Search

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്നു പിസി വിഷ്ണു നാഥ്, കാരണം പ്രാദേശിക പാര മുതല്‍ ഭാവിയിലെ മന്ത്രിക്കസേര വരെ


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പു നിമിത്തമാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടെന്നു പിസി വിഷ്ണുനാഥ് തീരുമാനിക്കാന്‍ കാരണമെന്നു സൂചന.

താന്‍ മത്സരിക്കാനില്ലെന്നു ബംഗളൂരുവില്‍ നിന്നാണ് വിഷ്ണുനാഥ് പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് വിഷ്ണുനാഥ്.

അദ്ദേഹം മത്സരിക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ നാട്ടുകാരന്‍ മതിയെന്നും പുറമേനിന്ന് ആളു വേണ്ടെന്നും മറ്റും മണ്ഡലത്തില്‍ പോസ്റ്ററുകള്‍ നിരന്നിരുന്നു.

പോസ്റ്ററുകള്‍ക്കു പിന്നില്‍ വിഷ്ണുനാഥിനെ എതിര്‍ക്കുന്ന വിഭാഗമാണെന്നാണ് സൂചന. കൊല്ലം ജില്ലയിലെ കുളക്കടയ്ക്കടുത്ത് മാവടി നിവാസിയാണ് വിഷ്ണുനാഥ്. ശോഭനാ ജോര്‍ജിനെ ഒഴിവാക്കിയാണ് വിഷ്ണുനാഥിനെ അവിടെ സ്ഥാനാര്‍ത്ഥിയായി ആദ്യം കൊണ്ടുവന്നത്. 2006 മുതല്‍ 2016 മണ്ഡലത്തെ പ്രതിനിധാനം ചെയ്ത വിഷ്ണുനാഥ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ സിപിഎമ്മിലെ കെ.കെ രാമചന്ദ്രന്‍ നായരോട് 7983 വോട്ടിനാണ് പരാജയപ്പെട്ടത്.

അടുത്തിടെ രാമചന്ദ്രന്‍ നായര്‍ മരിച്ചതോടെയാണ് വീണ്ടും ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്. ഇക്കുറി മത്സരിച്ചാല്‍ വിഷ്ണുനാഥിനു മണ്ഡലം പിടിച്ചെടുക്കാനായേക്കുമെന്നു പൊതു സംസാരവുമുണ്ട്. ഇതിനിടെയാണ് പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പിഎസ് ശ്രീധരന്‍ പിള്ള തന്നെയായിരിക്കും ഇക്കുറിയും ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. 2011ല്‍ ബിജെപിക്ക് ഇവിടെ നാലു ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എന്നാല്‍ 2016ല്‍ ബിജെപിയുടെ വോട്ട് നാലു ശതമാനത്തില്‍നിന്ന് 29 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. ഈ മാറ്റമാണ് വിഷ്ണു നാഥിന്റെ പരാജയത്തിനു കാരണമായത്. ശക്തമായ നരോന്ദ്രമോഡി തരംഗം രാജ്യമാകെ വീശിയടിച്ച നാളുകളിലായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇപ്പോള്‍ പക്ഷേ, സ്ഥിതി അങ്ങനയാണോ എന്നുള്ള ലിറ്റ്മസ് പരീക്ഷണം കൂടിയായിരിക്കും ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അഭിമാനപ്രശ്‌നമായി കണ്ടു തന്നെ ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്.

സിപിഎമ്മിനാകട്ടെ സിറ്റിംഗ് സീറ്റ് വിട്ടുപോകുന്നത് അഭിമാനപ്രശ്‌നമാണ്. തോറ്റാല്‍ അതു സര്‍ക്കാരിനെതിരായ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടാം. അതുകൊണ്ടു സിപിഎമ്മിനും ഈ ഉപതിരഞ്ഞെടുപ്പില്‍ പിന്നാക്കം പോകാനാവില്ല. 2011ല്‍ 51 % വോട്ടായിരുന്നു വിഷ്ണുനാഥിന്. അന്ന് എല്‍ഡിഎഫിന് 42 % വോട്ടു മാത്രമാണ് കിട്ടയത്.

2016ല്‍ 36% വോട്ടാണ് എല്‍ഡിഎഫിനു കിട്ടിയത്. യുഡിഎഫിന് 30 % വോട്ടു കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ചെന്നു നിന്നു തോറ്റുപോയാല്‍ അതു തന്റെ രാഷ്ട്രീയഭാവിക്കു തിരിച്ചടിയാവുമെന്നു വിഷ്ണുനാഥ് കണക്കുകൂട്ടുന്നു. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിഷ്ണു നാഥിനു താത്പര്യമുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ മുന്നണി വന്നാല്‍ ഒരു മന്ത്രിക്കസേരയ്ക്കും സാധ്യതയുണ്ട്.

അതല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നതെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മന്ത്രിയാകാനും സാദ്ധ്യതയുള്ള നേതാക്കളില്‍
ഒരാളാണ് വിഷ്ണുനാഥ്. ഇത്തരം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് വിഷ്ണുനാഥ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു തീരമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉള്ളതിനാലാണ് ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്നു പറയുന്നതെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു.

വിഷ്ണു നാഥ് മാറിനിന്നാല്‍, മുന്‍ എംഎല്‍എ എം. മുരളിക്കു നറുക്കു വീഴാനാണ് സാദ്ധ്യതയെന്ന് പറയപ്പെടുന്നു. എബി കുര്യാക്കോസ്, സുനില്‍ പി. ഉമ്മന്‍, ഡി. വിജയകുമാര്‍, കെ.എന്‍. വിശ്വനാഥന്‍, ജ്യോതി വിജയകുമാര്‍, ബി. ബാബു പ്രസാദ് തുടങ്ങിയ നേതാക്കളും സീറ്റിനായി ശക്തമായ പിന്നണി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സമയമുണ്ടെന്നിരിക്കെ, തിരക്കിട്ട് ഒരു തീരുമാനത്തിലേക്കു പോകേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Keywords: PC Vishnunath, Chengannur, Election, CPM, BJP, Congress Partyvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്നു പിസി വിഷ്ണു നാഥ്, കാരണം പ്രാദേശിക പാര മുതല്‍ ഭാവിയിലെ മന്ത്രിക്കസേര വരെ