Search

കേരളത്തിന്റെ കണ്ണുതുറപ്പിച്ച ശ്രീജിത്ത്, നീയൊരു പ്രസ്ഥാനമാണ്, നിനക്കൊപ്പമുണ്ട് ഞങ്ങള്‍

അധികാരവര്‍ഗത്തിനെതിരെയുള്ള ശ്രീജിത്തിന്റെ സഹന സമരം ഏതാണ്ട് വിജയിച്ചിരിക്കുന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള മുന്നറിയിപ്പും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുള്ള വെല്ലുവിളിയുമാണ് ശ്രീജിത്തിന്റെ 771 ദിവസത്തിലേക്കു കടന്ന  സഹനസമരം. വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ഈ നടുവിരല്‍ വെട്ടിക്കളയാതിരിക്കാന്‍ നാം ഒരുമിച്ച് കൈകോര്‍ക്കേണ്ടതുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പിണിയാളുകളായ സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിന് മുഖമടച്ചു കൊണ്ട അടിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച. താന്‍ നേരിടുന്ന അനീതിക്കെതിരെ ഇന്ന് ഒരു വ്യവസ്ഥാപിത സ്ഥാപനത്തിന്റെയും പിന്തുണയില്ലാതെ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ആര്‍ക്കും ശബ്ദമുയര്‍ത്താനും ആ ശബ്ദം അധികാരികളിലെത്തിക്കാനും സോഷ്യല്‍ മീഡിയയിലൂടെ കഴിയും. ഏതു സാധരണക്കാരനും പറയുന്ന ഒരു കാര്യം അര്‍ത്ഥവത്താണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ ശക്തമായി തന്നെ ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നു നവമാധ്യമങ്ങള്‍. അതിനു പണച്ചെലവില്ല. മനുഷ്യന്റെ അധ്വാനവും വേണ്ട. ആരുടെയും ശുപാര്‍ശയും വേണ്ട.

ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ ഇതായിരുന്നില്ല സ്ഥിതി. വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക് വിനയാകുന്ന ഒന്നും വെളിച്ചം കാണാതിരിക്കാനും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മുളയിലേ നുള്ളാനും അന്നു സാധിക്കുമായിരുന്നു. 5000 രൂപയും മള്ളൂര്‍ വക്കീലുമുണ്ടെങ്കില്‍ ആരെയും കൊല്ലാം എന്നു പണ്ടൊരു ചൊല്ലുണ്ടായിരുന്നു. കയ്യില്‍ പത്തു കാശുണ്ടെങ്കില്‍ എന്തും ചെയ്യാം എന്നൊരു അവസ്ഥയായിരുന്നു ഈയടുത്ത കാലം വരെ. എന്നാല്‍ സോഷ്യല്‍ മീഡിയ ഒറ്റപ്പെട്ട നിലവിളികളുടെ പ്രചാരകരായി മാറിയതോടെ ആ വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നു.

പക്ഷേ, ഇതുവരെയും നേരം വെളുത്തില്ലെന്നു കരുതുന്നവരാണ് നമ്മുടെ നേതാക്കളും വ്യവസ്ഥാപികത മാധ്യമങ്ങളുമെന്നത് അടുത്ത കാലത്തെ ചില അനുഭവങ്ങള്‍ തെളിയിക്കുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയാല്‍ ഏതു വിഷവും വിറ്റു കാശാക്കാനാവുന്ന സാഹചര്യം ഇന്നും ഇവിടെ നിലനില്‍ക്കുന്നു. പണം ലഭിക്കുന്നതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും പ്രസിദ്ധീകരിക്കാതിരിക്കുക, പരസ്യം ലഭിക്കുന്നതുകൊണ്ട് ഏതു നിസ്സാര കാര്യവും ഊതിപ്പെരുപ്പിച്ച് വലുതാക്കുക തുടങ്ങി ഏതു വൃത്തികേടിനും മുഖ്യധാരാമാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെങ്കില്‍, ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തിനും ഏതിനും വിട്ടുവീഴ്ച ചെയ്യുന്നവരായി രാഷ്ട്രീയക്കാരും മാറിയിരിക്കുന്നു.

ഇത്തരം സംഘടിതമായ നെറികേടിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്പാണ്  ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം. സ്വന്തം അനുജനെ കള്ളക്കേസില്‍ കുടുക്കി മോഷണ കുറ്റത്തിന് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് വിഷം കഴിച്ചനിലയില്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തശേഷം കേള്‍ക്കാന്‍ കഴിഞ്ഞത് അവന്റെ മരണവാര്‍ത്തയായിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് തട്ടിക്കൂട്ടിയ കഥ.


ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യമറിഞ്ഞ് അവിടെ ചെന്നപ്പോള്‍ കണ്ടത് കൈകളും കാലുകളും കട്ടിലില്‍ കെട്ടിയിട്ട് അവശനിലയിലായ അനുജനെയായിരുന്നു. മിണ്ടാന്‍ കഴിഞ്ഞില്ലെങ്കിലും അന്ന് അവന്‍ തന്നെ നോക്കി കണ്ണുകള്‍കൊണ്ട് പലതും പറഞ്ഞു. എന്നാല്‍ അന്നത് മനസ്സിലാക്കാന്‍ തനിക്കായില്ല. പിന്നീടാണ് പലതും ഓര്‍ത്തുനോക്കുമ്പോള്‍ കൊലപ്പെടുത്തിയതാകാം എന്ന സംശയം ഉടലെടുത്തത്. ഇതോടെ തന്റെ അനുജനെ കൊന്നവനെ കണ്ടെത്തണം എന്നത് ഒരു വാശിയായി മാറി. അതോടെയാണ് സെക്രട്ടേറിയറ്റ് നടയില്‍ സമരത്തിനിറങ്ങിയതെന്നാണ് ശ്രീജിത്ത് പറഞ്ഞത്.

കൊന്നവനെ പിടിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വര്‍ഷത്തിലധികം ഒരാള്‍ സത്യാഗ്രഹം ഇരിക്കുകയും ആ സത്യാഗ്രഹം ഇതുവരെ പൊതുജനം കാണാതെ പോവുകയും ചെയ്തു എന്നത് നിസ്സാരമല്ല. ഒടുവില്‍ സോഷ്യല്‍ മീഡിയ അതൊരു ഹാഷ് ടാഗ് ആക്കി മാറ്റിയതോടെ ശ്രീജിത്ത് കേരളത്തിലെ ഏതു കുഞ്ഞിനും അറിയാവുന്ന പേരായി മാറി.

ആരോപണ വിധേയരായ പൊലീസുകാരൊഴികെ ആര്‍ക്കും ശ്രീജിത്തിന് നീതി വേണമെന്ന കാര്യത്തില്‍  അഭിപ്രായ വ്യത്യാസമില്ല എന്ന സാഹചര്യത്തിലേക്കാണ് അതു നയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫും കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപിയും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനുപിന്നാലെ സിനിമാ സ്‌പോര്‍ട്‌സ് മേഖലകളില്‍ നിന്നും ശ്രീജിത്തിന് പിന്തുണ ലഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എംവി ജയരാജന്‍ സമരപ്പന്തലില്‍ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവിന്റെ പകര്‍പ്പും കോടതിയില്‍ നല്‍കിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികള്‍ മാത്രം. സെക്രട്ടേറിയേറ്റിന്റെ മുന്‍പില്‍ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാട്ടിയാല്‍ നാളെത്തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.

വെള്ളിയാഴ്ച രാവിലെ പത്തരമണിയോടെയാണ് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി എം.വി. ജയരാജന്‍ ഉത്തരവ് കൈമാറിയത്. വി. ശിവന്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉത്തരവ് കൈമാറുമ്പോള്‍ മുഖ്യമന്ത്രി കുടുംബത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. ആരോപണവിധേയര്‍ നേടിയ സ്‌റ്റേ മാറ്റിക്കിട്ടാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിര്‍ബന്ധങ്ങളൊന്നുമില്ലെന്നും തീരുമാനമെടുക്കേണ്ടത് ശ്രീജിത്താണെന്നും ജയരാജന്‍ അറിയിച്ചു. എന്നാല്‍ , സിബിഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് ശ്രീജിത്ത് ഇപ്പോഴും. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തിയില്ല. സര്‍ക്കാരിനു നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരം നിര്‍ത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്.

ഇതെല്ലാം സംഭവിച്ചത് സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരും എത്തുന്നുണ്ടെങ്കിലും അതിന് അര്‍ഹത രണ്ടു വര്‍ഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടേറിയേറ്റ് നടയില്‍ പട്ടിണി കിടന്ന ശ്രീജിത്തിനുള്ളതാണ്. മറ്റാരെങ്കിലും കൈയടി അര്‍ഹിക്കുന്നെങ്കില്‍ അത് സോഷ്യല്‍ മീഡിയ മാത്രമാണ്. സോഷ്യല്‍ മീഡിയയെ ഒരു ആശയ ഇടപെടലിന്റെ പ് ളാറ്റ്‌ഫോം എന്നതിനപ്പുറം സാമൂഹ്യ ഇടപെലിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് ഈ സമരം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആദ്യമായി മലയാളികള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.

സോഷ്യല്‍ മീഡിയ തെരുവിലിറങ്ങിയ ദിവസം പ് ളക്കാടുമായെത്തി സെക്രട്ടേറിയേറ്റ് പടിക്കല്‍ എത്തിയവര്‍ മാത്രമല്ല ഈ സമരത്തിന് ആവേശം പകര്‍ന്ന നൂറുകണക്കിന് വ്യക്തികള്‍ക്കും ഇതില്‍ പങ്കുണ്ട്. നിരവധി ഫേസ്ബുക്ക്  വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായി. മല്ലു സൈബല്‍ സോള്‍ജേഴ്‌സും ഒട്ട് സ്‌പോക്കണും ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട രണ്ടു പേരുകളാണ്. എന്നാല്‍ അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്. ഇതിനെയാണ് ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ കൊണ്ടും പഞ്ചാരയില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ടും വ്യവസ്ഥാപിത സംവിധാനങ്ങള്‍ നക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ് ളാറ്റ്‌ഫോമിന്റെ ഭാഗമായ ഞങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഘിടിതമായി തന്നെ പ്രഖ്യാപിക്കട്ടെ, തളരാതെ പോരാടുന്ന ശ്രീജിത്തിനൊപ്പം തന്നെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ആശയപരമായി പല കാര്യങ്ങളിലും ഭിന്നതയുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഒറ്റ നിലപാടെടുക്കാനും സോഷ്യല്‍ മീഡിയയുടെ ഇടപെടലിനൊപ്പം നിന്നു സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനുമാണ് ഞങ്ങളുടെ തീരുമാനം. ഇനിയുള്ള കാലം ശ്രീജിത്തിനൊപ്പം അടിയുറച്ചു നിന്ന് ശ്രീജിത്ത് ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങള്‍ സമൂഹത്തില്‍ സജീവമായി ചര്‍ച്ചയാക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ശ്രീജിത്തിനെപ്പോലെയുള്ള മതവും ജാതിയും രാഷ്ട്രീയവും ഇല്ലാതെയുള്ള ബഹുജന സമരങ്ങളാണ് വരേണ്ടത്.

ഇത്തരം ശബ്ദങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ. അവ വാടിപ്പോകാതെ കാത്തുസൂക്ഷിക്കേണ്ട ചുമതലയാണ് ഞങ്ങളുടേത്. ആ ചുമതല നിറവേറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. വ്യവസ്ഥാപിതമായി ഒന്നിന്റെയും പിന്തുണ ഇല്ലാതെ ഉയര്‍ന്നുകേള്‍ക്കുന്ന എല്ലാ സാമൂഹിക ശബ്ദങ്ങളുടെയും ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ തയ്യാറല്ല. ശ്രീജിത്ത് നടത്തുന്നതുപോലെയുള്ള ജനകീയ സമരങ്ങളെ വാര്‍ത്തയിലൂടെ മാത്രമായിരിക്കില്ല ഞങ്ങള്‍ സഹായിക്കുക. പ്രത്യുത, സമരത്തിനു വേണ്ട സഹായങ്ങളും നിയമ സഹായങ്ങളും ചെയ്യേണ്ട ബാധ്യത കൂടി ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരും.

ഇത് ഒറ്റപ്പെട്ട ശബ്ദമായി കരുതി തള്ളിക്കളയാതെ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ബാധ്യത തിരിച്ചറിഞ്ഞ്, ചെയ്യാന്‍ കഴിയുന്നവയൊക്കെ ചെയ്യാനുളള ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടത്. ഇത്തരം ജനകീയ സമരങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കാതെ അവര്‍ പറയുന്നത് കേട്ടു പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിവാക്കാം. ശ്രീജിത്ത് നമ്മുടെ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണു തുറപ്പിക്കാനുള്ള ഒരു ഉപാധിയായി മാറണം.

സിബിഐ അന്വേഷണം കൊണ്ടു മാത്രം തൃപ്തിപ്പെടരുത്. സംസ്ഥാന സര്‍ക്കാരിന് ഇതിലും ഏറെ ചെയ്യാന്‍ കഴിയും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പഠിച്ചു തുടര്‍ നടപടികള്‍ എടുക്കുകയാണ് ചെയ്യേണ്ടത്. ക്രൈം ബ്രാഞ്ച് പോലെയുള്ള സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുക, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അന്വേഷണം തീരും വരെ മാറ്റി നിര്‍ത്തുക തുടങ്ങിയ ചുമതലകള്‍ സംസ്ഥാനം ചെയ്യേണ്ടതാണ്. അത്തരം തുടര്‍ നടപടികള്‍ കൂടി ഉണ്ടായാലേ ഈ സമരം സമ്പൂര്‍ണ വിജയമായി മാറുകയുള്ളൂ.

ശ്രീജിത്തിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ച് കളയാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഒരുമിച്ചു ഒറ്റമനസ്സോടെ ഞങ്ങള്‍ ഈ സാമൂഹ്യ വിപ്ലവത്തിനൊപ്പം നില്‍ക്കും. സോഷ്യല്‍ മീഡിയ ഒരുമിച്ചെടുക്കുന്ന ആഹ്വാനം കണ്ടില്ലെന്ന് നടിക്കാന്‍ ഇനിയുള്ള കാലത്ത് വിവേകം ഉള്ളവര്‍ക്ക് സാധിക്കില്ല. ഈ വിപ്ലവം കേരളീയ സമൂഹത്തില്‍ ഒരു അഗ്‌നിയായി പടര്‍ന്നു പിടിക്കാതെ എപ്പോഴും ഇത്തരം വെളിച്ചങ്ങള്‍ തല്ലിക്കെടുത്താനുള്ള കുത്സിതശ്രമങ്ങള്‍ മുളയിലേ നുള്ളിക്കളയണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

അതിനപ്പുറം, ജീവിതത്തിലെ വിലപ്പെ 700 ലേറെ ദിനങ്ങള്‍ സമൂഹത്തിന്റെയാകെ കണ്ണുതുറപ്പിക്കാന്‍ തെരുവിലുപേക്ഷിച്ച ആ ചെറുപ്പക്കാരന് ജീവിക്കാന്‍ ഒരു വഴി തുറന്നുകൊടുക്കേണ്ട ബാധ്യത കൂടി സര്‍ക്കാര്‍ എറ്റെടുക്കുകയും വേണമെന്നു കൂടി ഓര്‍മിപ്പിക്കട്ടെ.

ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു, വാരിയെല്ലു തകര്‍ന്ന യുവാവ് മെഡിക്കല്‍ കോളജില്‍

http://www.vyganews.com/2018/01/andersion-attacked-by-youth-congress.html

Keywords: Sreejith, Sreejiv, Editorialvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കേരളത്തിന്റെ കണ്ണുതുറപ്പിച്ച ശ്രീജിത്ത്, നീയൊരു പ്രസ്ഥാനമാണ്, നിനക്കൊപ്പമുണ്ട് ഞങ്ങള്‍