Search

തമിഴ് രാഷ്ട്രീയം മാറിമറിയും, ദ്രാവിഡ പാര്‍ട്ടികള്‍ അപ്രസക്തമായേക്കും, വരുന്നത് രജനി യുഗം
ലക്ഷ്മി

ഒടുവില്‍ താരരാജാവ് രജനികാന്ത് മനസ്സുതുറന്നു. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കും. ചെന്നൈ കോടമ്പാക്കത്തെ ആരാധക സംഗമത്തിലാണ് പ്രഖ്യാപനം. ചരിത്ര മുഹൂര്‍ത്തം എന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം എന്നു പറയുന്നതാവും ശരി.

തമിഴ് സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്നു. ദ്രാവിഡ പാര്‍ട്ടികള്‍ സ്വാധീനത്തിനായി ചലച്ചിത്ര താരങ്ങളെ ആശ്രയിക്കുന്നത് കാമരാജിനെ പോലുള്ള തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു.

ദ്രാവിഡ പാര്‍ട്ടിയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ സി. എന്‍.
അണ്ണാദുരൈ ചലച്ചിത്രങ്ങളെ ദ്രാവിഡ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഉപാധിയായി കണ്ടു. അങ്ങനെ ദ്രാവിഡ മുന്നേറ്റ കഴക നേതാക്കളുടെ മുന്‍കൈയില്‍ പുറത്തുവന്ന   ആദ്യ ചിത്രമായിരുന്നു പരാശക്തി.

പില്‍ക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകാംഗങ്ങളായ ശിവാജി ഗണേശനും എസ് എസ് രാജേന്ദ്രയുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. ദ്രാവിഡ സ്വത്വത്തെ മഹത്വവത്കരിച്ച് അവതരിപ്പിച്ച ചിത്രം വന്‍ വിജയമായി.

ദ്രാവിഡ പാര്‍ട്ടികളുടെ മുന്നേറ്റം മുന്‍കൂട്ടി കണ്ട്, ഡിഎംകെയുടെനേതൃത്വത്തില്‍ പുറത്തുവന്ന ചിത്രങ്ങള്‍ക്ക് കര്‍ശനമായ സെന്‍സറിങ്ങാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, അതൊന്നും ഫലവത്തായില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

ദ്രാവിഡ കക്ഷിയില്‍ നിന്ന് തമിഴ്‌നാട് ഭരിച്ച  ഏഴു മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും തമിഴ് സിനിമയില്‍ നിന്നുള്ളവരായിരുന്നു. കരുണാനിധിയും എംജിആരും കരുണാനിധിയും അങ്ങനെ ഭരണത്തിലും കൊടിപാറിച്ചു.

ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ എംജിആര്‍ പിന്നീട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് തമിഴ്‌നാടിന്റെ ഭരണം തുടര്‍ച്ചയായി കയ്യാളിയത്.

പിന്നീട് നിരവധി പേരാണ് വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയത്. വിജയകാന്തും ശരത് കുമാറും ഖുശ്ബുവും റോജയും നെപ്പോളിയനും അടുത്തിടെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചുപരാജയപ്പെട്ട യുവനടന്‍ വിശാല്‍ എന്നിങ്ങനെ പട്ടിക നീളുന്നു.

എന്നാല്‍, ഇവര്‍ക്കൊന്നും എംജിആറിന്റെ താരപരിവേഷവും ആരാധകരുടെ കൂട്ടവും ഉണ്ടായിരുന്നില്ല. ഓരോരോ പോക്കറ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങി.

എന്നാല്‍, എംജിആറിനൊപ്പമോ അതിലുപരിയോ സ്വാധിനമുള്ള താരമാണ് രജനികാന്ത്. അതുകൊണ്ടു തന്നെ തമിഴ് രാഷ്ട്രിയത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാവും രജനിയുടെ രാഷ്ട്രീയ പ്രവേശം.

ദ്രാവിഡ പാര്‍ട്ടികള്‍ വന്‍പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന അവസരത്തില്‍ ക്ലീന്‍ ഇമേജും താരപരിവേഷവുമായി രജനികാന്ത് രാഷ്ട്രിയത്തിലെത്തുന്നത് ഇവരുടെ പ്രസിസന്ധി രൂക്ഷമാക്കിയേക്കും.

തിരിച്ചുവരവ് അസാധ്യമാകും വിധം പരിതാപകരമാണ് തമിഴ്‌നാട്ടില്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അവസ്ഥ. ബിജെപിക്കും കാര്യമായ സ്വാധീനമില്ലെന്ന് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചു. ഈ സാഹചര്യത്തില്‍ രജനിക്ക് തമിഴ് രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്താനായാല്‍ അത്ഭുതപ്പെടാനില്ല.

തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശമായ അവസ്ഥയിലാണ്. അതുമാറ്റാന്‍ ശ്രമിക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിക്കൊണ്ട് രജനി പറഞ്ഞത്.

സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്കു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ഭരണസംവിധാനം മാറ്റണം. മികച്ച ഭരണസംവിധാനം കൊണ്ടുവരാനാണ് ശ്രമം.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തിനു നാണക്കേടുണ്ടാക്കുന്നതാണ്. തമിഴ്‌നാടിനെ നോക്കി ജനങ്ങള്‍ ചിരിക്കുകയാണ്.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം എടുത്തില്ലെങ്കില്‍ താന്‍ കൂടി തമിഴ്‌നാടിനെ താഴ്ത്തിക്കെട്ടുകയാണ്. തന്നെ ആ കുറ്റബോധം വേട്ടയാടുമെന്നും എല്ലാക്കാര്യങ്ങളും മാറ്റണമെന്നും അദ്ദേഹം  പറഞ്ഞു.

തന്റെ രാഷ്ട്രീയം ജാതിമതങ്ങള്‍ക്ക് അതീതമായി ആത്മീയതയില്‍ ഊന്നിയുള്ളതാവും.

മുമ്പ് രാജാക്കന്മാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെയാണ് കൊള്ളയടിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍സ്വന്തം രാജ്യത്തെ കൊള്ളയടിക്കുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു.

ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ നമ്മെ കൊള്ളയടിക്കുന്നു. പാര്‍ട്ടിയുടെ മൂന്നു മന്ത്രങ്ങള്‍സത്യസന്ധത, ജോലി, വളര്‍ച്ച എന്നിവയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Rajanikanth, Politics, Tamil Nadu, Super star
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ തമിഴ് രാഷ്ട്രീയം മാറിമറിയും, ദ്രാവിഡ പാര്‍ട്ടികള്‍ അപ്രസക്തമായേക്കും, വരുന്നത് രജനി യുഗം