Search

പാര്‍വതിക്കു ബോബി-സഞ്ജയിന്റെ മറുപടി, മനസമാധാനക്കേടിലേക്കു ഞങ്ങളെ തള്ളിയിട്ടതില്‍ വിയോജിക്കുന്നു


കസബ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ച നടി പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ വ്യത്യസ്ത അഭിപ്രായവുമായി തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്.
ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ നോട്ട് ബുക്കാണ് പാര്‍വതിയുടെ ആദ്യ ചിത്രം.

ബോബി-സഞ്ജയിന്റെ കുറിപ്പ് വായിക്കാം:

ആദാമിന്റെ വാരിയെല്ല്

പ്രശ്‌നം കസബയോ പാര്‍വതിയോ പോലുമല്ല. പ്രശ്‌നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്കു പരാതിയില്ല. പക്ഷേ, അത് ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പാചകത്തെ കുറിച്ചും ഭാവിവരനെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങളെ കുറിച്ചുമൊക്കെ പോരെ?

വന്‍ കാര്യങ്ങളെക്കുറിച്ചൊക്കെ പറയേണ്ടിവരുമ്പോള്‍അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി. അതും പോട്ടെ പറഞ്ഞതിനെപ്പറ്റി ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടെ? എത്ര ഉച്ചത്തില്‍ ഞങ്ങള്‍ ആണ്‍സിംഹങ്ങള്‍ അലറിക്കൊണ്ടിരിക്കുന്നു.

മാപ്പ് പറയുന്നില്ലെന്നു മാത്രമല്ല, അതേ ആത്മവിശ്വാസത്തോടെ, അതേ ശക്തിയോടെയുള്ള മറുപടികള്‍ വീണ്ടും വീണ്ടും. ഇല്ല പാര്‍വതി ഞങ്ങള്‍ക്കിതു ശീലമില്ല. പെണ്ണ് എന്നു പറയുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മിനിമം അടക്കവും ഒതുക്കവുമുണ്ട്. പ്രത്യേകിച്ച് ഈ പ്രായത്തില്‍. അതിനപ്പുറത്തുള്ളവരെ ആക്രമിച്ചേ ഞങ്ങള്‍ക്കു ശീലമുള്ളൂ. ആക്രമണമെന്നു പറയുമ്പോള്‍ അത് പല ഘട്ടങ്ങളിലാണ്. ഒന്നി നിങ്ങളാരാണ് ഇതൊക്കെ പറയാന്‍ എന്ന തരത്തിലുള്ളത്. (നീയാരാടി ഇതുപറയാന്‍ എന്നു പരിഭാഷ).

അതില്‍ കുലുങ്ങുന്നില്ലെന്നു കണ്ടാല്‍ അടുത്ത് സ്റ്റെപ്പ് പരിഹാസമാണ്. പണിപ്പെട്ടുണ്ടാക്കുന്ന തമാശകള്‍, ഉപമകള്‍. അവിടെയും അനക്കമില്ലെങ്കില്‍ ഞങ്ങള്‍ മൂന്നാമത്തെ നിലയിലേക്കു പോകും. സ്ത്രീയെ ലൈംഗിക അവയവങ്ങളിലേക്കു ചുരുക്കിയുള്ള ശുദ്ധ ചീത്തവിളിയും വ്യക്തിഹത്യയും. മൂന്നും ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍ സ്ത്രീ ശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണെന്നതാണ് സത്യം. അല്ലാതെ വിയോജിച്ച് ആരോഗ്യകരമായ ചര്‍ച്ചയിലൂടെ എന്നതൊന്നും ഞങ്ങളുടെ അജണ്ടയിലില്ല.

അങ്ങനെയായിരുന്നെങ്കില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളോ അങ്ങനയുള്ള കഥാപാത്രങ്ങളോ ഉണ്ടാവാന്‍ പാടില്ല എന്നാണ് നിങ്ങളുടെപരാമര്‍ശത്തിലുളളതെന്ന് ഞങ്ങള്‍തെറ്റിദ്ധരിക്കില്ലായിരുന്നു. അവ മഹത്വവത്കരിക്കപ്പെടരുത് എന്നാണ് നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് ഞങ്ങള്‍ മനസ്സിലാക്കുമായിരുന്നു.

മലയാളം കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയിലെ പുരുഷകഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു എന്നുതിരിച്ചറിയുന്നിടത്ത് തീരുമായിരുന്നു എല്ലാ പ്രശ്‌നവും. ആ സിനിമയുടെ പേരാണ് ഈ കുറുപ്പിന്റെയും ടൈറ്റില്‍, ആദാമിന്റെ വാരിയെല്ല്.

ഒരു സിനിമമാത്രമാണ് പേരെടുത്ത് പറഞ്ഞതെങ്കിലും അതിലൂടെ അനേകം സിനിമകളെയാണ് പാര്‍വതി നിങ്ങള്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു പക്ഷേ ഞങ്ങള്‍ എഴുതിയവകളടക്കം. എന്തായാലും സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ ഇനി പേനയെടുക്കുമ്പോള്‍ സ്ത്രീയെ അവളുടെ പക്ഷത്തു നിന്നു കൂടി ചിന്തിച്ചിട്ടെഴുതൂ എന്ന ഓര്‍മപ്പെടുത്തലിലേക്ക്, സ്വയം വിശകലനത്തിലേക്ക്, മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിനാല്‍ താങ്കളോട് ഞങ്ങള്‍ വിയോജിക്കുന്നു, വിയോജിക്കുന്നു, വിയോജിക്കുന്നു... 


Keywords: Bobby_sanjay, Kasaba, Parvathy, Cinema


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പാര്‍വതിക്കു ബോബി-സഞ്ജയിന്റെ മറുപടി, മനസമാധാനക്കേടിലേക്കു ഞങ്ങളെ തള്ളിയിട്ടതില്‍ വിയോജിക്കുന്നു