അഹമ്മദാബാദ്: 68 ശതമാനം പോളിംഗ് നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തില്‍ വ്യാപക ക്രമക്കേടു നടന്നതായി കോണ്‍ഗ്രസ് പാര്...
അഹമ്മദാബാദ്: 68 ശതമാനം പോളിംഗ് നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തില്‍ വ്യാപക ക്രമക്കേടു നടന്നതായി കോണ്‍ഗ്രസ് പാര്‍ട്ടി.
തെക്കന്‍ ഗുജറാത്ത്, കച്ച്, സൗരാഷ്ട്ര മേഖലകളിലെ 89 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. 2012ല്‍ 71.3 ശതമാനമായിരുന്ന പോളിംഗാണ് ഇക്കുറി 68 ശതമാനത്തിലേക്ക് താഴ്ന്നത്. റെക്കോഡ് പോളിംഗ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്തുകാരോടു പ്രത്യേകം ആഹ്വാനം ചെയ്തിരുന്നതുമാണ്.
സൂററ്റില്‍ എഴുപതില്‍പ്പരം വോട്ടിംഗ് മെഷീനുകള്‍ കേടായവയായിരുന്നു. ഇതു തിരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. ഒരു മണിക്കൂറിലേറെ ഈ ബൂത്തുകളില്‍ വോട്ടെടുപ്പു തടസ്സപ്പെട്ടു. ഇതോടെ വോട്ടിടാന്‍ വന്ന വലിയൊരു വിഭാഗം തിരികെപ്പോയി. മെഷീനുകള്‍ പിന്നീട് മാറ്റി നല്കി.
വോട്ടിംഗ് യന്ത്രത്തില്‍ ബ്ലൂ ടൂത്ത് സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു.
പോര്‍ബന്ദറിലെ മൂന്നു മുസ്ലിം ഭൂരിപക്ഷ പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ് വാഡിയ ആരോപിച്ചു.
സെല്‍ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോള്‍ ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് ഇസിഒ 105 എന്നായിരുന്നുവെന്നും ഇത് അവിടെയുണ്ടായിരുന്ന വോട്ടിംഗ് മെഷീനായിരുന്നെന്നും മോദ് വാഡിയ പറഞ്ഞു.
തോല്‍വി ഉറപ്പായതിനാല്‍ തിരഞ്ഞടുപ്പ് അട്ടിമറിക്കാനായി കോണ്‍ഗ്രസ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
COMMENTS