Search

മക്കള്‍ വിവാദങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉയരാതിരുന്നത് കോടിയേരിക്ക് ആശ്വാസമായി, കണ്ണൂര്‍ ലോബിയെ നേരത്തേ ഒതുക്കി, കലാപമുണ്ടാക്കിയത് യെച്ചൂരി മാത്രം


റോയ് പി തോമസ്

തൃശൂര്‍: മക്കള്‍ക്കെതിരായ വിവാദം കത്തിനില്‍ക്കുമ്പോഴും കോടിയേരി ബാലകൃഷ്ണനെതിരായി പാര്‍ട്ടി സമ്മേളന വേദിയില്‍ ശബ്ദം ഉയരാതിരുന്നത് അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി പദത്തില്‍ തുടരാന്‍ അനുഗ്രഹമായി.

കോടിയേരിയുടെ മക്കള്‍ക്കെതിരായ വിവാദങ്ങള്‍ സമ്മേളന വേദിയില്‍ ഉന്നയിക്കപ്പെടുന്നത് ഒഴിവാക്കാന്‍ നേരത്തേ തന്നെ പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടി എടുത്തിരുന്നു. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരാതെപോയി.

കണ്ണൂര്‍ ലോബിയിലെ ഒരു പ്രബല വിഭാഗം നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തുമെന്നു സംശയം ഇടക്കാലത്തുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, മന്ത്രിക്കസേര പോയ ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ ചേരി പാര്‍ട്ടിയില്‍ ശക്തമായിരുന്നു.

ഈ ചേരിക്കും കൃത്യമായ മുന്നറിയിപ്പ് പാര്‍ട്ടിയില്‍ നിന്നു പോയിരുന്നു. ഷുക്കൂര്‍ വധത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം വെട്ടിലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കു പല കാര്യങ്ങളിലും ശക്തമായി പ്രതികരിക്കാന്‍ കഴിയാതെ പോയി.

മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇപി ജയരാജന്‍. അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആ പ്രതീക്ഷയില്‍ മുന്നോട്ടു പോയതിനാല്‍ വിവാദവിഷയങ്ങളൊന്നും ഉയര്‍ത്താന്‍ നിന്നതുമില്ല.

താന്‍ നേതൃത്വത്തില്‍ വന്നതില്‍ പിന്നെ പാര്‍ട്ടിയില്‍ വിഭാഗീയത വലിയൊരളവ് കുറയ്ക്കാനായത് കോടിയേരിക്ക് അനുഗ്രഹമാവുകയും ചെയ്തു. മുന്‍കാലങ്ങളിലെപ്പോലെ, സര്‍ക്കാരും പാര്‍ട്ടിയും രണ്ടു തട്ടില്‍ നില്‍ക്കാതെ പോകുന്നതും കോടിയേരിയുടെ പ്രവര്‍ത്തന മികവുകൊണ്ടു കൂടിയാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. ഇതെല്ലാം കോടേരിക്ക് അനുഗ്രഹമായി മാറി.

ഇതേസമയം, പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ അല്പമെങ്കിലും കലാപമുണ്ടാക്കിയത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. പാര്‍ട്ടി കേരള ഘടകം ദേശീയ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണുതുറന്നു കാണമെന്നും കേരളത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ പോരെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി നടത്തിയ നീക്കങ്ങളെല്ലാം കേരള ഘടകം മുന്നില്‍ നിന്നു വെട്ടിയതിലെ പ്രതിഷേധമാണ് യെച്ചൂരി ഒളിയമ്പെയ്തു തീര്‍ത്തത്.

ഇതേസമയം, ഒളികാമറ വിവാദത്തില്‍ കുടുങ്ങി മുഖം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന ഗോപി കോട്ടമുറിക്കലിനു പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ തിരിച്ചെത്താനായെന്നതും വിഭാഗീയതയുടെ വേരറുക്കപ്പെട്ടുവെന്നു തെളിയിക്കുന്നതാണ്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ പി ഗഗാറിന്‍ (വയനാട്), ഇ എന്‍ മോഹന്‍ദാസ് (മലപ്പുറം) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ എന് ഷംസീര്‍, സി എച്ച് കുഞ്ഞമ്പു (കാസര്‍കോട്), കെ സോമപ്രസാദ് (കൊല്ലം), ആര്‍ നാസര്‍ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), കെ വി രാമകൃഷ്ണന്‍ (പാലക്കാട്). എന്നിവരാണ് സംസഥാന കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങള്‍.

എണ്‍പതു വയസ്സു കഴിഞ്ഞതുള്‍പ്പെടെ കാരണങ്ങള്‍ കൊണ്ട് പി കെ ഗുരുദാസന്‍, കെ കുഞ്ഞിരാമന്‍, പി എ മുഹമ്മദ്, പി ഉണ്ണി , സി കെ സദാശിവന്‍, കെ എം സുധാകരന്‍, പിരപ്പന്‍കോട് മുരളി, ടി കെ ഹംസ, എന്‍ കെ രാധ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Keywords: Kodiyeri Balakrishnan, CPM, CPI, Pinarayi Vijayanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മക്കള്‍ വിവാദങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉയരാതിരുന്നത് കോടിയേരിക്ക് ആശ്വാസമായി, കണ്ണൂര്‍ ലോബിയെ നേരത്തേ ഒതുക്കി, കലാപമുണ്ടാക്കിയത് യെച്ചൂരി മാത്രം