സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് പുറത്തുനില്‍ക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് പുറത്തുനില്‍ക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നു കാട്ടി, അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കുന്നു.
ഇതുസംബന്ധിച്ച സാധ്യത ആരായാനായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സുരേശന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരുമായി കൂടിക്കാഴ്ച നടത്തി.
അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് വീണ്ടും കോടതിയെ സമീപിക്കുന്നത്.
ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിക്കെതിരെ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണെന്നാണ് പൊലീസ് പറയുന്നത്.
കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. പൊലീസ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും പകര്‍പ്പും ദിലീപ് ആവശ്യപ്പെട്ടിരിക്കുകയാണ്.
വീഡിയോ ദൃശ്യങ്ങളിലെ സൂക്ഷ്മശബ്ദങ്ങളെക്കുറിച്ച് ദീലീപ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങള്‍ ദിലീപ് എങ്ങനെ കേട്ടു മനസ്സിലാക്കിയെന്നാണ് പൊലീസ് ചോദിക്കുന്നത്.
ഇതിലെ ശബ്ദങ്ങള്‍ ദിലീപ് കോടതിയില്‍നിന്നു കേട്ടുമനസ്സിലാക്കിയെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. അത്യാധുനിക ലാബിന്റെ സഹായത്തോടെ മാത്രമേ വീഡിയോയിലെ സൂക്ഷ്മ ശബ്ദങ്ങള്‍ തിരിച്ചറിയാനാവൂ എന്നും പ്രോസിക്യൂഷന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതിനര്‍ത്ഥം ദേ പുട്ട് എന്ന കടയുടെ ഉദ്ഘാടനത്തിനെന്നു പറഞ്ഞു ദിലീപ് നടത്തിയ വിദേശയാത്ര ഈ ശബ്ദങ്ങള്‍ പരിശോധിക്കാനായിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പൊലീസ് പറയുന്നു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംശയം ബലപ്പെടുന്നതാണ് ഈ വാദങ്ങളെന്നും പ്രോസിക്യൂഷന് പറയുന്നു.
Keywords: Dileep, Bail, Court, Actress molesting case
COMMENTS