Search

കടക്കു പുറത്തെന്നു പറയുന്നവര്‍ അറിയുക, അന്തിമവിധി ജനം എഴുതും, കാവലിന് മാധ്യമങ്ങളുമുണ്ടാവും


എസ് ജഗദീഷ് ബാബു

ജനാധിപത്യ സംവിധാനത്തില്‍ അന്തിമവിധി പ്രസ്താവിക്കുന്നത് ജനങ്ങളും അവരുടെ കാവല്‍ക്കാരായ മാധ്യമങ്ങളുമാണ്. ഈ ആത്യന്തികമായ സത്യമാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോക്കൂര്‍, രഞ്ജന്‍ ഗൊഗായ്, കുര്യന്‍ ജോസഫ് എന്നിവര്‍ കഴിഞ്ഞ ദിവസം രാജ്യത്തോടു പറഞ്ഞത്.

'വീ ദി പീപ്പിള്‍ ഒഫ് ഇന്ത്യ' എന്ന് തുടങ്ങുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആദ്യവാചകം ഡോ. അംബേദ്കര്‍ എഴുതിവച്ചതിന്റെ അര്‍ത്ഥവ്യാപ്തിയാണ് സുപ്രീം കോടതി ന്യായാധിപന്മാര്‍ രാജ്യത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചത്.

ചരിത്രം തങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കണമെങ്കില്‍ മനസ്സാക്ഷിയുടെ കോടതിയില്‍ എല്ലാം തുറന്നുപറയണമെന്ന് നിശ്ചയിച്ചുറപ്പിച്ചാണ് തലമുതിര്‍ന്ന ന്യായാധിപന്മാര്‍ ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ആടയാഭരണങ്ങളും അഴിച്ചുവച്ച് സാധാരണ മനുഷ്യരായി പ്രത്യക്ഷപ്പെട്ടത്.

മാധ്യമങ്ങളെ നാടുകടത്തണമെന്ന് പറയുന്ന ലോക പൊലീസായ ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കടക്ക് പുറത്ത് എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായിക്കും കണ്ണു തുറന്നു കാണാനുള്ള അവസരമാണിത്.

പുഴുത്ത പട്ടികളെപ്പോലെ കോടതി മുറികളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ  ചവിട്ടിപ്പുറത്താക്കിയ അഭിഭാഷകര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ജനാധിപത്യ സംവിധാനത്തില്‍ ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡിഷ്യറിയുമല്ല അവസാനവാക്ക്. അന്തിമവിധികര്‍ത്താക്കള്‍ കഴുതകളെന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന ജനങ്ങളും അവരുടെ കാവല്‍പട്ടികളായ മാധ്യമങ്ങളുമാണ്.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഭരണസംവിധാനം തന്നെ അട്ടിമറിക്കപ്പെടും എന്ന ആശങ്ക ഉണ്ടായപ്പോഴാണ് ജസ്റ്റിസുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചത്. വര്‍ഷങ്ങളായി നമ്മുടെ നീതിന്യായ സംവിധാനത്തില്‍ നടന്നുവരുന്ന അഴിമതിയുടേയും പീഡനത്തിന്റേയും മഞ്ഞുമലയുടെ ഒരംശം മാത്രമാണ് പൊട്ടിയിരിക്കുന്നത്.

കാലമേറെയായി പുകഞ്ഞുകൊണ്ടിരിക്കുന്ന നീതിന്യായ സംവിധാനത്തെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് അവര്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള അധികാരം ജനങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നത്.

പറയാതെ പറഞ്ഞുവച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനും നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അതു നേടിക്കൊടുക്കാനുമുള്ള ബാധ്യതയാണ് നാലാം തൂണായ മാധ്യമങ്ങളെ ന്യായാധിപന്മാര്‍ ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്.

Keywords: India, Supreme Court, Cheif Justice of India, S Jagadeesh Babuvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കടക്കു പുറത്തെന്നു പറയുന്നവര്‍ അറിയുക, അന്തിമവിധി ജനം എഴുതും, കാവലിന് മാധ്യമങ്ങളുമുണ്ടാവും