Search

സുപ്രീം കോടതിയിലെ കലാപം അടങ്ങിയില്ലെന്ന് അറ്റോര്‍ണി ജനറല്‍, നേരിട്ട് ഇടപെടാനാവാതെ ബിജെപി നേതൃത്വം, പ്രശ്‌നപരിഹാരത്തിന് പിന്നണിയില്‍ തിരക്കിട്ട ശ്രമം


അഭിനന്ദ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വെളിപ്പെടുത്തിയതോടെ, രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ പിന്നണിയില്‍ ഇടപെടാന്‍ നീക്കമാരംഭിച്ചു.
പ്രത്യക്ഷത്തില്‍ ഇടപെടേണ്ടെന്നു തന്നെയാണ് തീരുമാനം. അതു പരമോന്നത നീതിപീഠത്തെക്കുറിച്ചുള്ള നല്ല ധാരണകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാലാണ് പിന്നണിയിലെ ഇടപെടല്‍ മതിയെന്നു തീരുമാനമെടുത്തിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് മലയാളിയായ കെകെ വേണുഗോപാല്‍ പറഞ്ഞത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ വേണുഗോപാലിന് മിക്കവാറും എല്ലാ ന്യായാധിപന്മാരുമായും നല്ല ബന്ധമാണ്. അദ്ദേഹം തന്നെയാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതും. മറ്റു രാഷ്ട്രീയ നേതാക്കളാരും പ്രത്യക്ഷത്തില്‍ രംഗത്തു വരുന്നില്ല. വേണുഗോപാലിലൂടെയാണ് രാഷ്ട്രീയ നേതൃത്വം പ്രശ്‌നത്തിനു പരിഹാരം തേടുന്നത്.

എന്തുവന്നാലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ തൊട്ടുള്ള കളി വേണ്ടെന്ന നിലപാടിലാണ് രാഷ്ട്രീയ നേതൃത്വം. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടിട്ടുള്ളതിനാലാണ് ബിജെപി നേതൃത്വം നേരിട്ട് ഇടപെടാന്‍ മടിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ലെന്ന് സീനിയര്‍ ജഡ്ജിമാര്‍ ജസ്റ്റിസുമാരായ ജെ. ചെല്ലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലുക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഇക്കഴിഞ്ഞ 12ന് പത്രസമ്മേളനം വിളിച്ചു പറയുകയായിരുന്നു.

അസാധാരണമായ ഈ നടപടി വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണെന്നും ന്യായാധിപന്മാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതിനോടു പക്ഷേ ഭൂരിപക്ഷം പേരും യോജിച്ചിട്ടില്ല. അത്തരം നീക്കങ്ങളിലേക്കു പോയാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്നും അതിനാല്‍ കോടതി തലത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുത്തിരിക്കുന്നത്.

പത്രസമ്മേളനം നടത്തിയവര്‍ക്കുള്ള മുന്നയിപ്പെന്ന നിലയിലാണ് ഇന്നലെ ചീഫ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചത്. അതില്‍ പത്രസമ്മേളനം വിളിച്ച നാല് ന്യായാധിപന്മാരെയും ഒഴിവാക്കിയിരുന്നു.

ഇതിനിടെ, ഇന്നലെ ന്യായാധിപന്മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പത്രസമ്മേളനം വിളിച്ച ന്യായാധിപന്മാര്‍ താരതമ്യേന ജൂനിയര്‍മാരായ തങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് ഇവരുടെ പരാതി. ഇതിനു ജസ്റ്റിസ് ചലമേശ്വര്‍ വിശദീകരണം കൊടുത്തെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്നാണ് അറിയുന്നത്.

പ്രശ്‌നപരിഹാരത്തിന് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയും ശ്രമം നടത്തുന്നുണ്ട്. രാജ്യചരിത്രത്തില്‍ ആദ്യമായാണ് പരമോന്നത നീതിപീഠത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുന്നത്.

Keywords: Supreme Court, CJI, Attorney General, KK Venugopal, BJP


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സുപ്രീം കോടതിയിലെ കലാപം അടങ്ങിയില്ലെന്ന് അറ്റോര്‍ണി ജനറല്‍, നേരിട്ട് ഇടപെടാനാവാതെ ബിജെപി നേതൃത്വം, പ്രശ്‌നപരിഹാരത്തിന് പിന്നണിയില്‍ തിരക്കിട്ട ശ്രമം