ഇന്‍ഡോര്‍: കൊടുങ്കാറ്റഴിച്ചുവിട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് തിരിച്ചടി കൊടുക്കുമെന്നു പ്രതീതി ജനിപ്പിച്ച ശ്രീലങ്ക അപ്രതീക്ഷിതമായി ത...
ഇന്‍ഡോര്‍: കൊടുങ്കാറ്റഴിച്ചുവിട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് തിരിച്ചടി കൊടുക്കുമെന്നു പ്രതീതി ജനിപ്പിച്ച ശ്രീലങ്ക അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ്, ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം സമ്മാനിച്ചു. ഇതോടെ ട്വന്റി 20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
35 പന്തില്‍ സെഞ്ചുറി തികച്ച് ലോക റെക്കോഡിനൊപ്പമെത്തിയ ക്യാപ്ടന് രോഹിത് ശര്‍മയും നല്ല പിന്തുണ കൊടുത്ത കെ.എല്‍. രാഹുലും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് സ്വപ്നസമാനമായ സ്കോര്‍ സമ്മാനിച്ചത്.
261 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 17.2 ഓവറില്‍ 172 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഇതുതന്നെ.
രോഹിതും രാഹുലും തോളോടുതോള്‍ നിന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 165 റണ്‍സാണ് നേടിയത്. 43 പന്ത് നേരിട്ട രോഹിത് 118 റണ്‍സെടുത്തു പുറത്തായി. ഇതില്‍ 10 റണ്‍സ് മാത്രമാണ് രോഹിത് ഓടിയെടുത്തത്. 10 സിക്സും 12 ഫോറുമാണ് രോഹിതിന്റെ ബാറ്റില്‍ നിന്നു പറന്നത്.
49 പന്തില്‍ അഞ്ചു ഫോറും എട്ടു സിക്സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ധോണി 21 പന്തില്‍ നിന്ന് 28 റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ ലങ്കയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു.
പക്ഷേ, പിന്നീട് 17.2 ഓവറില്‍ 172 റണ്‍സിന് അവര്‍ പുറത്തായി. 2ന് 145 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നായിരുന്നു ലങ്ക കൂപ്പുകുത്തിയത്.
27 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് അവര്‍ തുലച്ചത്. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റുചെയ്യാനിറങ്ങിയില്ല. 77 റണ്‍സെടുത്ത കുശാല്‍ പെരേരയും 47 റണ്‍സെടുത്ത ഉപുല്‍ തരംഗയും മാത്രമാണ് കുറച്ചെങ്കിലും പൊരുതിനോക്കിയത്. ഇന്ത്യക്ക് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് നേടി.
Keywords: India, T20, Cricket, Sports, Rohit Sharma, KL Rahul
COMMENTS