Search

ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നു എന്നത് പച്ചക്കള്ളമെന്ന് രാഹുല്‍ ഈശ്വര്‍, പേരു മാറ്റുന്നതിനു പിന്നിലും രാഷ്ട്രീയ മുതലെടുപ്പ്

തിരുവനന്തപുരം: ശബരിമലയില്‍ പണ്ടുകാലത്ത് സ്ത്രീകള്‍ കയറിയിരുന്നു എന്നത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഈശ്വര്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെയാണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.

രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് ഇരുവരും പച്ചക്കള്ളം പറഞ്ഞത്. രണ്ടു പേരുടെയും വെളിപ്പെടുത്തല്‍ രാഷ്ട്രീയ പ്രേരിതമായ നുണകളാണ്.

ശബരിമലയുടെ പേരു മാറ്റാനുള്ള തീരുമാനത്തിനു പിന്നിലും ഇതേ രാഷ്ട്രീയ മുതലെടുപ്പാണ് ഉള്ളതെന്നും രാഹുല്‍ ആരോപിച്ചു.

ശബരിമല ക്ഷേത്രത്തിന് അയ്യപ്പക്ഷേത്രമെന്ന പേര് ഔദ്യോഗികമായി നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

എന്നാല്‍, ബുധനാഴ്ച ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കി മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

പേരു മാറ്റിയതിനു പിന്നിലുള്ള രാഷ്ട്രീയം അപകടകരമാണെന്ന് രാഹുല്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്നാക്കി മാറ്റിയതിനു പിന്നിലുള്ളത് അവിശ്വാസികളുടെ അജണ്ടയാണ്.

ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം എന്നാക്കിയാല്‍ വിശ്വാസികള്‍ ജയിക്കുമെന്നും മറിച്ചായാല്‍ അവിശ്വാസികളും രാഷ്ട്രീയക്കാരും ജയിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ പേര് മാറ്റുന്നതിനു പിന്നിലുള്ള കാരണവും രാഹുല്‍ പറയുന്നു. അയ്യപ്പക്ഷേത്രമായാല്‍ ഇപ്പോഴുള്ള രീതികള്‍ പിന്തുടരേണ്ടി വരും. എന്നാല്‍, ധര്‍മ്മശാസ്താക്ഷേത്രമാക്കുകയാണെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ക്ഷേത്രത്തില്‍ കയറാമെന്ന അവസ്ഥയുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.


Keywords: Sabarimala temple, Kerala, Rahul Easwar, Pilgrims



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നു എന്നത് പച്ചക്കള്ളമെന്ന് രാഹുല്‍ ഈശ്വര്‍, പേരു മാറ്റുന്നതിനു പിന്നിലും രാഷ്ട്രീയ മുതലെടുപ്പ്