തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇതു സംബന്ധിച്ച ആശങ്കകള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയാല്‍ അന്വേഷിക്കണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ പെട്ടവരാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതെന്നുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ആശങ്ക ഉളവാക്കുന്ന സന്ദേശങ്ങള്‍ തടയാനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മലപ്പുറത്തും ഇത്തരമൊരു വ്യാജ പ്രചാരണം ഉണ്ടായിരുന്നു. അന്ന് ഈ വിവരത്തെ തുടര്‍ന്ന് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു.
അടുത്തിടെയായി ചില വീടുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചതായി വിവരം ലഭിച്ച ഉടന്‍ സംസ്ഥാന പൊലീസ് മേധാവി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും വീടുകളിലാണ് ഇത് ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
COMMENTS