സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : എകെ ശശീന്ദ്രന്റെ മന്ത്രിപദ മോഹങ്ങള്‍ തല്ലിക്കെടുത്തിക്കൊണ്ട്, അവസാന നിമിഷം പരാതിക്കാരി കാലുമാറ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : എകെ ശശീന്ദ്രന്റെ മന്ത്രിപദ മോഹങ്ങള്‍ തല്ലിക്കെടുത്തിക്കൊണ്ട്, അവസാന നിമിഷം പരാതിക്കാരി കാലുമാറിയത് എന്‍സിപിയിലെ തന്നെ എതിര് ചേരിയുടെ നീക്കത്തിന്റെ ഫലമെന്നു സൂചന.എന്‍സിപിയിലെ രണ്ട് എംഎല്‍എമാരായ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും കുടുങ്ങിയിരിക്കെ, ഇനി പാര്‍ട്ടിക്ക് മന്ത്രിക്കസേര കിട്ടാക്കനിയാവുന്ന സ്ഥിതിയായിരിക്കുകയാണ്. ഇതിനിടെ, കെബി ഗണേശ് കുമാറിനെ എന്‍സിപിയിലെത്തിച്ചു മന്ത്രിയാക്കാന്‍ തോമസ് ചാണ്ടി വിഭാഗം ശ്രമിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ ശശീന്ദ്രനു കോടതിയിലുണ്ടായിരിക്കുന്ന തിരിച്ചടി ഓര്ക്കാപ്പുറത്തുള്ളതായിപ്പോയി. കോടതിക്കു പുറത്ത് പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി, മന്ത്രിക്കെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ എല്ലാ ധാരണയുമായിരുന്നതാണ്. പരാതിക്കാരി ഇന്നു ഹര്‍ജി പിന്‍വലിക്കുമെന്നും അതോടെ ശശീന്ദ്രന് വരും ദിവസങ്ങളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാവുമെന്നും പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍, ശശീന്ദ്രന് മന്ത്രിയായി എത്തുന്നതിനെ എന്തു വിലകൊടുത്തും തടയുക എന്ന ലക്ഷ്യത്തിലായിരുന്നു തോമസ് ചാണ്ടി വിഭാഗം. അതിനായി അവര്‍ കരുക്കള്‍ നീക്കുന്നുമുണ്ടായിരുന്നു. അതിന്റെ അവസാനത്തെ കാഴ്ചയായാണ് ഇന്നു കോടതിയിലുണ്ടായിരിക്കുന്ന തിരിച്ചടിയെ വ്യാഖ്യാനിക്കുന്നത്.
ഇതോടെ, കേസ് അനന്തമായി നീളുമെന്നുറപ്പായിട്ടുണ്ട്. കേസ് നീണ്ടാല്‍, മന്ത്രിസ്ഥാനത്തേയ്ക്കു ശശീന്ദ്രനു തിരിച്ചെത്തുക അസാദ്ധ്യമായി മാറും.
ഇതിനിടെ, ഇന്നു തോമസ് ചാണ്ടിക്കെതിരായി സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തതോടെ അദ്ദേഹത്തിന്റെ കാര്യത്തിലും ഏതാണ്ട് തീരുമാനമായി. ചാണ്ടിക്കെതിരേ റിപ്പോര്‍ട്ടു കൊടുത്ത ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയ്ക്കെതിരേ തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ്, അദ്ദേഹം ഭൂമി കൈയേറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
ചാണ്ടിയുടെ കന്പനി ഭൂമി കൈയേറിയെന്നു സ്ഥിരീകരിക്കുന്ന ഉപഗ്രഹരേഖാ ചിത്രങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ വേണമെന്ന ആവശ്യം കളക്ടര്‍ അംഗീകരിച്ചിരുന്നില്ലെന്നു തോമസ് ചാണ്ടി നടത്തിയ വാദവും സര്‍ക്കാര്‍ തള്ളി.
പതിനഞ്ചിന് കളക്ടര്‍ക്കു മുന്‍പാകെ തോമസ് ചാണ്ടി ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഇതോടെ, തോമസ് ചാണ്ടിയും വെട്ടിലായിരിക്കുകയാണ്.
ഫലത്തില്‍, പരസ്പരം പാരവയ്ക്കുക വഴി ആര്‍ക്കും മന്ത്രിക്കസേര കിട്ടാത്ത സ്ഥിതിയായിരിക്കുകയാണ്. ഇനി സാദ്ധ്യതയുണ്ടെങ്കില്‍ അതു ഗണേശ് കുമാറിനാണ്. അദ്ദേഹത്തിന് എന്‍സിപിയില്‍ എത്തുകയും എളുപ്പമല്ല.
COMMENTS