തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു വീഴ്ച്ചയും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഈ കേസില്‍ നിയമമന്ത്രി എ.കെ.ബാലന് കണ്ണൂരില്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണവും നല്കി. കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും, അന്വേഷണം ഫലപ്രദമായി നടത്തുമെന്നാണ് നിയമമന്ത്രി കണ്ണൂരില്‍ പറഞ്ഞതെന്നും സിബിഐ അന്വേഷണം നടത്താം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
2016 ല്‍ സംസ്ഥാനത്താകെ 10 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 2017 ല്‍ അത് 5 ആയി കുറഞ്ഞു. വധക്കേസുകളില്‍ ബിജെപി, എസ്ഡിപിഐ, സിപിഎം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളതെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധക്കേസ് അന്വേഷണത്തില്‍ പോലീസില്‍ നിന്ന് വിവരം ചോര്‍ന്നുവെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. അത്തരമൊരു വിവരം സര്‍ക്കാരിനില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വാസത്തിലെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരം ഉണ്ട്. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവില്ല. പൊലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കുന്നതിന് ആരെങ്കിലും ശ്രമിച്ചാല്‍ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അതിന് കണ്ണൂരെന്നോ കേരളത്തില്‍ വേറെ എവിടെയെന്നോ ഉള്ള വ്യത്യാസമില്ലെന്നും കണ്ണൂരില്‍ സിപിഎമ്മിന് ബോംബ് നിര്‍മ്മാണ ശാലകളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊലപാതകങ്ങള്‍ക്കെതിരെ നിയമം കര്‍ക്കശമാക്കാന്‍ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
COMMENTS