പ്രധാനമന്ത്രി നരേന്ദ്രമോഡി പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ നേരിട്ടു കണ്ട് വിവരങ്ങള്‍ ആരായുന്നു സ്വന്തം ലേഖകന...
പ്രധാനമന്ത്രി നരേന്ദ്രമോഡി പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ നേരിട്ടു കണ്ട് വിവരങ്ങള്‍ ആരായുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ നേരിടാനായി കേന്ദ്ര സര്‍ക്കാരിനോട് കേരളം 7340 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടു.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തിലാണ് കേരളം ഈ ആവശ്യമുന്നയിച്ചത്.
അടിയന്തര സഹായമായി 1200 കോടി രൂപ നല്‍കണം. കൂടാതെ, ദീര്‍ഘകാല പാക്കേജായി 7340 കോടി രൂപ നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു കേന്ദ്രം മുന്നറിയിപ്പു കൊടുത്തില്ലെന്ന പരാതിയും കേരളം ആവര്‍ത്തിച്ചു. ഇക്കാര്യവും പരിശോധിക്കാമെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിക്കു മടങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ സദാശിവവും
മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് യാത്രയാക്കുന്നു.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സമീപം
നേരത്തേ പൂന്തുറയിലെത്തിയ മോഡി, അവിടെ കമ്മ്യൂണിറ്റി ഹാളില്‍ ദുരന്തബാധിതരെ കണ്ടു. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കാണാതായവരെ ക്രിസ്മസിനുമുന്പ് തിരിച്ചെത്തിക്കുമെന്നും എല്ലാ സഹായവും തീരവാസികള്‍ക്കു നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പു കൊടുത്തു.
ഇതേസമയം, പ്രധാനമന്ത്രി കേരളത്തില്‍ എത്തിയ വേളയില്‍ തന്നെ ഓഖി ചുഴലിക്കാറ്റ് ദുരിതം നേരിടാന്‍ കേന്ദ്രം കേവലം 325 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. കൊടിയ നാശം നേരിട്ട കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടിയാണ് ഈ തുക.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ചു കൊടുക്കുകയും ചെയ്യും. ദുരന്തം നേരിടാന്‍ തമിഴ്നാടിന് 280 കോടിയും കേരളത്തിന് 76 കോടിയും നേരത്തേ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 325 കോടിയുടെ സഹായം.
COMMENTS