സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചതിനു പിന്നാലെ, ദേശീയ മെഡിക്കല്‍ കമ്മിഷന് ബില്ലിനെതിരേ ഇന്ത്യന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചതിനു പിന്നാലെ, ദേശീയ മെഡിക്കല്‍ കമ്മിഷന് ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി.
ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുകയാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര രോഗികള്‍ക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചാണ് സമരം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നു. ആരോഗ്യമേഖല രാജ്യവ്യാപകമായി നിശ്ചലമായ സ്ഥിതിയാണ്.
സമരമാണെന്നറിയാതെ ആശുപത്രികളില്‍ എത്തിയ രോഗികള്‍ വലഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സിക്കണമെന്ന് കരഞ്ഞപേക്ഷിച്ചപ്പോള്‍ ചികിത്സ നല്കാന് പോയ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ വിലക്കി.
സര്‍ക്കാര്‍ ആശുപത്രികളുടെ മുന്നില്‍ വലിയ ക്യൂ കാണാം. രാവിലെ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിച്ച ശേഷം ജോലിയില്‍ പ്രവേശിക്കുമെന്ന് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ജോലിക്കു കയറിയവരെ മറ്റുള്ളവര്‍ പലേടത്തും പിടിച്ചു പുറത്തിറക്കി.
പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. മെഡിക്കല്‍ വിദ്യാര്‍ഥികളും പണി മുടക്കിയതോടെയാണ് അക്ഷരാര്‍ത്ഥത്തില്‍ രോഗികള്‍ വലഞ്ഞത്.
സ്വകാര്യ ആശുപത്രികളിലും അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
വിവാദനിയമത്തിനുള്ള ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഐഎംഎയുടെ പ്രതിഷേധം.
ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ, യുനാനി വൈദ്യന്മാര്ക്കും അലോപ്പതി ചികിത്സ നടത്താന്‍ അനുമതി നല്കുന്ന ബ്രിഡ്ജ് കോഴ്സിന് രൂപം നല്‍കാനുള്ള ബില്ലിലെ വ്യവസ്ഥയ്ക്കെതിരേയാണ് സമരം.
ഗ്രാമങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനാണ് ഈ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പറയുന്നത്.
ഇതിനിടെ, എംബിബിഎസ് പാസ്സായാലും ചികിത്സയ്ക്കു യോഗ്യത നേടാനായി നെക്സ്റ്റ് പരീക്ഷ എഴുതണമെന്ന നിബന്ധനയ്ക്കെതിരേ സമരത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍.
എന്നാല്‍ മെഡിക്കല്‍ കമ്മീഷന് ബില്ല് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അത് ആരോഗ്യമേഖലയ്ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നന്ദ രാജ്യസഭയില്‍ പറഞ്ഞു.
Keywords: Kerala, Doctor Strike, IMA
COMMENTS