Search

സിപിഎമ്മിന്റെ ചരിത്ര തീരുമാനത്തിനു കാലം വിധിയെഴുതും, അതിനു മുന്‍പ് പിളര്‍പ്പെന്നും വിഡ്ഢിത്തമെന്നും പറയാന്‍ വരട്ടെ

എസ് ജഗദീഷ് ബാബു


രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലെന്നു പറയാനാകില്ല. പരസ്പരം ചേരാന്‍ പാടില്ലാത്ത രണ്ട് മൂലകങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മൂന്നാമതൊരു ഉത്പന്നമാണ് ഉണ്ടാവുക. ഉദാഹരണത്തിന് സ്വയം കത്തുന്ന ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന ഓക്‌സിജനും ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ഇവ തമ്മില്‍ ചേര്‍ന്നാല്‍ ലഭിക്കുന്നത് വെള്ളമാണ്.

രാഷ്ട്രീയത്തില്‍ ഈ രസതന്ത്രത്തിന്റെ അര്‍ത്ഥം അറിയുന്നതുകൊണ്ടാണ് സി.പി.എം. കേന്ദ്ര കമ്മറ്റി കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള കൂട്ടുകെട്ടും വേണ്ടെന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് 86 പേര്‍ പങ്കെടുത്ത കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കോണ്‍ഗ്രസ് നീക്കുപോക്ക് നിലപാടിന് 31 വോട്ടും ഒരുതരത്തിലുള്ള ബന്ധവും വേണ്ട എന്ന കാരാട്ടിന്റെ വരട്ടുവാദം എന്നു തോന്നാവുന്ന നിലപാടിന് 55 വോട്ടും ലഭിച്ചത്.

ഇന്ത്യയിലെ മാധ്യമങ്ങള്‍ ജനാധിപത്യപരമായ ഈ തീരുമാനത്തെ പിളര്‍പ്പെന്നും ചരിത്രപരമായ വിഡ്ഢിത്തമെന്നും വിളിക്കുമെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ നിലപാട് തറയില്‍ നിന്നുകൊണ്ടാണ് സി.പി.എം ചരിത്രപരമായ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഏതു രാഷ്ട്രീയതീരുമാനവും ശരിയോ തെറ്റോ എന്ന് അന്തിമമായി വിലയിരുത്തുന്നത് കാലമാണ്. അതുകൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രത്തിലൂടെ മാത്രമേ ഈ തീരുമാനം ശരിയായിരുന്നോ എന്ന് നിര്‍ണയിക്കാനാകൂ.

34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ഇന്ന് പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയപ്പോള്‍ ബംഗാളില്‍ ഗുണമുണ്ടായത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും സി.പി.എം. മൂന്നാം സ്ഥാനത്തും എത്തിയ അനുഭവപാഠം കൂടി കണക്കിലെടുത്താണ് ബംഗാള്‍ ഘടകത്തിന്റെയും ജനറല്‍ സെക്രട്ടറി യച്ചൂരിയുടേയും നിലപാട് കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയത്.

ലോകത്തിലെ എല്ലാ ജനാധിപത്യ പാര്‍ട്ടികളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ചര്‍ച്ചയ്‌ക്കൊടുവില്‍ എടുക്കുന്ന തീരുമാനം തെറ്റായാലും ശരിയായലും ന്യൂനപക്ഷം അത് അംഗീകരിക്കുകയാണ് പതിവ്. അതു തന്നെയാണ് സി.പി.എമ്മില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.


64 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഡാങ്കേയ്‌ക്കെതിരെ 32 പേര്‍ ഇറങ്ങിവന്നപ്പോള്‍ മഹാഭൂരിപക്ഷവും സി.പി.എമ്മിനോടൊപ്പം നിന്നു. ചരിത്രം പരിശോധിച്ചാല്‍ അതിന് ശേഷമുള്ള സി.പി.എമ്മിന്റെ വളര്‍ച്ച അന്നത്തെ നിലപാട് ശരിവയ്ക്കുന്നു. ഇ.എം.എസ്. ജനറല്‍ സെക്രട്ടറി ആയിരിക്കെ അദ്ദേഹം സ്വീകരിച്ച ക്രീമിലെയര്‍ നിലപാടിലും ഇത്തരം തിരുത്തലുണ്ടായി. അടിയന്തരാവസ്ഥകാലത്ത് ടി. സുന്ദരയ്യ സ്വീകരിച്ച നിലപാടിനേയും പാര്‍ട്ടി ഇതുപോലെ തള്ളിക്കളഞ്ഞിട്ടുണ്ട്. അത്തരം ഒരു സന്ദിഗ്ദ്ധ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ സി.പി.എം. കടന്നുപോകുന്നത്.

ഇന്ത്യയിലെ വലിയ പാര്‍ട്ടികളായ ബി.ജെ.പിയിലും കോണ്‍ഗ്രസിലും ഇത്തരമൊരു ജനാധിപത്യ പ്രക്രിയ കാണാനാകില്ല. നെഹ്‌റു കുടുംബം നിശ്ചയിക്കുന്നത് എല്ലാ കോണ്‍ഗ്രസുകാരും കൈപൊക്കി അംഗീകരിക്കുന്നു. ബി.ജെ.പി.യിലാകട്ടെ ഇന്ന് അവസാനവാക്ക് മോഡിയുടേതാണ്. മോഡിക്കെതിരെയും കോണ്‍ഗ്രസില്‍ രാഹുലിനെതിരെയും വിമര്‍ശനം ഉന്നയിക്കാന്‍ ആ രണ്ടുപാര്‍ട്ടിയുടേയും ആര്‍ക്കുമാവില്ല. സി.പി.എമ്മിലാകട്ടെ ജനറല്‍ സെക്രട്ടറി തന്നെ കൊണ്ടുവന്ന രേഖയാണ് വോട്ടിനിട്ട് തള്ളിയിരിക്കുന്നത്.

കേരളവും ത്രിപുരയും മാത്രമാണ് സി.പി.എമ്മിന് അധികാരവും സ്വാധീനവുമുള്ള രണ്ട് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസുമായി എന്തെങ്കിലും തരത്തിലുള്ള നീക്കുപോക്ക് ഉണ്ടാത്തിയാല്‍ ഈ രണ്ട് സംസ്ഥാനത്തും സി.പി.എമ്മിന് തിരിച്ചടി ഉണ്ടാകും. ഈ രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ബലി കൊടുത്തുവേണം ബംഗാളിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ എന്നതാണ് അവസ്ഥ.

34 കൊല്ലം ഭരിച്ചപ്പോള്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയ ബംഗാള്‍ പാര്‍ട്ടി അനുഭവങ്ങളില്‍ നിന്ന് പഠിച്ച് ജനങ്ങളിലേക്ക് ഇറങ്ങിവന്നാല്‍ മാത്രമേ അവിടെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കഴിയൂ. തെരുവിലിറങ്ങി ചോര ചിന്താതെ ബംഗാള്‍ തിരിച്ചുപിടിക്കാനാകില്ല എന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കി ബംഗാള്‍ തിരിച്ചുപിടിക്കാനാകില്ല. അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഭരണമാറ്റം ഉണ്ടാകുന്ന കേരളത്തിലെ പാര്‍ട്ടിക്ക് ദുര്‍മ്മേദസ് കുറയുന്നത് പിന്നീടുള്ള അഞ്ചു കൊല്ലം പ്രതിപക്ഷത്ത് ഇരിക്കുന്നതുകൊണ്ടാണ്.

10 കൊല്ലം തുടര്‍ച്ചയായി കേരളത്തില്‍ ഭരണം ലഭിച്ചാല്‍ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിച്ചേക്കാം. സ്ഥിരമായ ഭരണവും സുഖസൗകര്യങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ചതിക്കുഴിയാണ്. അതിനുദാഹരണമാണ് ബംഗാള്‍.

Keywords: CPM, Congress, Sitaram Yechuri, Prakash Karat, S Jagadeesh Babu


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സിപിഎമ്മിന്റെ ചരിത്ര തീരുമാനത്തിനു കാലം വിധിയെഴുതും, അതിനു മുന്‍പ് പിളര്‍പ്പെന്നും വിഡ്ഢിത്തമെന്നും പറയാന്‍ വരട്ടെ