Search

ഉച്ചക്കഞ്ഞിക്കായി നാലാം ക്‌ളാസ് കഴിഞ്ഞവന്‍ വീണ്ടും ഒന്നാം ക്‌ളാസില്‍, കാല്‍ നൂറ്റാണ്ടിനിപ്പുറവും അട്ടപ്പാടി ആദിവാസിയുടെ ദുരന്തഭൂമിയായി തുടരുന്നതിന്റെ നേര്‍ചിത്രം

                               ചരിത്രം ആവര്‍ത്തിക്കുന്നു; പത്രവാര്‍ത്ത
                               റിട്ട് ഹര്‍ജിയായിട്ട് കാല്‍ നൂറ്റാണ്ട്

 

എസ് ജഗദീഷ് ബാബു

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തെന്ന വാര്‍ത്ത അട്ടപ്പാടിയെ സംബന്ധിക്കുന്ന മറ്റൊരു റിട്ടിന്റെ ഓര്‍മകള്‍ ഉണര്‍ത്തുകയാണ്. സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍ നല്‍കിയ കത്താണ് റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കേ, അന്നത്തെ ചീഫ് ജസ്റ്റിസ് വി.എസ് മളിമഠിന് പത്ര വാര്‍ത്തയെക്കുറിച്ച് നല്‍കിയ കത്തും തുടര്‍ന്നെടുത്ത റിട്ട് ഹര്‍ജിയുമാണ്.

അട്ടപ്പാടി പാലൂര്‍ സ്‌കൂളിലെ നാലാം ക്ലാസ് ജയിച്ച കുട്ടികള്‍ ഗൊട്ടിയാര്‍കണ്ടി ട്രൈബല്‍ സ്‌കൂളില്‍ വീണ്ടും ഒന്നാം ക്ലാസില്‍ ചേര്‍ന്നു പഠിക്കുന്നു എന്നതായിരുന്നു വാര്‍ത്ത. കേരള കൗമുദിയിലെ ആ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത് 1990 കാലത്താണ്. വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണം നടത്തുകയും പാലൂര്‍ എല്‍.പി സ്‌കൂള്‍ കൂടുതല്‍ സൗകര്യങ്ങളോടെ യു.പി സ്‌കൂളായി ഉയര്‍ത്തുകയും ചെയ്തു.

ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനെ പോലെ അന്നും ആദിവാസി കുട്ടികളെ വേട്ടയാടിയത് വിശപ്പ് തന്നെയായിരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് നാലാം ക്ലാസ് ജയിച്ചു എന്ന വിവരം മറച്ചുവച്ച് കുട്ടികള്‍ വീണ്ടും ഒന്നാം ക്ലാസില്‍ ചേര്‍ന്നിരുന്നത്. ഒരുതരത്തില്‍ മധു ചെയ്തതുപോലെയുള്ള കുറ്റമാണ് കുട്ടികള്‍ വിശപ്പ് മാറ്റാന്‍ ചെയ്‌തെങ്കിലും ആ കാലത്ത് അവരെ ആരും കെട്ടിയിട്ടു മര്‍ദ്ദിച്ചില്ല.
കവയിത്രി സുഗതകുമാരി നടത്തിയിരുന്ന ബൊമ്മിയാംപടി പ്രോജക്ട് കാണാനായി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോയ സന്ദര്‍ഭത്തിലാണ് പാലൂര്‍ സ്‌കൂളിനെക്കുറിച്ച് ഒരു രക്ഷിതാവ് മാധ്യമ സംഘത്തോട് പറഞ്ഞത്. ഞങ്ങളുടെ കുട്ടികള്‍ നാലാം ക്ലാസ് ജയിച്ചിട്ടും ഒന്നില്‍ പഠിക്കുകയാണ് എന്നായിരുന്നു പരിദേവനം. 18 പേര്‍ അടങ്ങുന്ന മാധ്യമ സംഘം ആ രക്ഷിതാവിന്റെ പറച്ചില്‍ മുഖവിലക്കെടുത്തില്ല. എന്നാല്‍ അതൊരു വാര്‍ത്തയാണല്ലോ എന്നുകരുതി ആ ദിവസം മാധ്യമ സംഘത്തില്‍ നിന്ന് യാത്ര പറഞ്ഞ് പിരിഞ്ഞ ലേഖകന്‍ മുക്കാലിയില്‍ താമസിച്ചു.

മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന അതേ സ്ഥലത്ത് അന്നുണ്ടായിരുന്ന റേഞ്ച് ഓഫീസര്‍ പ്രേം കുമാറിന്റെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചത്. പിറ്റേദിവസം മുക്കാലിയിലെ മാത്തുക്കുട്ടി എന്ന ജീപ്പ് ഡ്രൈവറെയും കൂട്ടി പാലൂര്‍ സ്‌കൂളിലെത്തി. ആ വര്‍ഷം നാലാം ക്ലാസ് ജയിച്ച കുട്ടികളുടെ പേരും വിവരങ്ങളും ശേഖരിച്ചു. പിന്നീട് യാത്ര മലമുകളിലേക്ക് കാല്‍നടയായിട്ടായിരുന്നു. ഇപ്പോള്‍ മധുവിനെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരുടെ മുന്‍തലമുറയില്‍ പെട്ട മാത്തുക്കുട്ടി മനുഷ്യസ്‌നേഹിയായിരുന്നു. കിലോമീറ്ററുകള്‍ എന്നോടൊപ്പം നടന്ന് ഗൊട്ടിയാര്‍കണ്ടിയിലെ സ്‌കൂളില്‍ അയാളും വന്നു.


ആ സമയം സ്‌കൂളിലെ ഒരു അധ്യാപകനും പാചകക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. പാലൂരില്‍ നിന്നു നാലാം ക്ലാസ് ജയിച്ച കുട്ടികള്‍ ഒന്നാം ക്ലാസിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അധ്യാപകന്റെ മറുപടി. എന്നാല്‍ കുട്ടികളെ കണ്ടപ്പോള്‍ അവര്‍ പലരും യുപി ക്ലാസില്‍ പഠിക്കാന്‍ പ്രായമുള്ളവരാണെന്ന് അറിയാമായിരുന്നു. ഹെഡ്മാസ്റ്ററുടെ ചുമതലയുള്ള അധ്യാപകനെ പേടിച്ചാവണം കുട്ടികള്‍ ആ സത്യം മറച്ചുവച്ചത്.

റേഞ്ച് ഓഫീസര്‍ തന്ന വലിയ കാമറ ബാഗില്‍ നിന്ന് പുറത്തെടുത്ത് ഫോട്ടോയെടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ കുട്ടികളെല്ലാം സന്തോഷത്തോടെ വരിവച്ചുനിന്നു. അധ്യാപകനും പാചകക്കാരനും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫ്‌ളാഷ് മിന്നിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തോന്നിയ ബുദ്ധി പ്രയോഗിച്ചു. നാലാം ക്ലാസ് ജയിച്ച കുട്ടികളെല്ലാം മറ്റൊരു വരിയായി മാറി നില്‍ക്കൂ എന്നുപറഞ്ഞു. ഒറ്റനിമിഷം കൊണ്ട് എഴുപതോളം കുട്ടികള്‍ മറ്റൊരു വരിയായി മാറി നിന്നു. അധ്യാപകന് എന്തെങ്കിലും പറയാന്‍ സമയം കൊടുക്കാതെ അവരുടെയും ഫോട്ടോ പ്രത്യേകം എടുത്തു.

പിറ്റേദിവസം ആ രണ്ട് വ്യത്യസ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് നാലാം ക്ലാസ് ജയിച്ച കുട്ടികള്‍ ഒന്നാം ക്ലാസില്‍ എന്ന വാര്‍ത്ത കേരള കൗമുദിയില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. വര്‍ഷമെത്ര കഴിഞ്ഞു, എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ വിശപ്പും ദാരിദ്ര്യവും മാറിയില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ മധുവിന്റെ ദുരന്തം.

90കളുടെ അവസാനം വരെ അട്ടപ്പാടിയില്‍ ആദിവാസികളെ സ്‌നേഹിക്കുന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നു. 1989 ഡിസംബര്‍ 31ന് അഗളി എസ്.ഐയായിരുന്ന ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു എന്റെ താമസം. രാവിലെ എസ്.ഐയെ കാണാന്‍ ആരോ വാതിലില്‍ മുട്ടിയപ്പോള്‍ ഞാനാണ് വാതില്‍ തുറന്നത്. വൃദ്ധയായ ഒരു ആദിവാസി അമ്മ. ഉറക്കത്തിലായിരുന്ന ഉണ്ണിരാജ അവര്‍ എസ്.ഐയോട് 50 രൂപ ആവശ്യപ്പെട്ടു. അകത്തുപോയി കാശുമായി വന്ന ഉണ്ണിരാജ അതവര്‍ക്ക് നല്‍കി.

കുറച്ചുകഴിഞ്ഞപ്പോള്‍ ആദിവാസി കുട്ടികള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ഒരു സംഘമെത്തി. എസ്.ഐ മാമനെ ഷട്ടില്‍ കളിക്കാന്‍ കൊണ്ടുപോകാനാണ് അവര്‍ വന്നത്. കുട്ടികള്‍ ഉണ്ണിമാമന്റെ കയ്യില്‍ തൂങ്ങി കളിക്കളത്തിലേക്ക് പോകുന്നത് കൗതുകത്തോടെ ഞാന്‍ കണ്ടു. ഇതായിരുന്നു ആദിവാസികളും അഗളിയിലെ പൊലീസും തമ്മിലുള്ള ബന്ധം.

സൈലന്റ്‌വാലി ഡി.എഫ്.ഒയായിരുന്ന പി.എന്‍ ഉണ്ണിക്കൃഷ്ണന്‍ ഐ.എഫ്.എസ് ആകട്ടെ, അക്കാലത്ത് മുഷിഞ്ഞ കുപ്പായവും കള്ളിമുണ്ടും തോളില്‍ ഒരു സഞ്ചിയുമായി ആദിവാസി ഊരുകളിലും കാട്ടിലും ചുറ്റിയടിക്കുമായിരുന്നു. കൂട്ടുകാരായി ഗിരിജന്‍ സേവക് സമിതിയുടെ ശ്രീധരനും ചന്ദ്രനും അദ്ദേഹത്തോടൊപ്പമുണ്ടാകും. കാട്ടിലായാലും ഊരുകളിലായാലും എന്ത് ചെറിയ പ്രശ്‌നമുണ്ടായാലും ഡി.എഫ്.ഒ അവിടെ ഓടിയെത്തും.

അടുത്തിടെ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത എസ്.എം വിജയാനന്ദ് ഇതേ കാലയളവിലാണ് അട്ടപ്പാടി പ്രോജക്ട് ഓഫീസറായി അവിടെയുണ്ടായിരുന്നത്. ചന്ദന കള്ളക്കടത്തുകാര്‍ മുള്ളിയിലെ ആദിവാസികളെ ആക്രമിച്ച സംഭവമാണ് ഓര്‍മ്മ വരുന്നത്. ഡി.എഫ്.ഒ ഉണ്ണിക്കൃഷ്ണന്‍ സംഭവം പാലക്കാട് എസ്.പിയായിരുന്ന ജേക്കബ് പുന്നൂസിനെയും കളക്ടറായിരുന്ന ജിജി തോംസണിനെയും അറിയിച്ചു. മാധ്യമ സംഘത്തോടൊപ്പം രണ്ട് ഉദ്യോഗസ്ഥരും മണിക്കൂറുകള്‍ക്കകം മുള്ളിയിലെത്തുന്നു. കളക്ടറും എസ്.പിയും വരുന്നതറിഞ്ഞ പൊലീസ് അതിനകം തന്നെ ചന്ദനക്കൊള്ളക്കാരെ പിടികൂടിക്കഴിഞ്ഞിരുന്നു.

ഇത്തരത്തില്‍ ജില്ലാ ഭരണകൂടവും അട്ടപ്പാടിയിലെ ഉദ്യോഗസ്ഥരും ഒറ്റമനസായി പ്രവര്‍ത്തിച്ചിരുന്ന ആ കാലം ഏറെ മാറി. പൊലീസിന്റെ തലപ്പത്ത് ശിക്ഷണ നടപടിയായി സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥര്‍. പ്രോജക്ട് ഓഫീസര്‍ സ്ഥാനത്ത് പ്രൊമോഷന്‍ കിട്ടി വന്ന ഗ്രാമ വികസന ഉദ്യോഗസ്ഥര്‍. വനത്തില്‍ പോകാത്ത ഡി.എഫ്.ഒമാരും റേഞ്ച് ഓഫീസര്‍മാരും. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഇപ്പോഴത്തെ ഉദ്യോഗസ്ഥ സംവിധാനമാണ് ആദിവാസികളെ കൊലക്കു കൊടുക്കുന്നത്.


കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 25000 വീടുകള്‍ പണിയാന്‍ കേന്ദ്രം 950 കോടി അനുവദിച്ചു. എന്നാല്‍ 6000 വീടുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല.  10 കൊല്ലത്തിനിടയില്‍ ആദിവാസി ക്ഷേമത്തിനായി മറ്റൊരു 5000 കോടിയും കേന്ദ്രം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരാകട്ടെ, 4200 കോടിയാണ് ആദിവാസി ക്ഷേമത്തിനായി മാറ്റിവച്ചത്.

എന്നിട്ടും ഒരുനേരത്തെ ഭക്ഷണത്തിനു പോലും വഴിയില്ലാതെ മധുവിനെ പോലെ അലയുന്ന ഒട്ടനവധി ആദിവാസി യുവാക്കളെ അട്ടപ്പാടിയില്‍ കാണാം. ഐ.എ.എസുകാരായ ഉദ്യോഗസ്ഥരെ പ്രോജക്ട് ഓഫീസര്‍മാരായും ഐ.പി.എസുകാരായ ഉദ്യോഗസ്ഥരെ പൊലീസിന്റെ തലപ്പത്തും നിയമിച്ചാല്‍ മാത്രമേ അട്ടപ്പാടിയെ ആദിവാസിയുടെ പട്ടടയല്ലാതാക്കാന്‍ കഴിയൂ എന്നു വിനയപുരസ്സരം പറഞ്ഞോട്ടെ.


Keywords: Attappadi, Adivasi, Jagadeeshbabuvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഉച്ചക്കഞ്ഞിക്കായി നാലാം ക്‌ളാസ് കഴിഞ്ഞവന്‍ വീണ്ടും ഒന്നാം ക്‌ളാസില്‍, കാല്‍ നൂറ്റാണ്ടിനിപ്പുറവും അട്ടപ്പാടി ആദിവാസിയുടെ ദുരന്തഭൂമിയായി തുടരുന്നതിന്റെ നേര്‍ചിത്രം