കേപ് ടൗണ്‍ : നാട്ടില്‍ വീരസ്യം കാട്ടിയിരുന്ന ഇന്ത്യന്‍ ബാറ്റിംഗ് പട ദക്ഷിണാഫ്രിക്കയില്‍ അതിദയനീയമായി തോറ്റു തൊപ്പിയിട്ടു. ദക്ഷിണാഫ്രിക്...
കേപ് ടൗണ്‍ : നാട്ടില്‍ വീരസ്യം കാട്ടിയിരുന്ന ഇന്ത്യന്‍ ബാറ്റിംഗ് പട ദക്ഷിണാഫ്രിക്കയില്‍ അതിദയനീയമായി തോറ്റു തൊപ്പിയിട്ടു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ കേവലം 208 റണ്‍സ് മതിയെന്നിരിക്കെ, 135 റണ്‍സിന് എല്ലാവരും പുറത്തായി ഇന്ത്യ മാനംകെട്ടു.
72 റണ്‍സിനാണ് ഇന്ത്യയുടെ ദയനീയ പരാജയം. 15.4 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത വെറോണ്‍ ഫിലാന്‍ഡറാണ് ടീം ഇന്ത്യയുടെ അന്തകനായത്.
37 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഭുവനേശ്വര്‍ കുമാര്‍ 13 റണ്‍സുമായി പുറത്താകാതെനിന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 49 റണ്‍സാണ് ഇന്ത്യയെ നൂറിനു പുറത്തെത്തിച്ചത്.
ക്യാപ്ടന് വിരാട് കോലി (28) റണ്‍സ് എടുത്തു പുറത്തായപ്പോള്‍ ആദ്യ ഇന്നിംഗ്സിലെ ഹീറോ ഹര്‍ദിക് പാണ്ഡ്യ ഒരു റണ്‍സിനു വീണു.
മുരളി വിജയ്(13), ശിഖര്‍ ധവാന് (16), ചേതേശ്വര്‍ പുജാര (4), രോഹിത് (10), സാഹ (8), മുഹമ്മദ് ഷാമി (4), ബുംറ (0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാര്മാരുടെ സമ്പാദ്യം.
മോണ്‍ മോര്‍ക്കല്‍, കാസിഗോ റബാദ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.
നേരത്തേ, ദക്ഷിണാഫ്രിക്കയുടെ കേഴ് വി കേട്ട ബാറ്റിംഗ് നിരയെ അവരുടെ മണ്ണില്‍ രണ്ടാം ഇന്നിംഗ്സില്‍ 130 റണ്‍സിനു ഇന്ത്യയുടെ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി .
മഴ നിമിത്തം മൂന്നാം ദിനം ഉപേക്ഷിക്കേണ്ടിവന്ന ടെസ്റ്റിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്.
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ 209 റണ്‍സിനു പുറത്താക്കി 77 റണ്‍സ് ലീഡുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയാണ് 130 റണ്‍സിനു കൂടാരം കയറിയത്.
65/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക അടുത്ത 65 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതം നേടി.
എ.ബി.ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറര്‍, സമ്പാദ്യം 35 റണ്‍സ്. രണ്ടക്കം കാണാതെ പുറത്തായത് ആറ് ബാറ്റ്സ്മാന്മാരാണ്.
COMMENTS