Search

ഷുഹൈബ് വധം: പിടികിട്ടാപ്പുള്ളി ആകാശ് കീഴടങ്ങി, കൂടുതല്‍ അറസ്റ്റിനു സാധ്യത, സിപിഎം നേതൃത്വവും സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തില്‍


ജാവേദ് റഹ്മാന്‍

കോഴിക്കോട് : മട്ടന്നൂരിലെ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കൂടി കീഴടങ്ങിയതിനു പിന്നാലെ, കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നു പൊലീസ് സൂചന നല്കി.

ദേശീയ തലത്തില്‍ തന്നെ ഈ കൊലപാതകം ചര്‍ച്ചയായിരിക്കെ, മുഖം രക്ഷിക്കാനായി ഇടതു സര്‍ക്കാരിനു പ്രവര്‍ത്തിക്കാതെ വയ്യെന്ന അവസ്ഥയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കൊലപതാക രാഷ്ട്രീയത്തിനെതിരേ 48 മണിക്കൂര്‍ ഉപവസിക്കാനും തയ്യാറെടുക്കവേയാണ് അറസ്റ്റുകളും കീഴടങ്ങലും.

ആകാശ് തില്ലങ്കേരി, റോജിന്‍ രാജ് എന്നിവര്‍ കീഴടങ്ങിയതായി അനൗദ്യോഗികമായി പൊലീസ് സ്ഥിരീകരിച്ചു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കൊപ്പം മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. എന്നാല്‍, നേരത്തേ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കീഴടങ്ങലെന്നും പറയപ്പെടുന്നു. കീഴടങ്ങിയ മറ്റു മൂന്നു പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.

പിടികൂടിയവരാരും യഥാര്‍ത്ഥ പ്രതികളല്ലെന്ന് ഷുഹൈബിന്റെ ബാപ്പ

പിടികൂടിയിരിക്കുന്നവരൊന്നും യഥാര്‍ത്ഥ പ്രതികളല്ലെന്നാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആരോപിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ചുകൊണ്ട്, മുന്‍പ് കേസില്‍ പെട്ടവരെ ഈ കേസില്‍ കൂടി പ്രതിയാക്കി തലയൂരാനാണ് ശ്രമമെന്ന് മുഹമ്മദ് പറയുന്നു. കൊലപാതകം നടന്ന് അഞ്ചു ദിവസമായിട്ടും പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിട്ടില്ല. ഇതു തന്നെ കള്ളക്കളിക്കു തെളിവാണ്. ഇത്തരത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ സമീപവാസികളും സിപിഎം ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.


ആകാശ് തില്ലങ്കേരി  ഒളിവില്‍ 

കഴിഞ്ഞത് തിരുവനന്തപുരത്ത്


തില്ലങ്കേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ആകാശ് തില്ലങ്കേരി, റോജിന്‍ രാജ് എന്നിവര്‍ പ്രതികളാണ്. ഈ കേസില്‍ പ്രതിയായ ആകാശ് വര്‍ങ്ങളായി ഒളിവിലുമായിരുന്നു. ഷുഹൈബ് കൊലപാതകത്തില്‍ ഇവര്‍ ഇരുവരും നേരിട്ടു ബന്ധപ്പെട്ടിരുന്നതിനു തെളിവു കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ആറു പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറയുന്നു.

ആകാശ് തില്ലങ്കേരി, റോജിന്‍ രാജ് എന്നിവരുടെ അറസ്റ്റ് ഇന്നു വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണ് വിവരം. ആകാശിന് വേണ്ടി മൂന്നുദിവസമായി തിരച്ചിലിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആകാശ് തില്ലങ്കേരി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കുറേ കാലമായി കഴിഞ്ഞിരുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രങ്ങളുമായി ഇയാള്‍ക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

ആകാശിന് സി.പി.എം ഔദ്യോഗിക അംഗത്വമില്ലെങ്കിലും ഇയാളുടെ അച്ഛനമ്മമാര്‍  പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ്.

ഷുഹൈബ് (30) കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, രാത്രി പതിനൊന്നരയോടെ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

പ്രതികളുടെ ദൃശ്യങ്ങള്‍ വാഴാന്തോടിലെ സ്വകാര്യ സിസി ടിവി കാമറയില്‍

പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നു വന്ന കാര്‍ നിറുത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണ് കിട്ടിയിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ മേഖലയിലെ മറ്റു സ്വകാര്യ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്.

മുടക്കോഴി മല, മച്ചൂര്‍, പെരിങ്ങാനം മല മേഖലകളില്‍ പൊലീസ് വന്‍ സന്നാഹമൊരുക്കി അരിച്ചുപെറുക്കുന്നുണ്ട്. ഇതു പക്ഷേ, ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നാണ് പൊതു സംസാരം. ഭരണകക്ഷിയുടെ തന്നെ പെലീസ് നടത്തുന്ന തിരച്ചിലില്‍ ഒന്നും കണ്ടെത്താനാവാതെ വരികയും പ്രതികളെ കെട്ടിയിറക്കി അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്യുന്നത് പൊലീസിനു തന്നെ ക്ഷീണമുണ്ടാക്കുന്നുണ്ട്.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാറും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടു. മുഖം നോക്കാതെ പ്രതികളെ  കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് കൊടുത്തുവെന്നു കാന്തപുരം പറഞ്ഞു.

Keywords: Murder Case, Shuhaib Murder, Rajesh Thillnkeri, Kerala Police, CPM, Youth Congress


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഷുഹൈബ് വധം: പിടികിട്ടാപ്പുള്ളി ആകാശ് കീഴടങ്ങി, കൂടുതല്‍ അറസ്റ്റിനു സാധ്യത, സിപിഎം നേതൃത്വവും സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തില്‍