Search

മധു കണ്ടത് കഞ്ചാവ് കൃഷി ആയിരിക്കുമോ? അവന്റെ സഞ്ചിയില്‍ അരിയും മഞ്ഞപ്പൊടിയും അക്രമികള്‍ വച്ചുകൊടുത്തതായിക്കൂടേ? പാസ്സില്ലാതെ പതിനഞ്ചോളം പേരെ സൈലന്റ് വാലിയില്‍ കടത്തിവിട്ട ഫോറസ്റ്റുകാരും പ്രതികളല്ലോ... നടുക്കുന്ന ചോദ്യങ്ങളുമായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജഗദീഷ് ബാബു


എസ് ജഗദീഷ് ബാബു

മാപ്പ് എന്ന രണ്ടക്ഷരം കൊണ്ട് മായ്ച്ചുകളയാനാകുന്നതാണോ ആദിവാസിയായ മധുവിനോട് മലയാളി ചെയ്ത ക്രൂരത. ആ കണ്ണുകളിലെ നിഷ്‌കളങ്കത, വിശപ്പിന്റെ നാളുകളില്‍ പോലും പ്രകാശം പരത്തുന്ന മുഖവും സമൂഹത്തോടുള്ള നിസ്സംഗതയും പ്രതിഫലിക്കുന്ന ഭാവം.

ഉടുമുണ്ടുകൊണ്ട് കൈകള്‍ കെട്ടിയവരോട് മധു ഉള്ളില്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ നമുക്ക് കേള്‍ക്കാം… നിങ്ങളാണ് നഗ്‌നര്‍. വിചാരണ ചെയ്യപ്പെടുന്നത് നിങ്ങളാണ്. എന്റെ മേല്‍ വീണ ഓരോ അടിയും നിങ്ങളുടെ മൃഗീയവാസനകള്‍ക്കുമേല്‍ പതിക്കുന്ന ചാട്ടവാറടികളാണ്.

മാനസിക വൈകല്യമുള്ള നിസ്സഹായനായ ആദിവാസിയുവാവിനെ കാട്ടിലെ ഗുഹയില്‍ നിന്നു കിലോമീറ്ററുകളോളം നടത്തിച്ചുകൊണ്ടുവന്ന് പരസ്യവിചാരണ നടത്തിയ മുക്കാലിയിലെ ആള്‍ക്കൂട്ടം ഇന്ത്യന്‍ മനസ്സാക്ഷിയെ തന്നെ വേട്ടയാടുന്നു.
സംഭവം നടന്ന് പിറ്റേദിവസം മധുവിന്റെ മരണവാര്‍ത്ത ദേശീയ ദിനപത്രമെന്ന് സ്വയം വീമ്പിളക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ പത്രങ്ങളിലും ചരമ കോളത്തിലെ വാര്‍ത്തയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു എന്നെഴുതിയ പത്രങ്ങള്‍ ഒരു ദിവസം വൈകി കണ്ണുതുറന്നു.

സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തതില്‍ പിന്നെ പിറ്റേന്ന്, വെണ്ടയ്ക്കാ അക്ഷരത്തില്‍ മധൂ മാപ്പ് എന്നെഴുതാന്‍ അവര്‍ക്ക് ഒരു ലജ്ജയും ഉണ്ടായില്ല. ദേശാഭിമാനി പത്രത്തിലടക്കം കേവലം മരണവാര്‍ത്തയാണ് സംഭവദിവസം പുറത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ പീഡിപ്പിച്ചവര്‍ തന്നെ മധുവിന്റെ ചിത്രങ്ങള്‍ ഇട്ട് അഭിരമിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും മാധ്യമലോകവും അടക്കം പതിവുപോലെ ഞെട്ടി. പോസ്റ്റുമോര്‍ട്ടം നടന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മധുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രിമാരുടേയും നേതാക്കളുടേയും പട.

പട്ടിയെ പേപ്പട്ടിയാക്കി പിന്നെ തല്ലിക്കൊല്ലുന്ന ശൈലിയാണ് അട്ടപ്പാടിയില്‍ നടന്നത്. മുക്കാലിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ഉള്ളിലുള്ള കടുകുമണ്ണ എന്ന ആദിവാസി ഊരിലെ ഗുഹയില്‍ നിന്നാണ് മധുവിനെ പ്രതികള്‍ പിടികൂടിയത്. മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസും റെയ്ഞ്ച് ഓഫീസും കടക്കണമെങ്കില്‍ പാസും രേഖകളും വേണം. വി.വി.ഐ.പി.കള്‍ക്കുപോലും പാസില്ലാതെ സൈലന്റ് വാലിയിലേക്കുള്ള ഈ കവാടത്തിലൂടെ കടന്നുപോകാനാകില്ല.


അപ്പോള്‍ പിന്നെ എങ്ങനെ പതിനഞ്ചോളം കച്ചവടക്കാരും ഡ്രൈവര്‍മാരും എം.എല്‍.എ.യുടെ സെക്രട്ടറിയും അടക്കമുള്ള സംഘം കടുകുമണ്ണയിലെത്തി? അവര്‍ക്ക് അനുമതി നല്‍കിയ വനം വകുപ്പുകാരല്ലേ മധുവിനെ ആള്‍ക്കൂട്ടത്തിന് പിടിച്ചുകൊടുത്തത്? കിലോമീറ്ററുകള്‍ മധുവിനെ നടത്തിക്കൊണ്ടുവരുമ്പോള്‍ അവശനായ ആ യുവാവ് വെള്ളം ചോദിച്ചപ്പോള്‍ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും തലവഴി വെള്ളമൊഴിക്കുകയും ചെയ്തുവത്രേ!

മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലും സൈലന്റവാലി വൈല്‍ഡ് ലൈഫ് ഓഫീസിലും ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരെ എല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കടുകുമണ്ണയിലെ ഗുഹയിലിരുന്ന് കാണാന്‍പാടില്ലാത്ത എന്തെങ്കിലും മധു കണ്ടിരുന്നോ? വര്‍ഗ്ഗീസിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതുപോലെ അല്ലെങ്കിലും മര്‍ദ്ദിച്ച് കൊന്നതോടെ ആ കാഴ്ചകള്‍ മായ്ച്ചുകളയാന്‍ അക്രമികള്‍ക്കായി.


ഉള്‍ക്കാട്ടിലെ കഞ്ചാവുകൃഷി മധു കണ്ടതാകാം ഒരു കാരണം. മധുവിനെ കൊണ്ടൊരു ചാക്ക് കുറേ ദൂരം ചുമപ്പിച്ചിരുന്നു. ആ ചാക്കില്‍ എന്തായിരുന്നു? മധുവിന്റെ കയ്യില്‍ കണ്ടെന്നുപറയുന്ന അരിയും മഞ്ഞപ്പൊടിയും അക്രമികള്‍ വച്ചതായിക്കൂടേ? മരണത്തിന് തൊട്ടുമുന്‍പും വിശക്കുന്നു എന്ന ആര്‍ത്തനാദം മധുവില്‍ നിന്ന് മുഴങ്ങിയപ്പോള്‍ ഭക്ഷണത്തിന് പകരം ചവിട്ടും അടിയുമായിരുന്നു മനുഷ്യക്കൂട്ടം നല്‍കിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയിലുണ്ടായ രക്തസ്രാവവും വാരിയെല്ലിന്റെ പൊട്ടലും സ്ഥിതീകരിച്ചിട്ടുണ്ട്. മുക്കാലിയില്‍ നിന്ന് അവശനായ മധുവിനെ ഏറ്റുവാങ്ങിയ പൊലീസ് അഗളി ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ ജീപ്പിനകത്തിട്ടു മധുവിനെ മര്‍ദ്ദിച്ചില്ലെന്ന് മനസാക്ഷിയെ തൊട്ട് പറയാനാകുമോ?

കേരള പൊലീസിന് നസ്സാക്ഷിയെന്നൊന്നുണ്ടായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി പിണറായിക്ക് പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയിലിരുന്ന്  ഞെട്ടേണ്ടിവരുമായിരുന്നില്ല. നാട്ടുകാരനായ മന്ത്രി ബാലന് അട്ടപ്പാടിയിലെത്താന്‍ ഭയപ്പെടേണ്ട കാര്യവും ഉണ്ടാവുമായിരുന്നില്ല.

മധുവിന്റെ മരണത്തിനുത്തരവാദികളായവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് പാര്‍ട്ടി സമ്മേളനം പ്രമേയം പാസ്സാക്കി. ഈ പ്രമേയത്തിന്റെ മഷി ഉണങ്ങും മുന്‍പ് കുറ്റവാളികളെ കാട്ടിലെത്തിച്ച് മധുവിനെ പിടിച്ചുകൊടുത്ത ഒരു വനപാലകനെ എങ്കിലും ശിക്ഷിക്കാനുള്ള ചങ്കൂറ്റം പാര്‍ട്ടിക്കുണ്ടോ?

കണ്ണുകള്‍ തന്നിരിക്കുന്നത് കാണാനല്ല. കാതുകള്‍ കേള്‍ക്കാനുമല്ല. മഹാനായ സി.ജെ. തോമസ് പറഞ്ഞ ഈ വരികളുടെ അര്‍ത്ഥം മധു തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കാണാമറയത്തിരുന്ന് കാണാന്‍ പാടില്ലാത്തതൊന്നും ആ പാവം കാണുമായിരുന്നില്ല.
പാറമടയില്‍ താമസിക്കുന്ന മനോരോഗിയായ ആദിവാസി യുവാവിനെ അടിച്ച് അവശനാക്കി സെല്‍ഫിയെടുത്ത മലയാളി രാജ്യത്തിനു തന്നെ അപമാനം, കുറ്റവാളികള്‍ക്ക് കൊലക്കയര്‍ തന്നെ വേണ്ടേ...


Keywords: Madhu Murder, Crime, Attappady, S Jagadeesh Babyvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മധു കണ്ടത് കഞ്ചാവ് കൃഷി ആയിരിക്കുമോ? അവന്റെ സഞ്ചിയില്‍ അരിയും മഞ്ഞപ്പൊടിയും അക്രമികള്‍ വച്ചുകൊടുത്തതായിക്കൂടേ? പാസ്സില്ലാതെ പതിനഞ്ചോളം പേരെ സൈലന്റ് വാലിയില്‍ കടത്തിവിട്ട ഫോറസ്റ്റുകാരും പ്രതികളല്ലോ... നടുക്കുന്ന ചോദ്യങ്ങളുമായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജഗദീഷ് ബാബു