Search

ഇനിയും ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കും...


ഡോ. സുനില്‍ പി. കെ.

'തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ
ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍'

ദുരവസ്ഥയിലെ കുമാരനാശാന്റെ വരികള്‍ ആദ്യമായി കുട്ടിക്കാലത്ത് വായിക്കുമ്പോള്‍ അതത്ര ആഴത്തിലെന്നെ സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ അമ്മ പറഞ്ഞു തന്ന കഥകള്‍ കൂടി കേട്ടപ്പോഴാണ് എത്രമാത്രം കെട്ട കാലമാണ് കടന്നു പോയത് എന്നെനിക്ക് മനസ്സിലായത്.

തീണ്ടാപ്പാടകലം.

അയിത്തക്കാരായ കീഴ്ജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും ദൂരെ മാറി നില്‍ക്കാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ദൂരം. അതില്‍ തന്നെ ജാതിയുടെ ഉച്ചനീചത്വങ്ങള്‍ക്കനുസരിച്ച് ദൂരവ്യത്യാസമുണ്ട്. ചിലരെയൊക്കെ കാണുന്നത് തന്നെ അയിത്തമായിരുന്നുവത്രേ. അയിത്തജാതിക്കാര്‍ തീണ്ടാപ്പാടിനുള്ളിലായാല്‍ അവരെ പ്രമാണിമാരുടെ അകമ്പടിക്കാര്‍ക്ക് അടിച്ചോടിക്കാം. അയിത്തമാക്കുന്നത് പാപമാണെന്ന് കൂടി കീഴാളബോധത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച സവര്‍ണരുടെ പ്രഹരപ്രതിഫലം!


അയിത്തക്കാരെ അകറ്റാന്‍ കൂക്കിവിളിക്കുമായിരുന്നു, ഉന്നതകുലജാതരെ അനുഗമിക്കുന്നവര്‍. അയിത്തക്കാരെ തിരിച്ചറിയാനും അടയാളങ്ങളുണ്ടായിരുന്നു. അരയ്ക്ക് മേല്‍ വസ്ത്രമോ, ചെരുപ്പോ മാലയോ ആഭരണങ്ങളോ പാടില്ല. അങ്ങിനെയങ്ങനെ.

ഏറ്റവും അത്ഭുതപ്പെടുത്തിയിരുന്നത് മേല്‍ജാതിക്കാരില്‍ നിന്നും അയിത്തത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടവര്‍ തങ്ങളുടെ താഴെയുള്ള ജാതിക്കാര്‍ക്ക് മേല്‍ അത് പ്രയോഗിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു എന്നതാണ്.

നമ്പൂരിക്കും നായര്‍ക്കും മുന്നില്‍ തീണ്ടാപ്പാടകലം പാലിക്കാത്തതിന് അടി കൊണ്ട ഈഴവന്‍ തങ്ങളില്‍ താഴ്ന്ന പുലയനേയും പറയനേയും കൂവിയാര്‍ത്ത് ആട്ടിയകറ്റി!

എന്നാല്‍ താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഉയര്‍ന്ന ജാതിക്കാര്‍ക്ക് അയിത്തമുണ്ടായിരുന്നില്ല താനും. ഒന്നു കുളിച്ചാല്‍ തീരാവുന്ന അശുദ്ധി!


ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞു, ഇന്ത്യ സ്വാതന്ത്ര്യം നേടി, അയിത്താചാര (കുറ്റങ്ങള്‍) 1965, നിലവില്‍ വന്നു. അയിത്തം ഏത് രീതിയിലുമുള്ളതും കുറ്റകരമായി. എന്നാലും ഇപ്പോഴും തീണ്ടലും തൊടീലും പല തരത്തിലും നിലനില്‍ക്കുന്നു.


കുട്ടിക്കാലത്ത് ജാതിയുടെ പേരില്‍ വിവേചനം അനുഭവിച്ചതായി ഓര്‍ക്കുന്നില്ല. അവര്‍ണരെങ്കിലും കേരളത്തിലെ പ്രബല സമുദായത്തില്‍പ്പെട്ടതാവാം കാരണം. എല്ലാ മതത്തില്‍പ്പെട്ടവരും കളിക്കൂട്ടുകാരായുണ്ടായിരുന്നു. സവര്‍ണര്‍ ആരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ലെങ്കിലും സ്‌കൂളിലെ സഹപാഠികളിലെ മേല്‍ജാതിക്കാരാരും തന്നെ ഞങ്ങളെയൊന്നും ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയിരുന്നില്ല.


'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണ്' എന്ന ബെന്യാമിന്‍ വാചകം ഓര്‍മ്മപ്പെടുത്തും പോലെ ഇക്കാലഘട്ടത്തിലെ ഒരു ദളിതന്റെ ജീവിതം ഇങ്ങനെയൊന്നുമായിരിക്കില്ല എന്നെനിക്ക് ബോധ്യമുണ്ട്.


കുട്ടിക്കാലത്തെ ഒരനുഭവം പറയാനാണ് ജാതിവിവേചനത്തെപ്പറ്റി പറഞ്ഞത്. വളരെ സ്വാഭാവികമായി, ഒട്ടും തന്നെ അലോസരം തോന്നാത്ത രീതിയിലാണ് ജാതി ചേര്‍ത്ത് ഓരോരുത്തരേയും വിളിച്ചിരുന്നത്. എത്ര പ്രായമായിരുന്നവരേയും അവരുടെ ജാതിപ്പേര് ചേര്‍ത്താണ് കൊച്ചു കുട്ടികള്‍ പോലും വിളിച്ചിരുന്നത്.ആരും തന്നെ അത് തെറ്റായി കണ്ടിരുന്നില്ലെന്നതും അതിശയിപ്പിക്കുന്നു. തിരുത്താനാവാതെ പോയ ബാല്യത്തിലെ ഒരേട്...


'ഏത് ജാതിയാണ്?'

'ജാതി ചോദിക്കുന്നില്ല സോദരീ
ചോദിക്കുന്നു നീര്‍ 
ദാഹിച്ചു നാവുവരണ്ടഹോ ' എന്ന ആശാന്റെ വരികള്‍ പിറന്ന നാട്ടില്‍ നമ്മളില്‍ പലരും ഉള്ളില്‍ ചോദിക്കുന്ന ചോദ്യമാണിത്.


വിശേഷപ്പെട്ട ആരെങ്കിലും സ്വജാതിയില്‍പെട്ടതാണെന്ന് അറിയുമ്പോള്‍ ഉള്ളില്‍ അനല്‍പ്പമായ സന്തോഷം നുരയാറുണ്ടോ?


നമ്മുടെ മേലെയുള്ള അധികാരികള്‍ ആരെയെങ്കിലും പറ്റി ജാതീയമായി ചിന്തിക്കാന്‍ ഇട വന്നിട്ടുണ്ടോ?


അതീവ സൗന്ദര്യമുള്ള ഒരാളുടെ ജാതി അറിയുമ്പോള്‍ ' കണ്ടാല്‍ ........ ആണെന്ന് പറയില്ലാട്ടോ' എന്ന് തോന്നിയിട്ടുണ്ടോ?


എങ്കില്‍ നിങ്ങളുടെ ആസനത്തിലും ജാതിയുടെ വന്മരം വളര്‍ന്നു നില്‍പ്പുണ്ട് ... അതിന്റെ തണലില്‍ നിങ്ങള്‍ അഭിരമിക്കുമ്പോഴും ആ മരത്തിന്റെ വേരുകള്‍ നിങ്ങളെ വികൃതമാക്കുന്നുണ്ട്.


കാലത്തിന് മുമ്പേ സഞ്ചരിച്ച ശ്രീ നാരായണ ഗുരു കേവലം ഒരു സമുദായാചാര്യനായിപ്പോയ നാട്ടില്‍. ജാതിയുടെ അദൃശ്യമായ മേലാപ്പുമായി നിരവധി ആളുകള്‍ അഹങ്കാരത്തോടെ നടക്കുന്ന നാട്ടില്‍. ഇനിയും ജാതിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കും...


Keywords: Dr. Sunil P. K, Casteism, Keralavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇനിയും ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കും...