Search

കോലിയുടെ മിന്നുന്ന സെഞ്ചുറി, ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 5-1ന് സ്വന്തമാക്കി

സ്‌കോര്‍ 
ദക്ഷിണാഫ്രിക്ക 204/10 (46.5 ഓവര്‍)
ഇന്ത്യ 206/2 (32.1 ഓവര്‍)

സെഞ്ചൂറിയന്‍: ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ഏതാണ്ട് അതേ നാണയത്തില്‍ മറുപടി കൊടുത്തുകൊണ്ട്, ആറാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 5-1ന് സ്വന്തമാക്കി.

മഴ നിയമത്തിന്റെ ബലത്തില്‍ ഒരു മത്സരം ആതിഥേയര്‍ ജയിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരുവാനാവുമായിരുന്നു.

അപരാജിത സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്ടന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്പി. 96 പന്തിലാണ് കോലി 129 റണ്‍സ് നേടിയത്. ഇതില്‍ 19 ഫോറും തകര്‍പ്പന്‍ രണ്ടു സിക്‌സറും ഉള്‍പ്പെടും.

പരമ്പരയിലെ ആറാം മത്സരത്തില്‍ തന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്‍ കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കാര്‍ഡിനടുത്തെത്തുകയും ചെയ്തു കോലി. കരിയറിലെ 35ാം സെഞ്ചുറിയാണ് കോലി സെഞ്ചൂറിയനില്‍ കുറിച്ചത്. സച്ചിന്റെ അക്കൗണ്ടില്‍ 49 ഏകദിന സെഞ്ചുറികളാണുള്ളത്.

കോലിയുടെ പരന്പരയിലെ റണ്‍നേട്ടം 533 ആയി ഉയര്‍ന്നു. പരന്പരയിലെ ഒന്നാം മത്സരത്തിലും മൂന്നാം മത്സരത്തിലും കോലി സെഞ്ചുറി നേടിയിരുന്നു. 112, 46*, 160*, 75, 36, 103* എന്നിങ്ങനെയാണ് ഏകദിന പരന്പരയിലെ കോഹ്ലിയുടെ സ്‌കോര്‍. ടെസ്റ്റ് പരന്പരയിലും കോലി സെഞ്ചുറി നേടിയിരുന്നു.

ശിഖര്‍ ധവാന്‍ 18 (34), രോഹിത് ശര്‍മ 15 (13), അജിന്‍ക്യ രഹാനെ 34 (50) എന്നിവരാണ് ഇന്ത്യന്‍ ജയത്തില്‍ പിന്നീടു പങ്കുവഹിച്ചത്.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ ബോളിങ്ങാണ് ആതിഥേയരെ വട്ടം ചുറ്റിച്ചത്. ഹാഷിം അംല (10) ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (24) ഡിവില്ലിയേഴ്‌സ് (30) ക്ലാസന്‍ (22) ബെഹര്‍ദീന്‍ (ഒന്ന്) ക്രിസ്‌മോറിസ് (നാല്), ഫെഹ്ല്‍കുവായോ (34), മോര്‍ക്കല്‍ (20) എന്നിങ്ങനെയായിരുന്നു ആതിഥേയരുടെ സമ്പാദ്യം. അര്‍ധ സെഞ്ചുറി നേടിയ സോണ്‍ഡോ (54) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

ശാര്‍ദുല്‍ താക്കൂര്‍ നാലും ചഹലും ബുമ്രയും രണ്ടും പാണ്ഡ്യയും യാദവും ഒരോ വിക്കറ്റുവീതവും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റം മാത്രമാണ് ഇന്ത്യന്‍ ടീമില്‍ വരുത്തിയത്. ഫാസ്റ്റ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കി. പകരം ഷാര്‍ദുല്‍ താക്കുറിന് അവസരം കൊടുത്തു.

ഡുമിനി, മില്ലര്‍, ഷംസി, റബാദ എന്നിവര്‍ക്കു പകരം ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍, ബെഹര്‍ദീന്‍, സോണ്‍ഡോ എന്നിവരെ ദക്ഷിണാഫ്രിക്കയും കളത്തിലിറക്കി.

ഇനി ശേഷിക്കുന്നത് ട്വന്റി–20 പരമ്പരയാണ്. കനത്ത തോല്‍വിയുടെ ആഘാതത്തിലാണ് ആതിഥേയര്‍ ട്വന്റി 20ക്ക് ഇറങ്ങുക.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കോലിയുടെ മിന്നുന്ന സെഞ്ചുറി, ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 5-1ന് സ്വന്തമാക്കി