്‍ട്ട് 32 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് തുകര്ന്നടിയുകയായിരുന്നു. 25 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തിയ സീമര്‍ ടിം സൗത്തീ, ബൗള്‍ട്ടിനു മികച്ച പിന്തുണ നല്കി.
ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഇംഗ്ലണ്ടിനെ ആദ്യം ബാറ്റു ചെയ്യാന്‍ വിടുകയായിരുന്നു. കിവീസ് ബൗളിംഗ് ഓപ്പണ്‍ ചെയ്ത ബൗള്‍ട്ടും സൗത്തീയും ചേര്‍ന്ന് ഇംഗ്ലീഷ് ബാറ്റിംഗ് തകര്‍ത്തു തരിപ്പണമാക്കി. മാര്‍ക്ക് സ്റ്റോണ്‍മാന്‍ (11), ക്രെയ്ഗ് ഓവര്ട്ടന് (33 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം തികച്ചത്.
1955ല്‍ ഇംഗ്ലണ്ടിനെതിരെ ഈഡന് പാര്‍ക്കില്‍ ന്യൂസിലന്‍ഡ് 26 റണ്‍സിനു പുറത്തായതാണ് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ടെസ്റ്റ് ഇന്നിംഗ്സ് സ്കോര്‍. ഈ മത്സരം ഇംഗ്ലണ്ട് ഇന്നിംഗ്സിനും 20 റണ്‍സിനും ജയിച്ചിരുന്നു. ഈ നാണക്കേടിനു പകരം വീട്ടുന്ന പ്രകടനമായി ന്യൂസിലന്‍ഡിന്റേത്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറുകളിലൊന്നാണിത്. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ സ്കോറാണിത്. ഏതെങ്കിലും ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ സ്കോറുമാണ് ഇത്.
1887ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 45 റണ്‍സിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോര്‍. പക്ഷേ, ഈ ടെസ്റ്റ് ഇംഗ്ലണ്ട് 13 റണ്‍സിനു ജയിച്ചിരുന്നു. 2009ല്‍ കിംഗ്സ്റ്റണില്‍ വെസ്റ്റിന്‍ഡീസിനെതിരെ 51 റണ്‍സിനു പുറത്തായ ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
ന്യൂസിലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനവും ഇതു തന്നെ. 1978ല്‍ വെല്ലിംഗ്ടന് ടെസ്റ്റിന്റെ അവസാന ഇന്നിംഗ്സില്‍ 64 റണ്‍സിനു പുറത്തായതായിരുന്നു ന്യൂസിലന്‍ഡിനെതിരായ ഇതുവരെയുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം.
ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ഇന്നിംഗ്സ് സ്കോറുകള്‍ :
45 റണ്‍സ് ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍, 1887 ജനുവരി 28.
46 റണ്‍സ് വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍, 1994 മാര്‍ച്ച് 25.
51 റണ്‍സ് വെസ്റ്റിന്‍ഡീസിനെതിരെ കിംഗ്സ്റ്റണില്‍, 2009 ഫെബ്രുവരി നാല്.
52 – റണ്‍സ് ഓസ്ട്രേലിയയ്ക്കെതിരെ ഓവലില്‍, 1948 ഓഗസ്റ്റ് 14.
53 റണ്‍സ് ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സില്‍, 1888 ജൂലൈ 16.
58 റണ്‍സ് ന്യൂസിലന്‍ഡിനെതിരെ ഓക്ലന്ഡില്, 2018 മാര്‍ച്ച് 22.
ഓക്ലന്ഡില് വാലറ്റത്ത് 25 പന്തുകളില്‍ അഞ്ചു ഫോറുകളും ഒരു സിക്സുമുള്‍പ്പെടെ തകര്‍ത്തടിച്ച് ബൗളര്‍ ക്രെയെഗ് ഓവര്ട്ടന് 33 റണ്‍സോടെ പുറക്കാതെ നിന്നതു കൊണ്ടാണ് ഇംഗ്ലണ്ട് സ്കോര്‍ 50 കടന്നത്. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 23 റണ്‍സെന്ന ദയനീയ നിലയിലായിരുന്നു ഇംഗ്ലണ്ട്.
തുടര്‍ച്ചയായി 10 ഓവറുകള്‍ വീതമെറിഞ്ഞ ബൗള്‍ട്ടും സൗത്തീയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. തന്റെ പതിനൊന്നാം ഓവറില്‍ ബൗള്‍ട്ട് ഇംഗ്ലീഷ് തകര്‍ച്ച പൂര്‍ത്തിയാക്കി. ഇവര്‍ ഇരുവരുമല്ലാതെ വേറൊരു ന്യൂസിലന്‍ഡ് ബൗളര്‍ക്ക് ബൗള്‍ ചെയ്യേണ്ടി വന്നില്ല. ബൗള്‍ട്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗാണിത്.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് ഒന്നാമിന്നിംഗ്സില്‍ മൂന്നു വിക്കറ്റിന് 152 റണ്‍സെടുത്തു നില്ക്കുന്നു. നായകന് കെയ്ന്‍ വില്യംസണും (82) ഹെന്റി നിക്കോള്‍സുമാണ് (6) ക്രീസില്‍.
ന്യൂസിലന്‍ഡിന് 94 റണ്‍സ് ഒന്നാമിന്നിംഗ്സ് ലീഡ്. ഓപ്പണര്‍മാരായ ജീത് റാവല്‍ (10), ടോം ലാത്തം (26), റോസ് ടെയ്ലര് (20) എന്നിവരാണു പുറത്തായ കിവീസ് ബാറ്റ്സ്മാന്മാര്. ഇംഗ്ലണ്ടിനു വേണ്ടി ആന്ഡേഴ്സണ് രണ്ടു വിക്കറ്റും ക്രിസ് ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി.
മാന്യമായ സ്കോര്‍ പടുത്തുയര്‍ത്തിയാല്‍ മത്സരം ന്യൂസിലാന്‍ഡിന്റെ വരുതിയില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്.
Keywords: England, New Zealand, Sports, Cricket
COMMENTS