Search

നട്ടുച്ച നേരത്തുള്ള ആന എഴുന്നള്ളിപ്പ് ഒഴിവാക്കണം: കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍

തൃശ്ശൂര്‍: കനത്ത ചൂടുള്ള സാഹചര്യത്തില്‍ നട്ടുച്ചനേരത്തെ ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന് ആന ഉടമകള്‍ ആവശ്യപ്പെട്ടു. ഈ സമയത്തിനു പകരം എഴുന്നള്ളിപ്പ് മൂന്നുമണിക്കു ശേഷമാക്കണമെന്നാണ് നിര്‍ദ്ദേശം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വങ്ങള്‍ക്കും ഉത്സവകമ്മിറ്റികള്‍ക്കും കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ കത്ത് നല്‍കി.

ചൂട് കൂടിയതോടെ ആനകള്‍ക്ക് മദമിളകുന്നതും ഇടഞ്ഞോടുന്നതും പതിവായിരിക്കുന്നു. ഭൂരിഭാഗം ക്ഷേത്രങ്ങളിലും നട്ടുച്ചനേരത്താണ് പൂരം എഴുന്നെള്ളിപ്പ് നടക്കുക. കൊടുംചൂടില്‍ നെറ്റിപ്പട്ടം കെട്ടി നില്‍ക്കേണ്ടി വരുമ്പോള്‍ ആനകള്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാവുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് നട്ടുച്ചനേരത്തെ എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന ആവശ്യം ആന ഉടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നട്ടുച്ചയ്ക്കുളള എഴുന്നള്ളിപ്പ് ഒഴിവാക്കാനാകില്ലെങ്കില്‍ ആനകള്‍ക്ക് നേരിട്ട് വെയില്‍ എല്‍ക്കാത്ത രീതിയില്‍ പന്തൊലൊരുക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ ഈ ആവശ്യത്തിനോട് മിക്ക ഉത്സവകമ്മിറ്റികളും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

ആനകള്‍ നില്‍ക്കുന്നിടം നനയ്ക്കാനും ശരീരത്തില്‍ ഒഴിക്കാനും ആവശ്യമായ വെള്ളം  ലോറിയില്‍ എത്തിക്കാനാണ് ഉടമകളുടെ തീരുമാനം. ഇതിനാവശ്യമായ തുക ആന ഉടമകള്‍ തന്നെ കണ്ടെത്തും.

സംസ്ഥാനത്ത് ആകെ 500 ആനകളാണുള്ളത്. ഇതില്‍ തൃശൂരില്‍ മാത്രം 150 ആനകളുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നട്ടുച്ച നേരത്തുള്ള ആന എഴുന്നള്ളിപ്പ് ഒഴിവാക്കണം: കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍