ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് (യു.ഐ.ഡി.എ) സുപ്രീം കോടതി അനുമതി നല്കി. ഉച്ചയ്ക്ക്...
ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് (യു.ഐ.ഡി.എ) സുപ്രീം കോടതി അനുമതി നല്കി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇതിനായുള്ള പവര്‍പോയിന്റ് അവതരണം കോടതിയില്‍ നടക്കും. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഇതിനുള്ള അനുമതി നല്‍കിയത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ യു.ഐ.ഡി.എയെ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
ആധാര്‍ എല്ലാ മേഖലകളിലേക്കും നിര്‍ബന്ധമാക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്നും ആധാര്‍ വിവരങ്ങള്‍ 10 അടി വീതിയുള്ള ചുവരുകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നലെ വാദിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കോടതി മുറിയില്‍ നേരിട്ട് തെളിയിക്കാന്‍ യു.ഐ.ഡി.എയ്ക്ക് അനുമതി നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം. യു.ഐ.ഡി.എ ആധാര്‍ എന്തുകൊണ്ട് സുരക്ഷിതമാണ്, ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ എവിടെ, എങ്ങനെ സൂക്ഷിക്കും എന്നീ കാര്യങ്ങള്‍ വിശദീകരിക്കും. ഹര്‍ജിക്കാരുടെ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ യു.ഐ.ഡി.എയുടെ സാങ്കേതിക വിവരണത്തിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
9000 കോടി രൂപയാണ് ആധാര്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനായി യു.ഐ.ഡി.എ ഇതുവരെ വിനിയോഗിച്ചത്. ആധാര്‍ നിലവില്‍ വന്നതോടെ സര്‍ക്കാരിന് സബ്സിഡി ആനുകൂല്യ വിതരണങ്ങളില്‍ 58 ശതമാനത്തോളം അനാവശ്യ ചെലവ് കുറയ്ക്കാനായെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
COMMENTS